ബിഗ് ബോസ് സീസൺ 7 ൽ നിന്ന് ആദ്യം പുറത്തായ മുൻഷി രഞ്ജിത്ത് തന്റെ അനുഭവങ്ങൾ പങ്കുവെച്ചു. കുടുംബത്തെക്കുറിച്ചും, ഭാര്യയുമായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു. ബാല്യകാലത്തെ സന്തോഷകരമല്ലാത്ത ഓർമ്മകളും അദ്ദേഹം പങ്കുവെച്ചു.
ബിഗ് ബോസ് ഷോ മലയാളം സീസണ്‍ ഏഴില്‍ നിന്ന് ആദ്യമായി എവിക്ട് ആയ മത്സരാര്‍ഥിയാണ് പ്രശസ്‍ത മിമിക്രി കലാകാരനും അഭിനേതാവുമായ മുൻഷി രഞ്‍ജിത്ത്. ബിഗ്ബോസിൽ നിന്നും പുറത്തു വന്നതിനു ശേഷം മുൻഷ് രഞ്‍ജിത്ത് നൽകിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്.
''നെഞ്ച് വിരിച്ചാണ് ഞാൻ നിൽക്കുന്നത്. പരാജിതനാണെന്ന് ഞാൻ കരുതുന്നില്ല. ഒരു നല്ല കളിക്കാരന് എപ്പോഴും പന്ത് കിട്ടും എന്നാണ് ഞാൻ പറഞ്ഞിരുന്നത്. എന്നാൽ സ്റ്റാർട്ടിംഗ് പോയിന്റിൽ തന്നെ പുറത്തായി. എനിക്കൊരു പ്ലാനും ഉണ്ടായിരുന്നില്ല. ഏത് സമയത്തും എവിടെ നിന്നും അമ്പ് വരുമെന്ന് പ്രതീക്ഷിക്കണം. എവിടേയ്ക്ക് അമ്പ് കൊടുക്കണം എന്ന് കൂർമ ബുദ്ധിയിൽ പ്രതീക്ഷിക്കണം. കിച്ചൺ ടീമിലായതിനാൽ എല്ലാവർക്കും ഭക്ഷണം കൊടുക്കുകയും വേണം', ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മുൻഷ് രഞ്ജിത്ത് പറഞ്ഞു.
കുടുംബത്തെക്കുറിച്ചും മുൻഷി രഞ്ജിത്ത് അഭിമുഖത്തിൽ സംസാരിച്ചു. ഇപ്പോൾ ഭാര്യ തന്നോടൊപ്പമല്ല എന്നും രഞ്ജിത്ത് തുറന്നു പറഞ്ഞു. ''ഭാര്യ ഇപ്പോൾ എന്ത് ചെയ്യുന്നു എന്നെനിക്ക് അറിയില്ല. അവർ തൽക്കാലം എന്റെ കൂടെയില്ല. വിവാഹം കഴിച്ച് കുറച്ച് വർഷങ്ങൾ ഞാനും ഭാര്യയും ഒരുമിച്ച് ഉണ്ടായിരുന്നു. അവർ അവരുടെ ശരികളിലാണിപ്പോൾ. ഞാൻ എന്റെ ശരികളിലും. ഇതിൽ ആരുടെ ശരിയാണ് യഥാർത്ഥ ശരി ആണെന്നത് എവിടെയോ കിടക്കുന്നു.
രണ്ട് കുട്ടികളുണ്ട്. ഒരു മകനും മകളും. മകൾ 9-ാം ക്ലാസിൽ പഠിക്കുന്നു. ഇതൊക്കെയാണ് കുടുംബത്തെക്കുറിച്ച് എനിക്ക് പറയാനുള്ളത്'', മുൻഷി രഞ്ജിത്ത് അഭിമുഖത്തിൽ പറഞ്ഞു. ബാല്യം നഷ്ടപ്പെട്ടൊരു മനുഷ്യനാണ് താനെന്നും സന്തോഷകരമായ ഒരു കുട്ടിക്കാലം ഉണ്ടായിട്ടില്ലെന്നും മുൻഷി രഞ്ജിത്ത് കൂട്ടിച്ചേർത്തു.


