ബിഗ് ബോസ് മലയാളം സീസൺ 7-ൽ അനീഷും ഷാനവാസും തമ്മിലുള്ള സൗഹൃദത്തിൽ വിള്ളൽ.

ബി​ഗ് ബോസ് മലയാളം സീസണുകളിൽ പലപ്പോഴും രസകരമായ സൗഹൃദങ്ങൾ ഉണ്ടാകാറുണ്ട്. ഇവരോട് പ്രത്യേക താല്പര്യം തന്നെ പ്രേക്ഷകർക്ക് ഉണ്ടാകുകയും ചെയ്യും. അത്തരത്തിൽ ബി​ഗ് ബോസ് മലയാളം സീസൺ 7ലെ രസകരമായ സൗഹൃദമാണ് അനീഷും ഷാനവാസും തമ്മിലുള്ളത്. ഇപ്പോഴിതാ ജീത്തു ജോസഫും ടീമും വന്നപ്പോൾ അനീഷിന് സമ്മാനിച്ച കോയിനുമായി ബന്ധപ്പെട്ട് അനീഷ്, ഷാനവാസിനോട് കൊമ്പു കോർത്തിരിക്കുകയാണ്.

ആദിലയായിരുന്നു ഈ കോയിൻ കഴിഞ്ഞ ദിവസം എടുത്ത് മാറ്റിയത്. ഒടുവിലത് ഷാനവാസിന്റെ കയ്യിലുമെത്തി. എന്നാൽ ഷാനവാസാണ് കോയിൻ എടുത്തതെന്ന തരത്തിലാണ് അനീഷിന്റെ സംസാരം. ഇന്ന് കിച്ചണിൽ വച്ച് ഇരുവരും തമ്മിലക്കാര്യം സംസാരിക്കുന്നുണ്ട്. കോയിനിന്റെ കാര്യത്തിൽ പിണങ്ങി നിൽക്കുകയാണ് അനീഷ് എന്നായിരുന്നു ജിഷിനോട് ഷാനവാസ് പറയുന്നത്.

"നിനക്ക് അതിന്റെ മൂല്യം അറിയില്ല", എന്നായിരുന്നു അനീഷ് പറഞ്ഞത്. "അനീഷ് പണ്ടത്തെ പോലെയല്ല മാറി. സൗഹൃദവലയത്തിൽ കുരുങ്ങി. ആദ്യം ഒറ്റയാനായിരുന്നു. അങ്ങനെ ഒക്കെ പറഞ്ഞ് കേട്ടപ്പോൾ എന്നോട് ഒരു കൈ അകലം പാലിക്കണമെന്ന് അവന് തോന്നി. അതാണ് ഇപ്പോൾ കാണിച്ചു കൂട്ടുന്നത്", എന്നായിരുന്നു ഷാനവാസിന്റെ മറുപടി.

"നിനക്ക് സൗഹൃദത്തിന്റെ വില അറിയില്ല. നെവിനുമായുള്ള പ്രശ്നം വന്നപ്പോൾ നിനക്ക് വേണ്ടി സംസാരിച്ചത് ഞാനാണ്. അന്ന് വേറെ ആരെങ്കിലും നിനക്കൊപ്പം ഉണ്ടായിരുന്നോ. എനിക്ക് ആദ്യമായാണ് അങ്ങനെ ഒരു പ്രൈസ് കിട്ടുന്നത്. ഇനി എന്റെ ജീവിതത്തിലത് ലഭിക്കുകയും അല്ല. ജീവിതത്തിൽ ഒരുപാട് തവണ ഇത്തരത്തിൽ വിശ്വാസ വഞ്ചന നേരിടേണ്ടി വന്നു. ഷാനവാസിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല", എന്നും അനീഷ് പറയുന്നുണ്ട്. പിന്നാലെ താൻ ഒരിക്കലും വിശ്വാസ വഞ്ചന കാണിച്ചില്ലെന്നാണ് ഷാനവാസ് പറയുന്നത്.

"ഒരു പ്രശ്നം ഇല്ലാതിരിക്കാൻ വേണ്ടി ഞാനത് വാങ്ങി വച്ചതാണ്. ഈ പ്രശ്നം വലുതായപ്പോൾ ഇനി നീയത് കയ്യിൽ വയ്ക്കണ്ടെന്ന് പറഞ്ഞ് ഞാൻ അവളിൽ നിന്നും വാങ്ങിയതാണ്. എന്റെ സുഹൃത്തിന് വേണ്ടി. നീ എനിക്ക് മുഖം തന്നോ. ഇനി എനിക്ക് നിന്റെ ഒന്നും വേണ്ട. എന്നോട് മിണ്ടുകയും വേണ്ട", എന്നും ഷാനവാസ് പറയുന്നുണ്ട്. "നീ ഒരു ചതിയനും വിശ്വാസ വഞ്ചകനുമാണ്. അത് നന്നായി എനിക്ക് അറിയാം", എന്നാണ് ദേഷ്യത്തോടെ തന്നെ അനീഷ് പറയുന്നത്.

കുറേ കഴിഞ്ഞ ശേഷം ഷാനവാസിനോട് സംസാരിക്കാനായി അനീഷ് പോകുന്നുണ്ട്. "എന്റെ മനസ് ഫ്രീയായി", എന്ന് അനീഷ് പറയുന്നുണ്ടെങ്കിലും പഴയപോലെ സംസാരിക്കാൻ ഷാനവാസ് തയ്യാറാകുന്നില്ല. "ഞാൻ നിന്നെ മാറ്റാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ നീ മാറുന്നില്ല. നീ എന്നെ ആട്ടി വിട്ടിട്ടും നിന്റെ അടുത്ത് എത്ര തവണ വന്നു. അതാണെടാ സൗഹൃദം", എന്ന് ഷാനവാസ് പറയുന്നുണ്ട്.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്