നടിയും 2014-ലെ മിസ് കേരള ജേതാവുമായ ഗായത്രി സുരേഷ്, ബിഗ് ബോസ് മലയാളം സീസൺ എട്ടിലെ ഒരു മത്സരാർത്ഥിയായി ഇപ്പോൾ എത്തിയിരിക്കുന്നു. അഭിമുഖങ്ങളിലെ തുറന്നുപറച്ചിലുകളുടെ പേരിൽ സാമൂഹിക മാധ്യമങ്ങളിൽ നിരന്തരം ട്രോളുകൾ നേരിടുന്ന വ്യക്തി കൂടിയാണ് ഗായത്രി.
ഗായത്രി സുരേഷ്. മലയാള ചലച്ചിത്ര നടിയും മോഡലുമായ ഗായത്രി സുരേഷ് ബിഗ് ബോസ് മലയാളം സീസൺ എട്ടിൽ മത്സരാർത്ഥിയായി എത്തിയിരിക്കുകയാണ്. 2014-ലെ ഫെമിന മിസ് കേരള സൗന്ദര്യ മത്സരത്തിൽ വിജയകിരീടം നേടിയ ഗായത്രി സുരേഷ് 2015-ൽ പുറത്തിറങ്ങിയ 'ജമ്‌ന പ്യാരി' എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്.
ജമ്‌ന പ്യാരിയ്ക്ക് പുറമേ ,ഒരേ മുഖം ,ഒരു മെക്സിക്കൻ അപാരത, നാം ,കലാ വിപ്ലവം പ്രണയം , എസ്കേപ്പ് ,തയ്യൽ മെഷീൻ ,മധുരമീ ജീവിതം എന്നീ മലയാള ചിത്രങ്ങളിലും ഗായത്രി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ 'നേനു ലേനി നാ പ്രേമ കഥ', 'മായാഗാഡു' തുടങ്ങിയ തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനുപുറമെ നല്ലൊരു നർത്തകിയും , ഗായികയും, പെറ്റ് ലവറും കൂടിയാണ് ഗായത്രി സുരേഷ്. 'എസ്കേപ്പ്' എന്ന ചിത്രത്തിലൂടെ ജാസ്സി ഗിഫ്റ്റിനൊപ്പം പാടിക്കൊണ്ട് ഗായത്രി പിന്നണി ഗായികയായും അരങ്ങേറ്റം കുറിച്ചിരുന്നു.
സോഷ്യൽ മീഡിയയിലെ തൻ്റെ അഭിമുഖങ്ങളിലൂടെയും തുറന്നുപറച്ചിലുകളിലൂടെയും പലപ്പോഴും ട്രോളുകളിലും വാർത്തകളിലും ഇടം നേടാറുള്ള വ്യക്തി കൂടിയാണ് ഗായത്രി. നടൻ പ്രണവ് മോഹൻലാലിനെ തനിക്ക് വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്ന് ഗായത്രി പല അഭിമുഖങ്ങളിലും ആവർത്തിച്ചു പറഞ്ഞത് ട്രോളുകളിൽ നിറഞ്ഞുനിന്നിരുന്നു. ഇക്കാര്യം ഹൗസിനകത്തും ഒരുപക്ഷേ ചർച്ചയായേക്കാം. അവതാരകനായി മോഹൻലാൽ തന്നെ എത്തുന്ന ഷോയിൽ അദ്ദേഹത്തിന്റെ മകനോടുള്ള ക്രഷ് ചർച്ചയായാൽ അത് വൻ വൈറൽ കണ്ടന്റ് ആവുമെന്ന കാര്യത്തിൽ തർക്കമില്ല. ട്രോളുകൾക്കും കുറവൊന്നും കാണില്ല.
അതേസമയം ട്രോളുകൾ ആളുകളുടെ മാനസികാവസ്ഥയെ ബാധിക്കുന്നു എന്ന് കാണിച്ച്, മുൻ കേരള മുഖ്യമന്ത്രിയോട് ട്രോളുകൾ നിരോധിക്കണമെന്ന് ലൈവ് വീഡിയോയിലൂടെ ഗായത്രി ആവശ്യപ്പെട്ടിരുന്നു. ഈ വീഡിയോയ്ക്ക് പിന്നാലെ ട്രോളന്മാർ താരത്തെ കൂടുതൽ ട്രോളാൻ തുടങ്ങിയിരുന്നു. ഇക്കഴിഞ്ഞ ലോകകപ്പിൽ റൊണാൾഡോ ബ്രസീൽ പ്ലയെർ ആണെന്ന ഗായത്രിയുടെ പരാമർശവും വമ്പൻ ട്രോളായി വന്നിരുന്നു. 'നേനു ലേനി നാ പ്രേമ കഥ' എന്ന തെലുങ്ക് ചിത്രത്തിൽ താരം പ്രായമായ അമ്മച്ചിയുടെ വേഷം ചെയ്തതും ട്രോളന്മാർ ആഘോഷമാക്കിയിരുന്നു. താരത്തിന്റെ തനതായ തൃശൂർ സംസാര ശൈലിയും ചിലപ്പോഴെല്ലാം ട്രോളുകളിൽ ഇടം നേടിയിട്ടുണ്ട്.
തുടക്കം മുതൽക്കുള്ള ബിഗ് ബോസ് സീസൺ എട്ടിൽ പങ്കെടുക്കുന്ന മത്സരാർത്ഥികളെക്കുറിച്ചുള്ള പ്രെഡിക്ഷൻ ലിസ്റ്റിൽ ഗായത്രി സുരേഷിന്റെ പേര് ഉണ്ടായിരുന്നില്ല. എന്തായാലും ഹൗസിനകത്തെ പെർഫോമൻസും ടാസ്കുകളിലെ വിജയവും പ്രേക്ഷക പിന്തുണയുമെല്ലാം കണക്കിലെടുത്താവും ഗായത്രി സുരേഷിന്റെ ഹൗസിലെ ജൈത്രയാത്ര. മലയാളി പ്രേക്ഷകർക്കിടയിലെ സുപരിചിത മുഖമെന്ന രീതിയിൽ വലിയ പിന്തുണലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഗായത്രി സുരേഷ് ബിഗ് ബോസ് ഹൗസിൽ എത്തിയിരിക്കുന്നത്. എത്രനാൾ താരത്തിന് ഹൗസിൽ തുടരാനാവും എന്ന് വരും ദിവസങ്ങളിലെ പെർഫോമൻസ് വെച്ച് വിലയിരുത്താം.

