ബിഗ് ബോസ് മലയാളം സീസൺ 8 മത്സരാർത്ഥിയായ കടൽ കൊമ്പനെ പ്രശംസിച്ച് മുൻ വിജയി അഖിൽ മാരാർ.
ബിഗ് ബോസ് മലയാളം സീസൺ 8-ലെ മത്സരാർത്ഥിയായ 'കടൽ കൊമ്പൻ' എന്ന ശ്രീരാജിനെ പ്രശംസിച്ച് ബിഗ് ബോസ് മുൻ വിജയി കൂടിയായ അഖിൽ മാരാർ. ജിഞ്ചർ മീഡിയയ്ക്ക് നൽകുന്ന ബിഗ് ബോസ് റിവ്യൂവിലാണ് പരാമർശം. രാഹുൽ ഈശ്വറിനു പോലും കൊമ്പനെ മാനിപ്പുലേറ്റ് ചെയ്യാൻ കഴിഞ്ഞില്ലെന്ന് അഖിൽ മാരാർ പറയുന്നു.
''കടൽകൊമ്പന്റെ വ്യക്തിത്വം അടിപൊളിയാണ്. ഐശ്വര്യ എന്ന പെൺകുട്ടിയുടെ തന്ത്രപരമായ ചില കാളകൂടവിഷം അവന്റെ ശരീരത്തിൽ എത്തിയത് മാറ്റിനിർത്തിയാൽ അവൻ അടിപൊളി പയ്യനാണ്. സ്വന്തം കുടുംബത്തിലെ ഒരാളായി അവൻ മാറിക്കഴിഞ്ഞെന്ന് ഷിജിൻ പോലും പറഞ്ഞുകഴിഞ്ഞു. കൊമ്പൻ അത് തിരിച്ചു കാണിക്കുന്നുമുണ്ട്. കൊമ്പനെ ഒരു രീതിയിലും മാനിപ്പുലേറ്റ് ചെയ്യാൻ രാഹുൽ ഈശ്വറിന് പറ്റുന്നില്ല. അവനെ മാറ്റിനിർത്തി ഇവർ പലതും സംസാരിക്കുന്നുണ്ട്. ഷിജിൻ സ്വാർത്ഥ ലാഭത്തിനു വേണ്ടി നിന്നെ ഉപയോഗിക്കുകയാണ് എന്നു പറയുമ്പോൾ ഞാൻ അവനോട് നേരിട്ട് സംസാരിക്കട്ടെ എന്നാണ് അവൻ പറയുന്നത്. അല്ലാതെ അവർ പറയുന്നതു കേട്ട് തെറ്റിദ്ധരിക്കുന്നില്ല. ഭയങ്കര മൂല്യമാണത്. വ്യക്തിജീവിതത്തിൽ പലരും അഭിമുഖീകരിക്കുന്ന പ്രശ്നമാണത്. നമ്മളോട് അടുത്തു സഹകരിക്കുന്നവരെ തമ്മിൽ തെറ്റിക്കാൻ ഓരോരുത്തർ പാര വെക്കുമ്പോള്‍ അത് വിശ്വസിക്കാതെ നമ്മുടെ കൂടെ നിൽക്കുന്ന സുഹൃത്ത് ഉണ്ടാവുക എന്നു പറയുന്നത് ഭയങ്കര മൂല്യമാണ്.
ഷിജിനെ കൊമ്പന് തിരിച്ചറിയാൻ പറ്റുന്നുണ്ട്. ടാസ്കിന്റെ കാര്യത്തിൽ അയാൾ നിങ്ങൾ പറഞ്ഞാലും ഞാൻ പറഞ്ഞാലും കേൾക്കില്ല എന്നാണ് പറയുന്നത്. കാരണം അയാൾ അയാളുടെ രീതിയിലേ ഗെയിം കളിക്കൂ. താൻ കൊമ്പനോട് തുറന്നു സംസാരിക്കാതിരുന്നാൽ അത് കൊമ്പനെ ബാധിക്കുമെന്നും അവന് മാനസിക വിഷമം ഉണ്ടാക്കുമെന്നും ഷിജിൻ മനസിലാക്കി. ''നീ അച്ഛന്റെയും അമ്മയുടെയും ഒരു കാര്യം പറഞ്ഞില്ലേ? നീ പേടിക്കേണ്ട, നിനക്കത് ചെയ്തുതരും'', എന്നാണ് ഷിജിൻ പറഞ്ഞത്. ഇതു കേട്ടതിനു ശേഷം കൊമ്പന്റെ ഒരു ഡയലോഗ് ഉണ്ട്. സിനിമയിൽ പോലും ഇത്തരത്തിലുള്ള മുഹൂർത്തങ്ങൾ നിങ്ങൾ കണ്ടേക്കില്ല. ഷിജിനെ കെട്ടിപ്പിടിച്ചുകൊണ്ടു പറയുന്ന ഡയലോഗ്, ,,നിങ്ങൾ ജയിച്ചു, അവർ തോറ്റു,, എന്നാണ്'', അഖിൽ മാരാർ പറഞ്ഞു.

