ബത്തേരി : ആദിവാസി നേതാവ് സികെ ജാനു രൂപീകരിച്ച പുതിയ രാഷ്‌ട്രീയ പാര്‍ട്ടിയായ ജനാധിപത്യ രാഷ്‌ട്രീയ സഭയുടെ ഔദ്യാഗിക പ്രഖ്യാപനം നടന്നു. ബത്തേരിയില്‍ വളരെ കുറച്ച് പേര്‍ മാത്രം പങ്കെടുത്ത സമ്മേളനത്തില്‍ ഗോത്രാചാരപ്രകാരമുള്ള പൂജകള്‍ക്ക് ശേഷം ജാനു തന്നെയാണ് പ്രഖ്യാപനം നടത്തിയത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ-ബിജെപി സഖ്യവുമായി ചേര്‍ന്ന് മത്സരിക്കുന്നതിനുള്ള ജാനുവിന്റെ തീരുമാനത്തെ ഗോത്രമഹാസഭ എതിര്‍ത്തിരുന്നു. സഭയുടെ എതിര്‍പ്പ് അവഗണിച്ച അവര്‍ തെരഞ്ഞെടുപ്പില്‍ തനിക്കുള്ള പിന്തുണ ഉറപ്പിക്കാന്‍ കൂടിയാണ് പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കിയത് .
എന്‍ഡിഎ ഘടകകക്ഷി മാത്രമായാണ് പുതിയ പാര്‍ട്ടിയെന്നും. സ്വന്തം മുന്നണിയിലാണെങ്കിലും ആദിവാസി ദളിത് വിഷയങ്ങളിലെ നിലപാടുകളില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും സികെ ജാനു പറഞ്ഞു. എന്നാല്‍ ഗോത്ര മഹാസഭയിലും ഊര് വികസന മുന്നണിയിലും തനിക്കൊപ്പം നിന്ന അണികളെ ആകര്‍ഷിക്കുന്ന ആഹ്വാനങ്ങളൊന്നും തന്നെ പ്രഖ്യാപനത്തില്‍ ഉണ്ടായിരുന്നില്ല. തന്നെ പുറത്താക്കുമെന്ന് ഉറപ്പായെങ്കിലും ഊരുമുന്നണിയെക്കുറിച്ചോ ഗോത്ര മഹാസഭയെക്കുറിച്ചോ പ്രസംഗത്തില്‍ പരാമര്‍ശ്ശിച്ചില്ല. മുത്തങ്ങ സമരക്കാരടക്കമുള്ള സഭയുടെ ഭാഗമായ കോളനികളില്‍ പുതിയ പാര്‍ട്ടിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ വിശദീകരിച്ചു പിന്തുണ തേടുകയെന്ന ശ്രമകരമായ ദൗത്യത്തിനാണ് ആദ്യം പ്രാധാന്യം നല്കുകയെന്ന് സികെ ജാനു പറഞ്ഞു. എന്നാല്‍ സംഘടനാ തീരുമാനം ലംഘിച്ച ജാനുവിനോട് രാജി ആവശ്യപ്പെടാന്‍ ആദിവാസി ഗോത്രമഹാസഭ തീരുമാനിച്ചു.
