അതിഗംഭീര ടാസ്‍ക് ആണ് ബിഗ് ബോസ് ഇന്ന് നല്‍കിയത്
ഏഴിന്‍റെ പണി എന്നാണ് സീസണ്‍ 7 ന് ബിഗ് ബോസ് നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍. അതിനെ അന്വര്‍ഥമാക്കുന്ന രീതിയിലാണ് പുതിയ സീസണ്‍ മൂന്നാം വാരത്തിലൂടെ പുരോമഗമിക്കുന്നത്. ബിഗ് ബോസില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള ഗെയിമുകളും ടാസ്കുകളും ആയിരിക്കും ഈ ആഴ്ച നടക്കുകയെന്ന് മോഹന്‍ലാല്‍ അവസാന ഞായറാഴ്ച പറഞ്ഞിരുന്നു. അത് ശരിവെക്കുന്ന തരത്തിലുള്ള ടാസ്കുകളാണ് ബിഗ് ബോസ് ഇന്ന് നല്‍കിയത്. നിറയെ പോയിന്‍റുകള്‍ വാഗ്ദാനം ചെയ്തുകൊണ്ടുള്ള അഞ്ച് ടാസ്കുകളില്‍ മൂന്നാമത്തെയും നാലാമത്തെയും ടാസ്കുകളാണ് ഇന്ന് നടന്നത്.
അതിലെ ആദ്യ ടാസ്കില്‍ ഏറ്റവും ത്യാഗസന്നദ്ധരായ ഒരാളെ ആക്റ്റിവിറ്റി ഏരിയയിലേക്ക് വിടാനാണ് ബിഗ് ബോസ് അറിയിച്ചത്. നറുക്കെടുത്താണ് ആര് പോകണമെന്ന് മത്സരാര്‍ഥികള്‍ നിശ്ചയിച്ചത്. അദിലയ്ക്കും നൂറയ്ക്കുമാണ് നറുക്ക് വീണത്. ടാസ്കിന്‍റെ ഒടുവില്‍ മറ്റ് മൂന്ന് മത്സരാര്‍ഥികളുടെ ഫാമിലിയെ ഫാമിലി വീക്കിന്‍റെ ഭാഗമായി ഹൗസിലേക്ക് കൊണ്ടുവരണോ അതോ പണിപ്പുരയിലേക്ക് പോകാന്‍ 750 പോയിന്‍റുകള്‍ വേണോ എന്ന് തെരഞ്ഞെടുക്കാനാണ് ബിഗ് ബോസ് ആവശ്യപ്പെട്ടത്. കുടുംബങ്ങളെ കൊണ്ടുവന്നാല്‍ മതിയെന്ന് ഇവര്‍ ബിഗ് ബോസിനോട് പറഞ്ഞു. മറ്റുള്ളവരോട് ആലോചിച്ചതിന് ശേഷമാണ് അവരുടെ കൂടെ സമ്മതത്തോടെ ആദിലയും നൂറയും തീരുമാനം ബിഗ് ബോസിനെ അറിയിച്ചത്. തുടര്‍ന്നുള്ള ടാസ്ക് ആയിരുന്നു ഈ സീസണിലെ ഏറ്റവും ഗംഭീരമായ ടാസ്ക്.
ടാസ്കിനായി മൂന്ന് ധൈര്യശാലികളെ തെരഞ്ഞെടുക്കാനാണ് ബിഗ് ബോസ് ആദ്യം ആവശ്യപ്പെട്ടത്. ഇതനുസരിച്ച് മത്സരാര്‍ഥികള്‍ക്കിടയില്‍ നടത്തിയ വോട്ടിംഗില്‍ ഏറ്റവും വോട്ട് ലഭിച്ച ആര്യന്‍, ജിസൈല്‍, അനീഷ് എന്നിവര്‍ ആക്റ്റിവിറ്റി ഏരിയയിലേക്ക് പോയി. മൂന്ന് പോഡിയങ്ങള്‍ക്ക് പിന്നില്‍ നിന്ന്, മുന്നിലുള്ള ടാസ്ക് ലെറ്റര്‍ ഓരോരുത്തരും വായിക്കണമായിരുന്നു. അനീഷിന് ലഭിച്ച കത്തില്‍ ഇപ്പോള്‍ മുതല്‍ സീസണ്‍ 7 അവസാനിക്കുന്നതുവരെ നിശബ്ദത പാലിക്കണം എന്നായിരുന്നു ഉണ്ടായിരുന്നത്. ഇത് വായിച്ചതിന് പിന്നാലെ അനീഷ് നിശബ്ദതയിലേക്ക് പോയി. ആര്യന്‍ വായിച്ച രണ്ടാമത്തെ കത്തില്‍ മുന്നില്‍ വച്ചിരിക്കുന്ന ജ്യൂസ് കുടിക്കണം എന്നതായിരുന്നു. ജിസൈല്‍ വായിച്ച കത്തില്‍ തല മുണ്ഡനം ചെയ്യണം എന്നും. ടാസ്കുകള്‍ മൂന്നുപേര്‍ക്കും പരസ്പരം സ്വിച്ച് ചെയ്യാവുന്നതാണെന്നും ബിഗ് ബോസ് അറിയിച്ചിരുന്നു.
കത്ത് വായിച്ചയുടന്‍ അനീഷ് നിശബ്ദതയിലേക്ക് പോയി ടാസ്ക് ചെയ്യാന്‍ ആരംഭിച്ചതായിരുന്നു ഈ ടാസ്കിലെ ഗെയിം ചേഞ്ചിംഗ് മൊമെന്‍റ്. അതിനാല്‍ത്തന്നെ ടാസ്കുകള്‍ സ്വിച്ച് ചെയ്യാനുള്ള ഓപ്ഷന്‍ ആര്യനും ജിസൈലിനും പരസ്പരം ചെയ്യേണ്ടിവന്നു. തല മൊട്ടയടിക്കാന്‍ ഇരുവര്‍ക്കും സമ്മതവും ആയിരുന്നില്ല. ഇത് മറ്റ് മത്സരാര്‍ഥികളുടെ രോഷത്തിന് ഇടയാക്കി. 1000 പോയിന്‍റ് ആണ് ബിഗ് ബോസ് ഈ ടാസ്കിനായി നിശ്ചയിച്ചിരുന്നത്. 1000 പോയിന്‍റുകള്‍ക്കായി തല മൊട്ടയടിക്കാന്‍ തനിക്ക് സാധിക്കില്ലെന്ന് ആര്യന്‍ തീരുമാനമെടുത്തു. തനിക്ക് അത് സാധിക്കില്ലെന്ന് ജിസൈലും നിലപാടെടുത്തു. ബിഗ് ബോസിന്‍റെ നിര്‍ദേശപ്രകാരം മറ്റ് മത്സരാര്‍ഥികളും ചര്‍ച്ചകള്‍ക്കായി ആക്റ്റിവിറ്റി ഏരിയയില്‍ എത്തിയത് വലിയ തര്‍ക്കങ്ങളിലേക്ക് പോയി. തുടര്‍ന്ന് ടാസ്കില്‍ നിങ്ങള്‍ പരാജയപ്പെട്ടതായി ബിഗ് ബോസ് അറിയിച്ചു.
അനീഷ് ചെയ്തത് എല്ലാവരും പരാജയപ്പെടുത്തിയെന്നായിരുന്നു മത്സരം കഴിഞ്ഞയുടന്‍ മിക്കവരും അഭിപ്രായപ്പെട്ടതെങ്കിലും അനീഷ് കളിച്ചത് മികച്ച മൈന്‍ഡ് ഗെയിം ആണെന്ന് പിന്നാലെ പലരും പറയുന്നുണ്ടായിരുന്നു. തൊട്ടുമുന്‍പുള്ള ടാസ്കില്‍ 750 പോയിന്‍റിന് പകരം ഫാമിലികളുടെ വരവ് തെരഞ്ഞെടുത്തതിനെ ബിഗ് ബോസ് പരിഹാസരൂപേണ വിമര്‍ശിച്ചിരുന്നു. ഫാമിലി വീക്ക് സീസണിന്‍റെ അവസാനം അല്ലേയെന്നും അത് ഇപ്പോള്‍ നടക്കുമോ എന്നുമായിരുന്നു ബിഗ് ബോസിന്‍റെ പ്രതികരണം. ടാസ്ക് ആരംഭിച്ചിട്ടില്ലെന്നും ഇപ്പോള്‍ സംസാരിക്കാമെന്നുമൊക്കെ ബിഗ് ബോസ് പറഞ്ഞിട്ടും മൗലം പാലിച്ച് നില്‍ക്കാനുള്ള അനീഷിന്‍റെ തീരുമാനത്തെ ഇതും തൊട്ടുമുന്‍പത്തെ ടാസ്കിന് ശേഷമുണ്ടായ ബിഗ് ബോസിന്‍റെ അഭിപ്രായപ്രകടനം സ്വാധീനിച്ചിരിക്കാം.

