ബിഗ് ബോസ് മലയാളം സീസണ്‍ 7 ഒന്‍പതാം വാരത്തില്‍ ഇരട്ട എവിക്ഷന്‍. ജിഷിന് പിന്നാലെ മറ്റൊരാള്‍ കൂടി പുറത്തേക്ക്

ബിഗ് ബോസ് മലയാളം സീസണ്‍ 7 ഒന്‍പതാം വാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ രണ്ട് പ്രധാന മത്സരാര്‍ഥികള്‍ പുറത്തേക്ക്. 11 പേരാണ് ഇക്കുറി നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ലക്ഷ്മി, അനീഷ്, ഷാനവാസ്, ആര്യന്‍, ബിന്നി, ജിഷിന്‍, ആദില, അഭിലാഷ്, അക്ബര്‍, ജിസൈല്‍, സാബുമാന്‍ എന്നിവരാണ് ഇത്തവണത്തെ നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. അവരെ രണ്ടായി തരം തിരിച്ചുകൊണ്ടാണ് ഓരോ ഗ്രൂപ്പില്‍ നിന്ന് ഓരോ എവിക്ഷന്‍ ബിഗ് ബോസ് പ്രഖ്യാപിച്ചത്. ഒന്ന് സ്പൈക്കുട്ടനിലൂടെ കത്ത് ഹൗസിലേക്ക് എത്തിച്ചും രണ്ട് ഒരു ടാസ്കിലൂടെയുമായിരുന്നു ബിഗ് ബോസിന്‍റെ പ്രഖ്യാപനം. നോമിനേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ ആദ്യ ഗ്രൂപ്പില്‍ ലക്ഷ്മി, അനീഷ്, ഷാനവാസ്, ആര്യന്‍, ബിന്നി, ജിഷിന്‍ എന്നിവരാണ് ഉണ്ടായിരുന്നത്. ഇതില്‍ നിന്ന് ജിഷിന്‍ പുറത്തായി.

രണ്ടാമത്തെ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട ആദില, അഭിലാഷ്, അക്ബര്‍, ജിസൈല്‍, സാബുമാന്‍ എന്നിവരോട് ആക്റ്റിവിറ്റി ഏരിയയിലേക്ക് പോകാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെടുകയായിരുന്നു. അഞ്ച് പേര്‍ക്കും മുന്നിലായി അവരുടേതായ നിരകളില്‍ നാല് പെട്ടികള്‍ വച്ചിരുന്നു. ബിഗ് ബോസ് പറയുമ്പോള്‍ മത്സരാര്‍ഥികള്‍ മുന്നോട്ട് ചാടേണ്ടിയിരുന്നു. ചാടുമ്പോള്‍ ആരുടെ പെട്ടികളാണോ തകരുന്നത് അവര്‍ സേവ്ഡ് ആവുമായിരുന്നു. ഇത് പ്രകാരം ആദ്യം സേവ് ആയത് ജിസൈല്‍ ആയിരുന്നു. പിന്നീട് ആദിലയും അക്ബറും സേവ്ഡ് ആയി. അഭിലാഷും സാബുമാനും മാത്രമാണ് അവശേഷിച്ചത്. ബിഗ് ബോസിന്‍റെ അടുത്ത അനൗണ്‍സ്മെന്‍റില്‍ ഇവര്‍ ചാടിയപ്പോള്‍ സാബുമാന്‍റെ പെട്ടി തകര്‍ന്നു. അതേസമയം ഈ സീസണിലെ കരുത്തനായ മത്സരാര്‍ഥികളില്‍ ഒരാളായ അഭിലാഷിന്‍റെ പെട്ടി തകര്‍ന്നുമില്ല. അങ്ങനെ പുറത്താകുന്നത് അഭിലാഷ് ആണെന്ന് ഉറപ്പിച്ചു.

അതേസമയം അഭിലാഷിന്‍റെ പുറത്താവല്‍ സഹമത്സരാര്‍ഥികളില്‍ വലിയ അമ്പരപ്പാണ് സൃഷ്ടിച്ചത്. ആക്റ്റിവിറ്റി ഏരിയയിലെ മത്സരം കണ്ടുകൊണ്ടിരുന്ന സഹമത്സരാര്‍ഥികളുടെ ഞെട്ടല്‍ ശബ്ദങ്ങളായി പ്രേക്ഷകരും കേട്ടു. എല്ലാവരോടും വൈകാരികമായി യാത്ര പറഞ്ഞുകൊണ്ടാണ് അഭിലാഷ് ഹൗസിന് പുറത്തേക്ക് നടന്നത്. സഹമത്സരാര്‍ഥികളില്‍ അഭിലാഷിന്‍റെ പുറത്താവലില്‍ ഏറ്റവും സങ്കടപ്പെട്ടത് ഒനീല്‍ ആയിരുന്നു. എന്നാല്‍ ഒരു മത്സരാര്‍ഥി എന്ന നിലയില്‍ അഭിലാഷ് തന്‍റെ കഴിവ് പൂര്‍ണ്ണമായും വിനിയോഗിക്കുന്നില്ലെന്ന് സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ഏതാനും വാരങ്ങളായി ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. പുറത്തായെങ്കിലും എട്ട് ആഴ്ചകള്‍ ബിഗ് ബോസില്‍ നില്‍ക്കാനായി എന്നത് അഭിലാഷിനെ സംബന്ധിച്ച് നേട്ടമാണ്.

Asianet News Live | Malayalam News Live | Kerala News | Breaking News Live | Actor Vijay Rally | TVK