പട്ടായ ഗേള്‍സ് വീണ്ടും ഒന്നിച്ചു.
ബിഗ് ബോസ് സീസൺ 7 ലെ അടുത്ത സുഹൃത്തുക്കളായിരുന്നു അനുമോളും ആദിലയും നൂറയും. പട്ടായ ഗേൾസ് എന്നാണ് ഇവരുടെ ഗ്യാങ്ങ് അറിയപ്പെട്ടിരുന്നത്. എന്നാൽ ഫിനാലെയോട് അടുക്കുന്നതിനിടെ മൂവരുടെയും ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ഫിനാലെ വീക്കിൽ എവിക്ട് ആവുന്നതിന് മുൻപ് ആദില വെളിപ്പെടുത്തിയ കാര്യങ്ങളാണ് അനുമോളുമായുള്ള ബന്ധം വഷളാക്കിയത്. അനുമോൾ തനിക്ക് ഒരു നമ്പർ നൽകിയെന്നും ഇതിൽ വിളിച്ച് അക്ബറിനെതിരെ പ്രവർത്തിക്കാൻ പറയണം എന്ന് പറഞ്ഞെന്നുമാണ് ആദില വെളിപ്പെടുത്തിയത്. ഇതെല്ലാം അനു നിഷേധിക്കുകയും ചെയ്തിരുന്നു. തനിക്ക് സുഖപ്പെടാൻ സമയം വേണം എന്നാണ് ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം അനുമോൾ പറഞ്ഞിരുന്നത്. ഇപ്പോഴിതാ മൂവരും ഒന്നിച്ചെത്തിയ ചിത്രങ്ങൾ സ്നേഹത്തോടെ ഏറ്റെടുത്തിരിക്കുകയാണ് ഇവരുടെ ആരാധകർ.
ഷിയാസ് കരീമാണ് ആദിലക്കും നൂറക്കും അനുമോൾക്കും ഒപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. 'ബിഗ്ബോസ് സീസൺ 7 ലെ മൂന്ന് രാജകുമാരികൾ' എന്ന ക്യാപ്ഷനോടെയാണ് ഷിയാസ് ചിത്രങ്ങൾ പങ്കുവെച്ചത്. ബിഗ്ബോസിൽ ഇവരുടെ സഹതാരങ്ങളായിരുന്ന റെന ഫാത്തിമയും അഭിലാഷും മസ്താനിയും അനുമോളുടെ ഉറ്റസുഹൃത്തും നടിയുമായ ആതിര മാധവും ഉൾപ്പെടെ നിരവധിപ്പേർ പോസ്റ്റിനു താഴെ സ്നേഹം അറിയിച്ചെത്തുന്നുണ്ട്.
''ശരിയാണ് ഫാൻ ഫൈറ്റിന്റെ ഇടയിൽ പരസ്പരം ചെളി വാരി അറിഞ്ഞിട്ടുണ്ട്. പക്ഷേ ഇങ്ങനെ മൂന്നുപേരെയും ഒരുമിച്ച് കാണുമ്പോ എന്തോ കണ്ണ് നിറയുന്നുണ്ടോ എന്നൊരു സംശയം'', എന്നാണ് പോസ്റ്റിനു താഴെ ഇവരുടെ ആരാധകരിലൊരാൾ കമന്റ് ചെയ്തിരിക്കുന്നത്. ''സൗഹൃദം അങ്ങനെയാണ്. എത്രയൊക്കെ അകന്നു നിന്നാലും.. പിണങ്ങിയാലും ഒന്നിക്കുക തന്നെ ചെയ്യും'', എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്. ''ഉള്ളിൽ സ്നേഹം ഉണ്ടേൽ അത് സത്യം ആണെങ്കിൽ അധികകാലം ഒന്നും മിണ്ടാതെ ഇരിക്കാൻ പറ്റത്തില്ല കുറച്ചു നാളുകൾ ആയി ആഗ്രഹിച്ച ചിത്രം'', എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്.
