Asianet News MalayalamAsianet News Malayalam

'ശ്രദ്ധിച്ച് വോട്ട് ചെയ്യണം, ഇല്ലെങ്കിൽ യുപി കേരളം പോലെയാകും', വിവാദപ്രസ്താവനയുമായി യോഗി

'നിങ്ങളുടെ ഒരു വോട്ട് ഉത്തർപ്രദേശിന്‍റെ ഭാവി നിർണയിക്കും. അല്ലെങ്കിൽ ഉത്തർപ്രദേശ് കശ്മീരും കേരളവും ബംഗാളും പോലെയാകും', എന്ന് യോഗി ആദിത്യനാഥ്. 

Yogi Adityanath Controversial Response About Kerala On First Phase Of UP Polling
Author
Lucknow, First Published Feb 10, 2022, 12:11 PM IST

ദില്ലി/ ലഖ്നൗ: വോട്ടർമാരോട് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്ന വീഡിയോയിൽ കേരളത്തെക്കുറിച്ച് വിവാദപരാമർശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 'തീർച്ചയായും വോട്ട് ചെയ്യൂ, നിർബന്ധമായും ചെയ്യൂ, നിങ്ങളുടെ ഒരു വോട്ട് ഉത്തർപ്രദേശിന്‍റെ ഭാവി നിർണയിക്കും. അല്ലെങ്കിൽ ഉത്തർപ്രദേശ് കശ്മീരും കേരളവും ബംഗാളും പോലെയാകും', എന്നാണ് യുപി ബിജെപിയുടെ ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിൽ യോഗി ആദിത്യനാഥ് പറയുന്നത്. 

വീഡിയോയിൽ യോഗി സംസാരിക്കുന്നതിന്‍റെ ഏകദേശപരിഭാഷ ഇങ്ങനെ: ''പ്രിയപ്പെട്ട യുപിയിലെ വോട്ടർമാരേ, വലിയൊരു തീരുമാനമെടുക്കേണ്ട സമയം വന്നുചേർന്നിരിക്കുന്നു. കഴി‌ഞ്ഞ അഞ്ച് വർഷമായി ബിജെപിയുടെ നേതൃത്വത്തിലുള്ള യുപി സർക്കാർ എന്തെല്ലാം വികസനപ്രവർത്തനങ്ങൾ ചെയ്തുവോ അതെല്ലാം തീർത്തും പ്രതിബദ്ധതയോടെയാണ് ചെയ്തത്. എല്ലാ വാഗ്ദാനങ്ങളും ഞങ്ങൾ പാലിച്ചു. അഭൂതപൂർവമായ പലതും കഴിഞ്ഞ അഞ്ച് വർഷമായി സംഭവിച്ചു. നിങ്ങൾ ബുദ്ധിപൂർവം തീരുമാനമെടുത്തില്ലെങ്കിൽ കഴിഞ്ഞ അഞ്ച് വർഷമായി തുടർന്ന് വരുന്ന എല്ലാ നീക്കങ്ങൾക്കും മേൽ വെള്ളം വീണത് പോലെയാകും. അങ്ങനെ ചെയ്താൽ ഉത്തർപ്രദേശ് കശ്മീരും കേരളവും ബംഗാളുമായി മാറാൻ ഏറെക്കാലമെടുക്കില്ല. നിങ്ങളുടെ ഓരോ വോട്ടും എന്‍റെ കഴിഞ്ഞ അഞ്ച് വർഷത്തെ തപസ്യയ്ക്കുള്ള അംഗീകാരമായി നൽകുക. ഓരോ വോട്ടും അടുത്ത അഞ്ച് വർഷം നിങ്ങൾക്ക് ഭയരഹിതമായി യുപിയിൽ കഴിയാനുള്ള വോട്ടാകട്ടെ. ജയ് ജയ് ശ്രീറാം''.

വീഡിയോ ഇവിടെ: 

എന്നാലിതിനെ പരിഹസിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കം രംഗത്തെത്തി. ''നിതി ആയോഗിന്‍റെ ഏറ്റവും പുതിയ സാമൂഹ്യവികസനസൂചിക അനുസരിച്ച് എല്ലാ മേഖലയിലും കേരളം റാങ്കിംഗിൽ ഏറ്റവും മുന്നിലാണ്. യുപി ഏറ്റവും പിന്നിലും. യുപി കേരളം പോലെയാകണമെങ്കിൽ തീർച്ചയായും ബിജെപിയെ തോൽപ്പിക്കേണ്ടിവരും'', യെച്ചൂരി പരിഹസിച്ചുകൊണ്ട് ട്വിറ്ററിൽ കുറിച്ചു. 

ഏറ്റവും പുതുതായി വിവരം കിട്ടുമ്പോൾ രാവിലെ 11 മണി വരെ യുപിയിൽ 20.03 ശതമാനം പേർ വോട്ട് ചെയ്തുവെന്നാണ് കണക്ക്. ആദ്യഘട്ടത്തില്‍ 58 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. അഭിപ്രായ സര്‍വ്വേകളുടെ പിന്‍ബലത്തില്‍ ഭരണം തുടരുമെന്ന ആത്മവിശ്വാസം ബിജെപി പങ്കുവയ്ക്കുമ്പോള്‍ കര്‍ഷക പ്രതിഷേധത്തിന്‍റെ ആനുകൂല്യത്തില്‍  ഭരണം പിടിക്കാമെന്നാണ് സമാജ്‍വാദി പാര്‍ട്ടി - ആര്‍എല്‍ഡി സഖ്യത്തിന്‍റെ പ്രതീക്ഷ. പ്രിയങ്കാഗാന്ധിയുടെ പ്രചാരണമൊഴിച്ചു നിര്‍ത്തിയാൽ കോണ്‍ഗ്രസ് ചിത്രത്തിലേയില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ പതിനൊന്ന് ജില്ലകളിലെ അന്‍പത്തിയെട്ട് മണ്ഡലങ്ങളാണ് പോളിംഗ് ബൂത്തിലെത്തി ജനവിധിയെഴുതുന്നത്. 2.27 കോടി വോട്ടര്‍മാര്‍ ആദ്യഘട്ടത്തില്‍ വിധി നിർണയിക്കുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് തെരഞ്ഞെടുപ്പ്.

യോഗി മന്ത്രിസഭയിലെ 9 മന്ത്രിമാരുള്‍പ്പടെ മത്സരരംഗത്തുള്ളത് അറുനൂറ്റി പതിനഞ്ച് സ്ഥാനാര്‍ത്ഥികളാണ്. ജാട്ടുകള്‍ നിർണായക ശക്തിയാകുന്ന ഈ ഘട്ടത്തിൽ ഈ വിഭാഗത്തില്‍ നിന്ന് ബിജെപി പതിനേഴ് സ്ഥാനാര്‍ത്ഥികളേയും സമാജ്‍വാദി പാര്‍ട്ടി - ആര്‍എല്‍ഡി സഖ്യം 18 സ്ഥാനാര്‍ത്ഥികളെയും രംഗത്തിറക്കിയിട്ടുണ്ട്. കര്‍ഷകരെ തൃപ്തിപ്പെടുത്താനുള്ള പ്രഖ്യാപനങ്ങളില്‍ മത്സരിച്ചാണ് സമാജ്‍വാദി പാര്‍ട്ടിയും ആര്‍എല്‍ഡിയും പ്രകടന പത്രികകള്‍ പുറത്തിറക്കിയത്.

കര്‍ഷക രോഷം തിരിച്ചടിയായേക്കുമെന്ന കണക്കുകൂട്ടലില്‍ യോഗിയെ മാറ്റി നിര്‍ത്തി അമിത്ഷായാണ് ബിജെപിയുടെ പ്രചാരണത്തില്‍ നിറഞ്ഞു നിന്നത്. കര്‍ഷകരുടെ കേന്ദ്രമായ മുസഫര്‍ നഗർ അടക്കമുള്ള മണ്ഡലങ്ങളില്‍ വീടുവീടാന്തരം കയറിയിറങ്ങി അമിത്ഷാ വോട്ട് തേടിയതിന്‍റെ കാരണവും മറ്റൊന്നല്ല. വെര്‍ച്വല്‍ റാലികളിലൂടെ മാത്രമാണ് പ്രധാനമന്ത്രിയും സംസാരിച്ചത്. കര്‍ഷക രോഷത്തെ മറികടക്കാന്‍ ക്രമസമാധാനവും അക്രമസംഭവങ്ങൾ അടിച്ചമർത്തിയെന്നതും വോട്ടാക്കാൻ ശ്രമിച്ച്, ചർച്ചയാക്കുകയാണ് ബിജെപി.

അതേസമയം കര്‍ഷകരുടെ പിന്തുണ ഉറപ്പിക്കുമ്പോഴും ജാട്ട് സമുദായം പൂര്‍ണ്ണമായും സമാജ്‍വാദി പാര്‍ട്ടി ആര്‍എല്‍ഡി സഖ്യത്തെ പിന്തുണക്കുമോയെന്നതും ചോദ്യമാണ്. ചൗധരി ചരണ്‍ സിംഗിന്‍റെ ചെറുമകന്‍ ജയന്ത് ചൗധരിയോടുള്ളത്ര താല്‍പര്യം ജാട്ടുകള്‍ക്ക് അഖിലേഷ് യാദവിനോടില്ല. മാത്രമല്ല സഖ്യത്തിന്‍റെ സ്ഥാനാർത്ഥി നിര്‍ണ്ണയത്തില്‍ മുസ്ലീം വിഭാഗത്തിന് കാര്യമായ പിന്തുണ നല്‍കിയില്ലെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥി നിർണയത്തിലെ കല്ലുകടി പ്രചാരണ രംഗത്തും സഖ്യം നേരിട്ടിരുന്നതാണ്. 

ഉത്തര്‍പ്രദേശില്‍ വലിയ പ്രതീക്ഷ വച്ച് പുലര്‍ത്തുന്നില്ലെന്നത് വ്യക്തമാക്കുന്നതായി കോണ്‍ഗ്രസിന്‍റെ പ്രചാരണം. അമേത്തിയില്‍ ഒരു ദിവസം പ്രചാരണം നടത്തിയതൊഴിച്ചാല്‍ രാഹുല്‍ ഗാന്ധിയെ ഉത്തര്‍ പ്രദേശില്‍ കണ്ടില്ല. താരപ്രചാരകരുടെ നീണ്ട പട്ടിക പുറത്തിറക്കിയെങ്കിലും പ്രിയങ്കാഗാന്ധി മാത്രമാണ് പ്രചാരണത്തിലുണ്ടായിരുന്നത്. പ്രചാരണരംഗത്ത് ഒടുവിലെത്തിയ ബിഎസ്പി ക്യാമ്പിലും ആത്മവിശ്വാസം പ്രകടമല്ല.

Follow Us:
Download App:
  • android
  • ios