രാഹുല്‍ ഗാന്ധി സംസാരിക്കുന്ന നിയോജക മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍  തോല്‍ക്കുമെന്നും രാഹുല്‍ എന്നാല്‍ തോല്‍വി ഉറപ്പെന്നുമാണ് യോഗി ആദിത്യനാഥ് പറഞ്ഞത്. കോണ്‍ഗ്രസില്‍ നിന്നും പ്രതീക്ഷിക്കാന്‍ ഒന്നുമില്ല. നേതൃത്വനിരയില്‍ കോണ്‍ഗ്രസിന് ആളില്ലെന്നും കോണ്‍ഗ്രസിലുള്ളവര്‍ തന്നെ ഇത് പറയുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. 

ജയ്പൂര്‍: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ തോല്‍വി ഉറപ്പാക്കുന്നതാണ് രാഹുല്‍ ഗാന്ധി നടത്തുന്ന തെരഞ്ഞെടുപ്പ് യോഗങ്ങളെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജസ്ഥാനിലെ രാത്‍നഗര്‍ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. രാഹുല്‍ ഗാന്ധി സംസാരിക്കുന്ന നിയോജക മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തോല്‍ക്കുമെന്നും രാഹുല്‍ എന്നാല്‍ തോല്‍വി ഉറപ്പെന്നുമാണ് യോഗി ആദിത്യനാഥ് പറഞ്ഞത്.

കോണ്‍ഗ്രസില്‍ നിന്നും പ്രതീക്ഷിക്കാന്‍ ഒന്നുമില്ല. നേതൃത്വനിരയില്‍ കോണ്‍ഗ്രസിന് ആളില്ലെന്നും കോണ്‍ഗ്രസിലുള്ളവര്‍ തന്നെ ഇത് പറയുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. മികച്ച ഭരണവും വികസനകുതിപ്പും നടത്തിയ ബിജെപി ഗവണ്‍മെന്‍റിന് സമമായി മറ്റൊന്നുമില്ല. ഉത്തര്‍പ്രദേശില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ കാണാന്‍ സാധിക്കും.

രാജസ്ഥാനിലെ വസുന്ധര രാജേയുടേതും മികച്ച ഭരണമാണ്. മൂന്ന് ലക്ഷത്തിലധികം ആള്‍ക്കാര്‍ക്കാണ് ഗവണ്‍മെന്‍റ് ജോലികള്‍ നല്‍കിയത്. സംസ്ഥാനത്തിന്‍റെ വികസനത്തിനായി മികച്ച പല നടപടികളും വസുന്ധരാ രാജേയുടെ ഗവണ്‍മെന്‍റ് കൈക്കൊണ്ടിട്ടുണ്ടെന്നും ബിജെപിക്ക് എല്ലാവരും വോട്ട് ചെയ്യണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഡിസംബര്‍ ഏഴിനാണ് രാജസ്ഥാനിലെ നിയമസഭാ തെരഞ്ഞെടുപ്പ്.