ബിഗ് ബോസ് മലയാളം സീസണ്‍ 7 ഒൻപതാം വാരത്തിലേക്ക് കടന്നു. ജിഷിൻ, അഭിലാഷ് എന്നിവരുടെ പുറത്താകലിന് പിന്നാലെ ഈ ആഴ്ച ഫാമിലി വീക്കിന് തുടക്കമാവുകയാണ്.
ബിഗ് ബോസ് മലയാളം സീസണ്‍ 7 അതിന്‍റെ 9-ാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഒന്‍പതാം വാരത്തിന്‍റെ ആരംഭത്തില്‍ തന്നെ രണ്ട് പ്രധാന മത്സരാര്‍ഥികളുടെ പുറത്താവലിനാണ് പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്. ജിഷിന്‍ മോഹനും അഭിലാഷുമായിരുന്നു അത്. ഇവരുടെ പുറത്താവലിന് പിന്നാലെ തിങ്കളാഴ്ച എപ്പിസോഡില്‍ മത്സരാര്‍ഥികള്‍ക്കും പ്രേക്ഷകര്‍ക്കും മറ്റൊരു സര്‍പ്രൈസും ബിഗ് ബോസ് ഒരുക്കുകയാണ്. സീസണ്‍ 7 ലെ ഫാമിലി വീക്ക് ആരംഭിക്കുകയാണ് ഈ ആഴ്ച. ഹൗസില്‍ നിലവിലുള്ള മത്സരാര്‍ഥികളുടെ കുടുംബങ്ങള്‍ അവരെ കാണാനായി ബിഗ് ബോസിലേക്ക് എത്തുന്ന ആഴ്ചയാണ് ഫാമിലി വീക്ക്. ഇതിന്‍റെ ആദ്യ പ്രൊമോയും ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുണ്ട്.
ഇത് പ്രകാരം ഹൗസിലെ അടുത്ത സുഹൃത്തുക്കളായ അനീഷിന്‍റെയും ഷാനവാസിന്‍റെയും കുടുംബങ്ങളാണ് ആദ്യം എത്തുന്നത്. ഷാനവാസിന്‍റെ ഭാര്യയും മക്കളും അനീഷിന്‍റെ അനുജനും അമ്മയുമാണ് ഫാമിലി വീക്കിന്‍റെ ഭാഗമായി ഹൗസിലേക്ക് എത്തുന്നത് എന്നാണ് പ്രൊമോയിലെ സൂചന. അതേസമയം മത്സരാര്‍ഥികള്‍ക്ക് കുടുംബാംഗങ്ങളെ കാണാന്‍ ടാസ്ക് സംബന്ധമായ ചില കടമ്പകളും ബിഗ് ബോസ് ഒരുക്കുന്നുണ്ട് എന്നാണ് വിവരം. ആഴ്ചകളായി പ്രിയപ്പെട്ടവരില്‍ നിന്ന് വിട്ട് ഏറെ സമ്മര്‍ദ്ദം നിറഞ്ഞ സാഹചര്യത്തില്‍ ജീവിക്കുന്ന മത്സരാര്‍ഥികളെ സംബന്ധിച്ച് ഏറെ പിരിമുറുക്കം അയയ്ക്കുന്ന ആഴ്ചയാണ് ഫാമിലി വീക്ക്. പ്രേക്ഷകര്‍ക്കും നിരവധി രസകരമായ മുഹൂര്‍ത്തങ്ങള്‍ മുന്‍ സീസണുകളിലെ ഫാമിലി വീക്കുകളില്‍ ലഭിച്ചിട്ടുണ്ട്.
പുറത്തെ കാര്യങ്ങള്‍ പറയരുതെന്നാണ് ബിഗ് ബോസിന്‍റെ നിയമമെങ്കിലും ചില ഹിന്‍റുകള്‍ മത്സരാര്‍ഥികളെ കാണാനെത്തുന്ന കുടുംബാംഗങ്ങള്‍ നല്‍കാറുണ്ട്. ഇത് ഡീകോഡ് ചെയ്ത് കളിയില്‍ മാറ്റം വരുത്തുന്ന മത്സരാര്‍ഥികള്‍ക്ക് ബിഗ് ബോസിലെ മുന്നോട്ടുള്ള യാത്രയില്‍ കൂടുതല്‍ സാധ്യതയും ലഭിക്കും. അതേസമയം മത്സരാര്‍ഥികളെ സംബന്ധിച്ച് മുന്നോട്ടുള്ള ആഴ്ചകള്‍ ഏറെ തന്ത്രപ്രധാനമാണ്. പ്രേക്ഷകരുടെ വോട്ടിംഗിനെക്കുറിച്ച് പ്രവചനങ്ങള്‍ അസാധ്യമായ സീസണാണ് ഇത്. കരുത്തരെന്നും ബിഗ് ബോസിന് കോണ്ടെന്‍റ് കൊടുക്കുന്നവരെന്നുമൊക്കെ പ്രേക്ഷകരും സഹമത്സരാര്‍ഥികളും കരുതുന്ന പലരും ഇതിനകം പുറത്തേക്ക് പോയപ്പോള്‍ അത്ര ആക്റ്റീവ് അല്ലെന്ന് കരുതപ്പെടുന്ന പലരും ഹൗസില്‍ തുടരുന്നുമുണ്ട്.
ഇന്നലെ നടന്ന രണ്ട് എവിക്ഷനുകളും മത്സരാര്‍ഥികളെ ഞെട്ടിക്കുന്നതായിരുന്നു. അതിനാല്‍ത്തന്നെ പുറത്ത് പ്രേക്ഷകര്‍ക്കിടയില്‍ തങ്ങള്‍ക്കുള്ള സ്വാധീനത്തെക്കുറിച്ച് നിലവിലെ മത്സരാര്‍ഥികളില്‍ ആശയക്കുഴപ്പവും ഈ എവിക്ഷനുകള്‍ ഉണ്ടാക്കുന്നുണ്ട്.

