കഴിഞ്ഞ തെരഞ്ഞടുപ്പില്‍ മാനന്തവാടിയില്‍ പികെ ജയലക്ഷമിക്ക് മുന്പ് തന്നെയാണ് കോണ്‍‍ഗ്രസ് പരിഗണിച്ചിരുന്നതെന്ന് സികെ ജാനു. എന്‍ഡിഎയില്‍ ചേര്‍ന്നെങ്കിലും സംഘപരിവാരിന്റെ ന്യൂനപക്ഷ ദളിത് വിരുദ്ധ നയങ്ങള്‍ക്കെതിരെ തുടര്‍ന്നും പ്രതികരിക്കുമെന്ന് സികെ ജാനു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഫാസിസ്റ്റ് വിരുദ്ധ സംഗമത്തില്‍ പങ്കെടുത്ത ജാനു എങ്ങിനെ സംഘപരിവാര്‍ ക്യാന്പിലെത്തി എന്ന ചോദ്യത്തോടാണ് തന്റെ പഴയ നിലപാടുകള്‍ തുടരുമെന്ന് ജാനു പ്രതികരിച്ചത്.

സുല്‍ത്താന്‍ ബത്തേരിയില്‍ ജയിക്കാനാണ് മല്‍സരിക്കുന്നത്. ബത്തേരിയില്‍ മല്‍സരിക്കാന്‍ ബിജെപി വലിയ വാഗ്ദാനങ്ങള്‍ നല്‍കി എന്ന പ്രചരണം ജാനു നിഷേഝിച്ചു. ആദിവാസി ഗോത്രമഹാസഭയില്‍ ഭിന്നിപ്പില്ല. തനിക്കെതിരെയുള്ള തെറ്റായ പ്രചാരണം വിശ്വസിച്ചാണ് ഇപ്പോള്‍ ഗോത്രമഹാസഭയിലെ പ്റധാനവിഭാഗം മാറി നില്‍ക്കുന്നതെന്നും ജാനു പറഞ്ഞു.