പുതിയ സീസണിന് ഓഗസ്റ്റ് 3 ന് ആരംഭം

ബിഗ് ബോസ് മലയാളം സീസണ്‍ 7 ആരംഭിക്കാന്‍ ഇനി ഇനി വെറും 3 ദിനങ്ങള്‍ കൂടി. ഓഗസ്റ്റ് 3 ഞായറാഴ്ചയാണ് ഗ്രാന്‍ഡ് മെഗാ ലോഞ്ച് എപ്പിസോഡോടെ പുതിയ സീസണ്‍ ആരംഭിക്കുക. ഹൗസിലും മത്സരങ്ങളിലുമൊക്കെ നിരവധി പ്രത്യേകതകളുമായാണ് സീസണ്‍ 7 പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. അത് എന്തൊക്കെയെന്ന് അറിയാം.

ബിഗ് ബോസ് മലയാളം ആദ്യമായി സ്വന്തം ഫ്ലോറില്‍ ചിത്രീകരിക്കുന്ന സീസണ്‍ ഇതായിരിക്കും. മുന്‍ സീസണുകളില്‍ നേരത്തെ അവസാനിച്ച മറുഭാഷാ ബിഗ് ബോസ് സീസണുകളുടെ ഹൗസിന്‍റെ ഫ്ലോറില്‍ തന്നെയാണ് ഡിസൈനില്‍ മാറ്റം വരുത്തി മലയാളം ബിഗ് ബോസ് നടത്തിയിരുന്നത്. വിശാലമായ ലോണ്‍, ഭംഗിയുള്ള ഡൈനിംഗ് ഹാൾ, എല്ലാ സംവിധാനങ്ങളുമുള്ള അടുക്കള, ആഡംബര ലിവിംഗ് റൂം, മനോഹരമായ ബെഡ്റൂമുകൾ, നിഗുഢതയേറിയ കൺഫെഷൻ റൂം തുടങ്ങി ബിഗ് ബോസ് ഹൗസ് തന്നെ ഇത്തവണ ഒരു ദൃശ്യവിസ്മയം ആയിരിക്കുമെന്ന് അണിയറക്കാര്‍ അറിയിക്കുന്നു.

ഏഴിന്‍റെ പണി എന്നാണ് പുതിയ സീസണിന്‍റെ ടാഗ് ലൈന്‍ ആയി നല്‍കിയിരിക്കുന്നത്. ഇത് വെറുമൊരു ടാഗ് ലൈന്‍ മാത്രമായിരിക്കില്ലെന്നാണ് സൂചന. പാരമ്പരാഗത ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്തി, പ്രേക്ഷകന്റെ അഭിപ്രായങ്ങൾ കൂടി ഉൾപ്പെടുത്തിയ മാറ്റങ്ങളും തന്ത്രപരമായ കളികളും കളിക്കാരും അപ്രതീക്ഷിതമായ ടാസ്ക്കുകൾ തുടങ്ങിയവ എല്ലാം ഉൾപ്പെടുത്തി പുതിയ രൂപത്തിലാവും സീസണ്‍ 7 എത്തുക. ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള പരീക്ഷണങ്ങളാണ് ഈ സീസണിൽ മത്സരാർത്ഥികൾ നേരിടുക. കൂടുതൽ കഠിനമായ ടാസ്ക്കുകളും ബുദ്ധി ഉപയോഗിച്ച് നടത്തേണ്ട നീക്കങ്ങളും ഉയർന്ന നിലവരമുള്ള മത്സരവുമൊക്കെ ഈ സീസണിന്റെ ഹൈലൈറ്റുകൾ ആയിരിക്കുമെന്നും ടീം അറിയിക്കുന്നു.

ഓഗസ്റ്റ് 3 ഞായറാഴ്ച രാത്രി 7 ന് ആരംഭിക്കുന്ന പ്രൌഢഗംഭീരമായ ലോഞ്ചിംഗ് എപ്പിസോഡില്‍ മോഹൻലാൽ ബിഗ് ബോസിലെ മത്സരാർത്ഥികളെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. തുടര്‍ന്നങ്ങോട്ട് തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 നും ശനിയാഴ്ചയും ഞായറാഴ്ചയും രാത്രി 9 മണിക്കും ഷോ ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യും. കൂടാതെ ജിയോ ഹോട്ട് സ്റ്റാറിൽ 24 മണിക്കൂറും സ്ട്രീമിംഗ് ഉണ്ടാവും.

Wayanad Landslide | Asianet News Live | Malayalam News Live | Kerala News Live | Live Breaking News