കണ്ണൂര്‍: കണ്ണൂരില്‍ മത്സരരംഗത്ത് ഉറച്ചു നില്‍ക്കുമെന്ന് പ്രഖ്യാപിച്ച വിമതര്‍ക്കെതിരെ നടപടിയുമായി ഡിസിസി നേതൃത്വം.അഴീക്കോട്ടെ വിമതന്‍ പികെ രാഗേഷിനേയും ഇരിക്കൂറിലെ വിമതന്‍ കെആര്‍ അബ്ദുള്‍ഖാദറിനെയുമടക്കം നാലുപേരെ കോണ്‍ഗ്രസ് പുറത്താക്കി.ആറ് വര്‍ഷത്തേക്കാണ് നടപടി.വിമതരുമായി ഇനി ചര്‍ച്ചയില്ലെന്ന് ഡിസിസി നേതൃത്വം ആറിയിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പു മുതല്‍ കോണ്‍ഗ്രസിന്റെ തലവേദനയായിരുന്ന വിമത ശല്യം ഒത്തു തീര്‍പ്പാക്കാന്‍ നിരവധി ചര്‍ച്ചകള്‍ നടന്നെങ്കിലും ഒന്നും ഫലപ്രാപ്തിയില്‍ എത്താത്ത സാഹചര്യത്തിലാണ് നടപടിയുമായി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം രംഗത്ത് വന്നിട്ടുള്ളത്.വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് പികെ രാഗേഷും,ഇരിക്കൂറില്‍ മുന്‍ മണ്ഡലം പ്രസിഡണ്ട് കെആര്‍ അബ്ദുള്‍ഖാദറും വിമതരായി മത്സരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി.ഇവരെ കൂടാതെ രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കളേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്.മുഖ്യമന്ത്രിയടക്കം ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിയിട്ടും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം തുടരുന്ന വിമതരുമായി ഇനി ചര്‍ച്ചയില്ലെന്ന് ഡിസിസി പ്രസിഡണ്ട് കെ സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം പികെ രാഗേഷിന്റ അനുയായിയും നാറാത്ത് പഞ്ചായത്തംഗവുമായിട്ടുള്ള അസീബ് കണ്ണാടിപ്പറമ്പും ഏതാനും പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക് തിരിച്ച് വരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഡിസിസി പ്രസിഡണ്ടിന് കത്ത് നല്‍കിയിട്ടുണ്ട്..ഇനി ചര്‍ച്ചയില്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പികെ രാഗേഷ് വരും ദിവസം തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.