ഹൈദരാബാദ്: ഉത്തർപ്രദേശിൽ അധികാരത്തിലേറിയ യോഗി സർക്കാർ പ്രമുഖ നഗരങ്ങളുടെ പേരുമാറ്റൽ ചടങ്ങ് നടത്തികൊണ്ടിരിക്കുകയാണ്. വർഗീയ കാർഡിറക്കിയുള്ളതാണ് യോഗിയുടെ നീക്കം എന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തുണ്ടെങ്കിലും പേരുമാറ്റൽ മുറപോലെ നടക്കുകയാണ്. അതിനിടയിലാണ് യോഗി ആദ്യത്യനാഥ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തെലങ്കാനയിലെത്തിയത്.

ഇവിടെയും ഹിന്ദുത്വ അജണ്ടയിൽ ഊന്നിനിന്നുകൊണ്ടായിരുന്നു യോഗിയുടെ പ്രസംഗം. യുപിയിൽ ചെയ്യുന്നതുപോലെ തെലങ്കാനയിലും പ്രമുഖ നഗരങ്ങളുടെ പേര് മാറ്റിത്തരാം എന്ന ഓഫറും ആദിത്യനാഥ് മുന്നോട്ട് വച്ചത്. അതി പ്രശസ്തവും തലസ്ഥാന നഗരവുമായ ഹൈദരാബാദിന്റെ പേരാണ് യോഗിയ്ക്ക് മാറ്റാന്‍ വെമ്പി നില്‍ക്കുന്നത്.

ബിജെപിയെ വോട്ട് ചെയ്ത് വിജയിപ്പിച്ചാൽ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗർ എന്നാക്കി തരാം. ഇന്ത്യയിൽ നടക്കുന്ന ഭീകരാക്രമണങ്ങൾക്ക് പിന്നിൽ ഹൈദരാബാദ് നഗരത്തിന് ബന്ധമുണ്ടെന്ന ആരോപണവും യുപി മുഖ്യൻ ഉന്നയിച്ചു. ഇത് അവസാനിപ്പിക്കണമെങ്കിൽ ബിജെപി അധികാരത്തിലെത്തണമെന്നും യോഗി അഭിപ്രായപ്പെട്ടു.