ബിഗ് ബോസ് മലയാളം സീസണ്‍ 7-ൽ കാപ്പിപ്പൊടിയെച്ചൊല്ലി അഭിലാഷും ജിഷിനും തമ്മിൽ ഉന്തും തള്ളും, ഇത് സഹമത്സരാർത്ഥികളെയും ബിഗ് ബോസിനെയും ഒരുപോലെ ഞെട്ടിച്ചു. 

ബിഗ് ബോസ് മലയാളം സീസണ്‍ 7 അതിന്‍റെ ഒന്‍പതാം വാരത്തിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ്. ഷോ അതിന്‍റെ പകുതി പിന്നിട്ടതോടെ ഹൗസിലെ മത്സരാവേശം കൂടിയിട്ടുണ്ട്. അതുപോലെ തന്നെ പിരിമുറുക്കവും. മത്സരാര്‍ഥികള്‍ക്കിടയിലെ ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ പോലും വലിയ തര്‍ക്കങ്ങളായി മാറുന്നത് നിലവില്‍ സാധാരണമായിട്ടുണ്ട്. എന്നാല്‍ എത്ര വലിയ തര്‍ക്കങ്ങള്‍ നടന്നാലും അത് ഒരു കൈയാങ്കളിയിലേക്ക് നീങ്ങാന്‍ ബിഗ് ബോസ് സമ്മതിക്കാറില്ല. അത് ബിഗ് ബോസിന്‍റെ അടിസ്ഥാന നിയമങ്ങള്‍ക്ക് എതിരാണ്. എന്നാല്‍ ഇന്ന് നടന്ന ഒരു സംഭവം മത്സരാര്‍ഥികളെയും പ്രേക്ഷകരെയും മാത്രമല്ല ബിഗ് ബോസിനെത്തന്നെ ഞെട്ടിച്ചു.

കാപ്പിപ്പൊടിയെച്ചൊല്ലി അഭിലാഷ് രോഷാകുലമായി സംസാരിക്കുന്നതാണ് പ്രേക്ഷകര്‍ ആദ്യം കണ്ടത്. പലരോടും ചോദിച്ച കൂട്ടത്തില്‍ ആ വിഷയം ജിഷിനോടും അഭിലാഷ് ചോദിക്കുന്നു. സത്യസന്ധമായ വിഷയങ്ങളില്‍ ജിഷിന്‍ ഇങ്ങനെയല്ല സാധാരണ പ്രതികരിക്കാറെന്നും കൂടുതല്‍ പ്രകോപിതനാവാറുണ്ടെന്നും അഭിലാഷിന്‍റെ നിരീക്ഷണം. തൊട്ടുപിന്നാലെ ജിഷിനെ പിടിച്ചു തള്ളുകയും ചെയ്തു അഭിലാഷ്. പിന്നാലെ ഇതേ നാണയത്തില്‍ ജിഷിനും പ്രതികരിച്ചു. ഇതോടെ രണ്ടുപേരും തമ്മില്‍ ഉന്തും തള്ളുമായി. സംഗതി കൈയാങ്കളിയായി മാറിയതോടെ ബിഗ് ബോസ് ഇരുവരെയും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചു.

എന്നാല്‍ അതോടെ അത്ര നേരം കണ്ടുകൊണ്ടിരുന്ന കാര്യത്തിലെ ട്വിസ്റ്റ് വെളിവായി. തങ്ങള്‍ ഒരു പ്രാങ്ക് ആണ് ചെയ്തുകൊണ്ടിരുന്നതെന്ന് ജിഷിനും അഭിലാഷും പറഞ്ഞു. ബിഗ് ബോസ് രഹസ്യമായി ഏല്‍പ്പിച്ചുകൊടുക്കുന്ന പ്രാങ്ക് പല മത്സരാര്‍ഥികളും മുന്‍ സീസണുകളിലും ചെയ്തിട്ടുണ്ട്. എന്നാല്‍ ബിഗ് ബോസിനെപ്പോലും സംശയിപ്പിക്കുന്ന ഒരു കാര്യം പ്രാങ്ക് ആയി ആദ്യമായാണ് മത്സരാര്‍ഥികള്‍ തീരുമാനിച്ച് നടപ്പാക്കുന്നത്. തങ്ങള്‍ക്ക് പ്രാങ്ക് തുടരാമോ എന്ന ഇരുവരുടെയും ചോദ്യത്തിന് തുടരാം എന്നായിരുന്നു ബിഗ് ബോസിന്‍റെ പ്രതികരണം.

അതേസമയം ഇന്ന് ഹൗസില്‍ നിന്ന് എവിക്ഷനൊന്നും ഉണ്ടായില്ല. 11 മത്സരാര്‍ഥികളാണ് ഇക്കുറി നോമിനേഷന്‍ ലിസ്റ്റില്‍ ഉള്ളത്. ഇതില്‍ ആരൊക്കെ പുറത്താവുമെന്ന് നാളെ അറിയാം. മോഹന്‍ലാലിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം ലഭിച്ചതിന് ശേഷം ചിത്രീകരിച്ച വാരാന്ത്യ എപ്പിസോഡ് ആയിരുന്നു ഇന്നത്തേത്. അതിനാല്‍ത്തന്നെ മോഹന്‍ലാലിനുള്ള ആദരം എന്ന നിലയിലായിരുന്നു ഇന്നത്തെ എപ്പിസോഡ്. മത്സരാര്‍ഥികള്‍ തങ്ങളുടെ മോഹന്‍ലാല്‍ അനുഭവങ്ങള്‍ പങ്കുവച്ച എപ്പിസോഡില്‍ മോഹന്‍ലാല്‍ തനിക്കുള്ള നന്ദിയും പങ്കുവച്ചു.

Asianet News Live | Malayalam News Live | Kerala News | Breaking News Live | Actor Vijay Rally | TVK