നാടകീയമായി ബിഗ് ബോസിന്‍റെ പ്രഖ്യാപനം

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഏറ്റവും പുതിയ എവിക്ഷന്‍ പ്രഖ്യാപിച്ചു. പവര്‍ ടീമും ക്യാപ്റ്റനുമൊഴികെ അവശേഷിക്കുന്ന മുഴുവന്‍ മത്സരാര്‍ഥികളും ഇടംപിടിച്ച ജമ്പോ നോമിനേഷന്‍ ലിസ്റ്റ് ആയിരുന്നു ഇത്തവണ. ഇതില്‍ ആറ് പേര്‍ ഒഴികെ മറ്റുള്ളവര്‍ സേവ് ആണെന്ന് മോഹന്‍ലാല്‍ ശനിയാഴ്ച തന്നെ പ്രഖ്യാപിച്ചിരുന്നു. ആറ് പേരില്‍ ഒരാള്‍ ഇന്ന് പുറത്തായി. സീസണ്‍ 6 ന്‍റെ 50-ാം ദിവസമാണ് ഈ എവിക്ഷന്‍ എന്നതും കൗതുകകരമാണ്.

നോമിനേഷന്‍ ലിസ്റ്റില്‍ അവശേഷിച്ചിരുന്ന സായ് കൃഷ്ണ, നന്ദന, അഭിഷേക് ജയദീപ്, അപ്സര, ജിന്‍റോ, ജാസ്മിന്‍ എന്നിവരോട് ഗാര്‍ഡന്‍ ഏരിയയിലേക്ക് പോകാന്‍ ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് പവര്‍ ടീമിനോട് ഓരോ ക്യൂ കാര്‍ഡ് നോക്കി ആരുടെ പേരാണോ എഴുതിയിരിക്കുന്നത് അവരെ ഹാരമണിയിച്ച് ആനയിച്ച് ഹൗസിലേക്ക് മടക്കിക്കൊണ്ടുവരാനും ആവശ്യപ്പെട്ടു. അവര്‍ സേവ് ആവുമെന്നും ബിഗ് ബോസ് അറിയിച്ചു. ഇത്തരത്തില്‍ പവര്‍ ടീമില്‍ നിന്നും ആദ്യം മാല ലഭിച്ചത് സായ് കൃഷ്ണയ്ക്ക് ആണ്. പിന്നീട് നന്ദന, അപ്സര, ജിന്‍റോ എന്നിവര്‍ക്കും മാല ലഭിച്ചു. 

അവശേഷിച്ചത് ജാസ്മിനും അഭിഷേക് ജയദീപും മാത്രമാണ്. രണ്ട് പേര്‍ക്കായി ഒരു ക്യൂ കാര്‍ഡ് മാത്രമാണ് അവശേഷിക്കുന്നതെന്നും ഒരാള്‍ പുറത്താവുമെന്നും ബിഗ് ബോസിന്‍റെ അനൗണ്‍സ്‍മെന്‍റ് പിന്നാലെ എത്തി. അവസാനമായി അണിയിക്കേണ്ട മാല ഗബ്രിയാണ് കൊണ്ടുവന്നത്. അത് ജാസ്മിനെ അണിയിക്കുകയും ചെയ്തു. അങ്ങനെ അഭിഷേക് ജയദീപ് ആണ് ഈ വാരം പുറത്താവുന്നത് എന്ന കാര്യത്തില്‍ തീരുമാനമായി. വൈല്‍ഡ് കാര്‍ഡ് ആയി വന്ന ആറ് മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു അഭിഷേക് ജയദീപ്. അതേസമയം രണ്ടാം പകുതിയിലേക്ക് എത്തിയതോടെ ഈ സീസണില്‍ ഇനി ആവേശകരമായ ദിനങ്ങളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. 

ALSO READ : ആത്തിഫ് അസ്‌ലം ഷെയ്ന്‍ നിഗം ചിത്രം 'ഹാലി'ലൂടെ മലയാളത്തിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം