പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള ബന്ധം തുറന്ന സഖ്യമായി മാറുന്നതില്‍ പാര്‍ട്ടിയില്‍ കടുത്ത ഭിന്നത നിലനില്‌ക്കുമ്പോഴാണ് പിന്നോട്ടില്ലെന്ന സന്ദേശം മുതിര്‍ന്ന നേതാവും പിബി അംഗവും ഇടതുമുന്നണി കണ്‍വീനറുമായ ബിമന്‍ ബോസ് നല്കുന്നത്. മമതാ ബാനര്‍ജിയെ പുറത്താക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി വരികയാണെന്ന വിശദീകരണമാണ് ബിമന്‍ ബോസ് നല്കുന്നത്. ബദല്‍ സര്‍ക്കാരിന് ഇപ്പോള്‍ മമതയെ എതിര്‍ക്കുന്ന പാര്‍ട്ടികളുടെ കൂട്ടുകെട്ട് ആവശ്യമാണെങ്കില്‍ അതിന് തടസ്സമില്ലെന്ന് ബിമന്‍ ബോസ് വ്യക്തമാക്കി. ഇപ്പോള്‍ ഇടതുമുന്നണി പരിപാടി മാത്രമേ നിലവിലുള്ളു എങ്കില്‍ സര്‍ക്കാരിന് പൊതു മിനിമം പരിപാടി ഉണ്ടാക്കും. ആരു ക്ഷണിക്കാതെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇടതുമുന്നണിയുടെ വേദിയില്‍ എത്തുന്നത് എന്നും ബിമന്‍ ബോസ് വ്യക്തമാക്കി. ഇതിനിടെ ഇടതുപക്ഷവുമായി ബംഗാളില്‍ സഹകരണമുണ്ടെന്ന് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിയും സമ്മതിച്ചു. കോണ്‍ഗ്രസുമായി സഹകരണം പാടില്ലെന്ന് മാത്രമല്ല ബൂര്‍ഷ്വാ പ്രാദേശിക പാര്‍ട്ടികളുമായി പോലും കൂട്ടുകൂടരുതെന്നാണ് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച നയരേഖ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ ഇത് പൂര്‍ണ്ണമായും തള്ളുന്നതാണ് ബംഗാള്‍ ഘടകത്തിന്റെ നിലപാട്. എന്തായാലും തെരഞ്ഞെടുപ്പ് കഴിയും വരെ ഇക്കാര്യത്തില്‍ ഇടപെടല്‍ വേണ്ടെന്ന നിലപാടിലാണ് സിപിഎം കേന്ദ്ര നേതൃത്വം.
