ഈ സീസണിൽ മുഴുവനും അക്ബറിന് ക്യാപ്റ്റനാകാൻ പറ്റില്ല, അനീഷിന് ആരേയും നോമിനേറ്റ് ചെയ്യാനാകില്ല എന്നിങ്ങനെയായിരുന്നു പണികൾ.
ഏറെ പ്രത്യേകതകളുമായാണ് ബിഗ് ബോസ് മലയാളം സീസൺ 7 ആരംഭിച്ചത്. അതിലൊന്നായിരുന്നു വൈൽഡ് കാർഡുകാർ പണിപ്പുരയിൽ നിന്നും കൊണ്ടുവന്ന ഏഴിന്റെ പണികൾ. ഇതിലൂടെ രണ്ട് വലിയ ഏഴിന്റെ പണികൾ കിട്ടിയ മത്സരാർത്ഥികളാണ് അനീഷും അക്ബർ ഖാനും. ഈ സീസണിൽ മുഴുവനും അക്ബറിന് ക്യാപ്റ്റനാകാൻ പറ്റില്ല, അനീഷിന് ആരേയും നോമിനേറ്റ് ചെയ്യാനാകില്ല എന്നിങ്ങനെയായിരുന്നു പണികൾ. ഇത് രണ്ടും ഇന്ന് തിരികെ നൽകിയിരിക്കുകയാണ് ബിഗ് ബോസും മോഹൻലാലും.
രണ്ട് ടാസ്കിലൂടെയാണ് അക്ബറിനും അനീഷിനും നോമിനേഷൻ, ക്യാപ്റ്റൻ പവറുകൾ തിരികെ ലഭിച്ചത്. "കഠിന പരിശ്രമം നടത്തിയാൽ അതിനൊരു വിജയം കണ്ടെത്താം. നല്ല മനസോടെ നന്നായി പ്രയത്നിച്ചാൽ. അതിന് തയ്യാറാണോ", എന്നായിരുന്നു മോഹൻലാൽ ചോദിച്ചത്. പിന്നാലെ ടാസ്ക് വായിച്ചു. ഓർമ ശബ്ദങ്ങൾ എന്നായിരുന്നു ടാസ്കിന്റെ പേര്. 15 വിവിധ ശബ്ദങ്ങൾ അനീഷിനെയും അക്ബറിനെയും കേൾപ്പിക്കും. ആ ശബ്ദത്തെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങൾ ക്രമത്തിൽ ബോർഡിൽ ഒട്ടിക്കുന്നത് ആരാണോ അവരാകും വിജയി. ഇതിൽ നാല് എണ്ണം ഒട്ടിച്ച് അക്ബർ വിജയിക്കുകയും ക്യാപ്റ്റൻ പവർ തിരികെ ലഭിക്കുകയും ചെയ്തു.
ആദ്യ ടാസ്കിൽ അനീഷ് പരാജയപ്പെട്ടു. പിന്നാലെ ആയിരുന്നു ചോദ്യോത്തരമെന്ന ടാസ്ക് മോഹൻലാൽ നടത്തിയത്. ഓരോരുത്തരോടും രസകരവും എന്നാൽ ജനറൽ നോളജുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരുന്നു ഏറെയും. ഇതിൽ ഏറ്റവും കൂടുതൽ മറുപടി നൽകിയത് അനീഷ് ആണ്. ഒടുവിൽ ബിഗ് ബോസിന്റെ അനുവാദത്തിന് നിൽക്കാതെ നോമിനേഷൻ പവർ അനീഷിന്, മോഹൻലാൽ തിരികെ നൽകുകയും ചെയ്തു. പിന്നാലെ ഇതാണ് നിങ്ങളുടെ ജീവിതം. ഇപ്പോഴുള്ളതിൽ ജീവിക്കണം. സന്തോഷത്തോടെ ദേഷ്യം കളഞ്ഞ് ജീവിക്കണമെന്ന് മോഹൻലാൽ പറയുന്നുണ്ട്.



