അഞ്ചാം വാരം ആരംഭിക്കുമ്പോഴേക്ക് അഞ്ച് വൈല്‍ഡ് കാര്‍ഡുകളെയാണ് ബിഗ് ബോസ് അകത്തേക്ക് കയറ്റി വിട്ടിരിക്കുന്നത്

ബിഗ് ബോസ് മലയാളം സീസണ്‍ 7 ലേക്ക് മറ്റൊരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രി കൂടി. കോണ്ടെന്‍റ് ക്രിയേറ്ററും ഫുഡ് വ്ലോഗറും ഡാന്‍സറും ഒക്കെയായ ആകാശ് സാബുവാണ് സീസണ്‍ 7 ലെ പുതിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി. സാബുമാന്‍ എന്നാണ് ആകാശിന്‍റെ യുട്യൂബ് ചാനലിന്‍റെ പേര്. എന്നാല്‍ ഭക്ഷണത്തിനൊപ്പം പലവക ഉള്ളടക്കങ്ങളും ഈ ചാനലില്‍ ഉണ്ട്. റെസിപ്പി പരീക്ഷണങ്ങള്‍, ഫുഡ് ചലഞ്ചുകള്‍ തുടങ്ങി കോമഡി സ്കിറ്റുകള്‍ വരെ ചെയ്യുന്നുണ്ട് ആകാശ് സാബു. എന്നാല്‍ യുട്യൂബിനേക്കാള്‍ ഇദ്ദേഹത്തിന് ഫോളോവേഴ്സ് ഉള്ളത് ഇന്‍സ്റ്റഗ്രാമിലാണ്.

2023 ഏപ്രിലില്‍ ആരംഭിച്ച യുട്യൂബ് ചാനലിന് 741 സബ്സ്ക്രൈബേഴ്സ് ആണ് ഉള്ളത്. എന്നാല്‍ ഹൈ ഓണ്‍ ഫുഡ് എന്ന ഇദ്ദേഹത്തിന്‍റെ ഇന്‍സ്റ്റഗ്രാം പേജിന് 27,000 ല്‍ അധികം ഫോളോവേഴ്സ് ഉണ്ട്. തിരുവനന്തപുരം സ്വദേശിയായ ആകാശ് സാബു മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എഡ്യൂക്കേഷനിലാണ് കമ്യൂണിക്കേഷന്‍ ആന്‍ഡ് മീഡിയയില്‍ ബിഎ പൂര്‍ത്തിയാക്കിയത്. പിന്നീട് പരസ്യ ഏജന്‍സികളില്‍ ഇന്‍റേണ്‍ ആയും ഒരു ഫുഡ് ഡെലിവറി ആപ്പില്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മാനേജരായും ജോലി ചെയ്തു.

അതേസമയം ആകാശ് സാബു അടക്കമുള്ള വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുടെ കടന്നുവരവ് സീസണ്‍ 7 ന്‍റെ മുന്നോട്ടുപോക്കിനെ വലിയ രീതിയില്‍ സ്വാധീനിക്കുമെന്ന് ഉറപ്പാണ്. 19 മത്സരാര്‍ഥികളായി ആരംഭിച്ച സീസണിലെ നാല് പേര്‍ ഈ വാരാന്ത്യത്തിന് മുന്‍പ് എവിക്റ്റ് ആയി പോയിരുന്നു. ബിഗ് ബോസ് ഏഴിന്‍റെ പണി എന്ന് ടാഗ് ലൈന്‍ നല്‍കിയിരിക്കുന്ന പുതിയ സീസണില്‍ മത്സരാര്‍ഥികളെ കാത്തിരുന്നത് കഠിനമായ ജീവിത സാഹചര്യങ്ങളാണ്.

പണിപ്പുര എന്ന് പേരിട്ടിരിക്കുന്ന മുറി ആയിരുന്നു ഈ സീസണിന്‍റെ ഏറ്റവും വലിയ പ്രത്യേകത. മത്സരാര്‍ഥികള്‍ കൊണ്ടുവന്നിരുന്ന വസ്ത്രങ്ങളും മേക്കപ്പ് വസ്തുക്കളുമൊക്കെ ബിഗ് ബോസ് ഈ മുറിയില്‍ വച്ച് പൂട്ടിയിരിക്കുകയായിരുന്നു. അതത് ടാസ്കുകള്‍ വിജയിക്കുന്നവര്‍ക്ക് മാത്രമാണ്, അതും നിശ്ചിത സെക്കന്‍ഡുകള്‍ നീളുന്ന സമയത്തേക്ക് പണിപ്പുരയിലേക്ക് മുന്‍പ് പ്രവേശനം അനുവദിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ബിഗ് ബോസ് മത്സരാര്‍ഥികളുടെ വസ്ത്രങ്ങളും മേക്കപ്പ് സാധനങ്ങളും അവര്‍ക്ക് മടക്കി നല്‍കിയിരുന്നു.

Nehru Trophy Boat Race | Asianet News Live | Malayalam News Live | Latest Kerala Updates