ദുബായ്: ഒരു ഡസന്‍ സ്ഥാനാര്‍ത്ഥികളാണ് കഴിഞ്ഞദിവസം ഗള്‍ഫുനാടുകളില്‍ ലാന്‍റ് ചെയ്തത്. ഇതില്‍ എട്ടും യുഡിഎഫ് പ്രിതിനിധികള്‍. മണ്ഡലത്തിലെ ഒട്ടുമിക്ക ചെറുപ്പക്കാരും പ്രവാസലോകത്തായതിനാല്‍ ഇവരുടെ നിലപാടുകള്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായി പ്രതിഫലിക്കും. അതുകൊണ്ട് തന്നെയാണ് മുമ്പെങ്ങുമില്ലാത്തവിധം സ്ഥാനാര്‍ത്ഥികള്‍ നേരിട്ടുപങ്കെടുത്തുകൊണ്ട് കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിച്ചതും വോട്ടഭ്യര്‍ത്ഥന നടത്തിയതും.

പലര്‍ക്കും വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതു കാരണം വോട്ടുചെയ്യാന്‍ കഴിയില്ലെങ്കിലും കുംടുംബം ആര്‍ക്കുവോട്ടുചെയ്യണമെന്ന് തീരുമാനിക്കുന്നത് പ്രവാസികുടുംബനാഥരാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഗള്‍ഫുകാരന്‍റെ ഒറ്റ കാള്‍ മതി ലീഡ് നില മാറിമറിയാനെന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് വ്യക്തം.

വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ചിട്ടയായ പ്രവര്‍ത്തനമാണ് ഗള്‍ഫില്‍ നടത്തുന്നത്. ജില്ലാ മണ്ഡലം കമ്മറ്റികള്‍ പ്രത്യേക കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കുന്നു. തീപ്പൊരി പ്രാസംഗികരെ നാട്ടില്‍ നിന്നും ഇറക്കുമതി ചെയ്യുന്നു. നാട്ടിലെത്തി വോട്ടുചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിനായി സഹായം ചെയ്യാനുള്ള ആലോചനകളും ഇവിടെ നടക്കുന്നുണ്ട്.