കണ്ണൂര്‍: സെല്‍ഫിക്കാലത്ത് സ്ഥാനാര്‍ത്ഥികള്‍ക്കും അതില്‍നിന്ന് വിട്ടുനില്‍ക്കാനാവില്ല. അതിനാല്‍, ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണ രംഗമാകെ സെല്‍ഫി മയമാണ്. സ്ഥാനാര്‍ത്ഥികളെ ഒപ്പം നിര്‍ത്തി സെല്‍ഫിയെടുക്കാന്‍ വോട്ടര്‍മാരുടെ തിരക്ക്. വോട്ടര്‍മാരെ ചാക്കിലാക്കാന്‍ മൊബൈല്‍ നീട്ടിയെറിയുന്ന സ്ഥാനാര്‍ത്ഥികളുടെ സെല്‍ഫി മിടുക്ക്. 

വോട്ട് പിടിക്കുന്നതിനിടയിലെ വലിയ സമയം സ്ഥാനാര്‍ത്ഥികള്‍ സെല്‍ഫിക്കാര്‍ക്കായി മാറ്റിവെക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിലെ ഒഴിവാക്കാനാകാത്ത കാര്യമായി ഈ ന്യൂ ജന്‍ സെല്‍ഫിയെടുപ്പ് മാറിയിട്ടുണ്ട്. വോട്ടര്‍മാരോട് സെല്‍ഫി വേണ്ടേ എന്ന് സ്ഥാനാര്‍ത്ഥികള്‍ തന്നെ ചോദിക്കുകകയാണിപ്പോള്‍. ഒരു സെല്‍ഫിക്ക് നിന്നാല്‍ ഒരായിരം പേരിലേക്ക് ഗ്രൂപ്പുകള്‍ വഴി പ്രചാരണം എത്തുമെങ്കില്‍ എന്തിന് സെല്‍ഫിക്കാരെ നിരാശരാക്കണമെന്നാണ് സ്ഥാനാര്‍ത്ഥികള്‍ ചോദിക്കുന്നത്.

പൊതുവെ ഗൗരവക്കാരനായാണ് പിണറായി അറിപ്പെടുന്നത്. പക്ഷെ ധര്‍മ്മടത്തെ പ്രചാരണ രംഗത്ത് പിണറായിയും സെല്‍ഫിക്ക് തയ്യാര്‍. പുഴയ തലമുറയിലെ നേതാവ് കടന്നപ്പള്ളി രാമചന്ദ്രനും സെല്‍ഫിക്കായി തയ്യാര്‍. സ്വന്തമായി ക്യാമറ ഫോണുപോലും വാങ്ങാത്ത കടന്നപ്പള്ളി സെല്‍ഫിക്ക് നില്‍ക്കേണ്ട ശരീരഭാഷപോലും പഠിച്ചുകഴിഞ്ഞു.

സതീശന്‍ പാച്ചേനി ദിവസം അഞ്ഞൂറിലേറെ സെല്‍ഫിക്ക് നില്‍ക്കാറുണ്ടത്രെ. സെല്‍ഫിക്കായി കുറച്ച് സമയം ഓരോ കേന്ദ്രത്തിലും നീക്കിവെക്കുന്നുമുണ്ട്. സതീശന് സെല്‍ഫിയെക്കുറിച്ച് പറയാന്‍ നൂറു നാവാണ്. 

നമ്മളിതെത്ര കണ്ടു എന്ന മട്ടിലാണ് ഇ.പി ജയരാജന്റെ സെല്‍ഫി നില്‍പ്പ്. സെല്‍ഫി പ്രചാരണത്തെക്കുറിച്ച് ചോദിച്ചാല്‍ എന്നാല്‍ ഉത്തരം ഒട്ടും സിംപിളല്ല. എന്താണീ സെല്‍ഫി എന്ന് താത്വികമായി തന്നെ പറഞ്ഞു കളയും. ഇ.പിയുടെ സെല്‍ഫി ഫിലോസഫി കേള്‍ക്കാന്‍ ഇതോടൊപ്പമുള്ള വീഡിയോ കാണൂ.