ബിഗ് ബോസില്‍ നിന്ന് അപ്പാനി ശരത് പുറത്തായതിന് പിന്നില്‍ അക്ബര്‍ ആണെന്ന് പരസ്യമായി ഉന്നയിച്ച് മസ്താനി. ജയില്‍ നോമിനേഷനിടെ ആയിരുന്നു ആരോപണം
ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ഥികളുടെ പുറത്താവലുകള്‍ പലപ്പോഴും പ്രേക്ഷകരെ അത്ഭുതപ്പെടുത്താറുണ്ട്. ജനപ്രീതി ഉണ്ടെന്ന് വിശ്വസിക്കുന്നവര്‍ പലപ്പോഴും വോട്ടിംഗില്‍ പിന്നോക്കം പോകുമ്പോള്‍ അങ്ങനെ അല്ലെന്ന് കരുതപ്പെടുന്നത് സേവ് ആകാറുമുണ്ട്. ഈ സീസണില്‍ ഏറെ മുന്നേറുമെന്ന് കരുതപ്പെട്ട്, എന്നാല്‍ ഇതിനകം പുറത്തായ മത്സരാര്‍ഥികളില്‍ ഒരാളാണ് നടന്‍ അപ്പാനി ശരത്. ശരത്തിന്‍റെ പുറത്താവലിന് ഒരു പ്രധാന കാരണം അക്ബറിനൊപ്പം ഗ്രൂപ്പ് ആയി നിന്ന് ഗെയിം കളിച്ചതാണെന്ന് മത്സരാര്‍ഥികള്‍ക്കിടയിലും പ്രേക്ഷകരില്‍ ഒരു വിഭാഗത്തിനിടയിലും അഭിപ്രായം ഉയര്‍ന്നിരുന്നു. ഇന്നലത്തെ എപ്പിസോഡില്‍ മസ്താനി ഈ വിമര്‍ശനം അക്ബറിനെതിരെ പരസ്യമായി ഉയര്‍ത്തുകയും ചെയ്തു.
ഈ വാരത്തിലെ ജയില്‍ നോമിനേഷന്‍റെ സമയത്താണ് അക്ബറിനെ നോമിനേറ്റ് ചെയ്യവെ അതിനുള്ള കാരണങ്ങളില്‍ ഒന്നായി മസ്താനി ഇത് പറഞ്ഞത്. അത് ഇങ്ങനെ ആയിരുന്നു- 100 ദിവസം വരെ പോകേണ്ടിയിരുന്ന ഒരു ഗെയിമറെ നിഴലാക്കി കൂടെ നിര്‍ത്തി ഔട്ട് ആക്കിയതിന് ഒരു പ്രധാന റീസണ്‍ അക്ബര്‍ ഖാന്‍ ആയിട്ട് എനിക്ക് തോന്നിയിട്ടുണ്ട്. അപ്പാനി ഔട്ട് ആയതിന് ശേഷം അക്ബര്‍ ഖാന്‍ പല സ്ഥലങ്ങളിലും ഇരുന്ന് ഉറങ്ങുന്നു, കട്ടിലില്‍ ഇരുന്ന് ആലോചിക്കുന്നു എന്നതിനപ്പുറത്തേക്ക് പ്രത്യേകിച്ച് ആക്റ്റീവ് ആയിട്ട് പല ദിവസങ്ങളിലും തോന്നിയിട്ടില്ല, മസ്താനി പറഞ്ഞു.
അതേസമയം ഈ വാരം ജയിലില്‍ പ്രവേശിപ്പിക്കപ്പെട്ടത് ജിസൈലും ലക്ഷ്മിയുമാണ്. കഴിഞ്ഞ ദിവസം ഒനീലിനെതിരെ നടത്തിയ ആരോപണമാണ് ലക്ഷ്മിക്ക് വിനയായത്. സഹമത്സരാര്‍ഥിയായ മസ്താനിയെ ഒനീല്‍ മോശമായി സ്പര്‍ശിച്ചു എന്നും അത് ബോധപൂര്‍വ്വമായിരുന്നു എന്നുമായിരുന്നു ലക്ഷ്മിയുടെ ആരോപണം. എന്നാല്‍ തന്‍റെ ഭാഗം കൃത്യമായി അവതരിപ്പിക്കാന്‍ ഒനീലിന് സാധിച്ചു. ഒരു ടാസ്കിന്‍റെ ഫലപ്രഖ്യാപനവേളയില്‍ വിജയിച്ച ടീമംഗമായ താന്‍ ആഹ്ലാദം പ്രകടിപ്പിച്ച് നീങ്ങവെ ചുവട് തെറ്റാന്‍ പോയപ്പോള്‍ മസ്താനിയെ അറിയാതെ സ്പര്‍ശിച്ചതാണെന്നും അതിന് അപ്പോള്‍ത്തന്നെ താന്‍ ക്ഷമ ചോദിച്ചിരുന്നുവെന്നും ഒനീല്‍ പറഞ്ഞു. ഒനീലിന് പിന്തുണയുമായി അപ്പോള്‍ത്തന്നെ പല മത്സരാര്‍ഥികളും എത്തുകയും ചെയ്തു. ഫലം ലക്ഷ്മിക്ക് ജയില്‍ നോമിനേഷനില്‍ ലഭിച്ചത് 14 വോട്ടുകള്‍ ആയിരുന്നു. ജയില്‍ നോമിനേഷനില്‍ ഒരു മത്സരാര്‍ഥിക്ക് ഇത്രയധികം വോട്ടുകള്‍ ലഭിക്കുന്നത് അപൂര്‍വ്വമാണ്.

