ബിഗ് ബോസ് മലയാളം സീസണ്‍ 7 ലെ ശ്രദ്ധേയ മത്സരാര്‍ഥി

ബിഗ്ബോസ് മലയാളം സീസൺ 7 ആരംഭിച്ചതിനു പിന്നാലെ പ്രേക്ഷകരിൽ പലരും തിരയുന്നൊരു പേരാണ് ജിസേൽ തക്രാൽ. ഫാഷൻ, വിനോദ മേഖലകളിലെ പരിചിത മുഖമാണെങ്കിലും മലയാളികൾക്ക് അത്രകണ്ട് സുപരിചിതയായിരിക്കില്ല ജിസേൽ. ഒരു ഹിന്ദിക്കാരി മോഡലിന് മലയാളം ബിഗ്ബോസിൽ എന്തു കാര്യമെന്ന് ചോദിക്കുന്നവരും ഉണ്ടാകാം. എന്നാൽ ജിസേലിന്റെ വേരുകൾ കേരളത്തിലാണ്. ആലപ്പുഴക്കാരിയാണ് ജിസേലിന്റെ അമ്മ. പഞ്ചാബിയായിരുന്നു അച്ഛൻ. ഗിസേൽ വളരെ ചെറുതായിരിക്കുമ്പോൾ തന്നെ അച്ഛൻ മരിച്ചു. അമ്മയും വല്യമ്മയും ചേർന്നാണ് ഗിസേലിനെ വളർത്തിയത്.

14-ാം വയസിൽ തന്റെ മോഡലിങ്ങ് കരിയർ ആരംഭിച്ചതാണ് ജിസേൽ. ഇതിനിടെ, മിസ് രാജസ്ഥാൻ സൗന്ദര്യപ്പട്ടവും നേടി. ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി ഹൈ പ്രൊഫൈൽ ബ്രാൻഡുകളുടെ മുഖം കൂടിയാണ് ജിസേൽ. അടുത്തിടെ ദുബൈയിൽ സ്വന്തമായി ഒരു ബിസിനസും താരം ആരംഭിച്ചിരുന്നു.

ഹിന്ദി ബിഗ് ബോസിൽനിന്നും നേടിയ അനുഭവസമ്പത്തുമായാണ് ജിസേൽ തക്രാൾ മലയാളം ബിഗ് ബോസിലേക്കെത്തുന്നത്. ഹിന്ദി ബിഗ്ബോസ് സീസൺ 9 ൽ വൈൽഡ് കാർഡ് എൻട്രിയായാണ് ജിസേൽ എത്തിയത്. 2015 ലായിരുന്നു ഈആ ഷോ. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മറ്റൊരു ഭാഷയിലെ ബിഗ് ബോസിലേക്ക് എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. സർവൈവർ ഇന്ത്യ, വെൽക്കം-ബാസി മെഹ്മാൻ നവാസി കി, കോമഡി നൈറ്റ്സ് ബച്ചാവോ തുടങ്ങിയ റിയാലിറ്റി ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്. ക്യാ കൂൾ ഹേ ഹം ത്രീ എന്ന ബോളിവുഡ് ചിത്രത്തിലൂടെയായിരുന്നു അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. മസ്തിസാദേ, ദ ഗ്രേറ്റ് ഇന്ത്യൻ കാസിനോ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

മലയാള ഭാഷയിലെ പരിമിതിയും മറ്റുള്ളവരിൽനിന്നും ഒരൽപം വ്യത്യസ്തമായ ജീവിതരീതിയും ജിസേലിന് വെല്ലുവിളിയാകാൻ ഇടയുണ്ടെങ്കിലും റിയാലിറ്റി ഷോകളിൽ പങ്കെടുത്തിട്ടുള്ള അനുഭവം അവരെ പലയിടത്തും തുണച്ചേക്കാം എന്നാണ് വിലയിരുത്തൽ. പ്രേക്ഷകർ ഗിസേലിനെ എത്രത്തോളം ഏറ്റെടുക്കും എന്നാണ് ഇനിയറിയേണ്ടത്. പ്രേക്ഷകരില്‍ വലിയൊരു വിഭാഗത്തിനും ഈ മത്സരാര്‍ഥിയെ ഇഷ്ടപ്പെടുന്നു എന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളില്‍ നിന്ന് മനസിലാക്കാനാവുന്നത്.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News