നടി അനുമോൾ ബിഗ് ബോസിൽ മത്സരിക്കുന്നതിന് 16 ലക്ഷം രൂപയുടെ പിആർ നൽകിയെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് നടൻ ബിനു അടിമാലി.
നടി അനുമോൾ അനുക്കുട്ടി ബിഗ്ബോസിൽ മൽസരിക്കുന്നതിനു മുൻപ് ലക്ഷങ്ങളുടെ പിആർ നൽകിയെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് സുഹൃത്തും നടനുമായ ബിനു അടിമാലി. അനുമോൾ 16 ലക്ഷത്തിന് പിആർ കൊടുത്തുവെന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം. പിആർ ഇല്ലാതെ തന്നെ ജനങ്ങളുടെ പിന്തുണയുള്ള ആളാണ് അനുമോളെന്നും പണം നൽകി അതു ചെയ്യേണ്ട കാര്യമില്ലെന്നും ബിനു പറയുന്നു.
''അനുമോൾക്ക് അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. അങ്ങനെ കാശ് കൊടുത്ത് പിആർ കൊടുക്കേണ്ട വകുപ്പ് അവളുടെ കൈയിൽ ഉണ്ടെന്നും എനിക്ക് തോന്നുന്നില്ല, എനിക്ക് അറിയുകയുമില്ല. അല്ലാതെ തന്നെ ഉള്ള സപ്പോർട്ട് അവൾക്ക് പ്രേക്ഷകർക്കിടയിൽ ഉണ്ടല്ലോ. അതുകൊണ്ട് കാശ് കൊടുത്ത് എന്തെങ്കിലും ചെയ്യാൻ ഒരു സാധ്യതയുമില്ല എന്നാണ് എനിക്ക് തോന്നുന്നത്'', ഒരു ഓൺലൈൻ ചാനലിന്റെ ചോദ്യത്തിനു മറുപടിയായി ബിനു അടിമാലി പ്രതികരിച്ചു.
മുൻ ബിഗ്ബോസ് താരം ജിന്റോ പിആർ വർക്ക് ചെയ്തിരുന്നോ എന്ന തരത്തിലുള്ള ചോദ്യങ്ങളോടും ബിനു അടിമാലി പ്രതികരിച്ചു. ''പൈസ ഉള്ളവർ അതു ചെയ്യട്ടെ. അനുമോൾക്ക് അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. അവൾ ഒരു പാവം കൊച്ചാണ്. അവൾ രക്ഷപ്പെടണം എന്ന് സ്‌റ്റാർ മാജിക് കാണുന്നവർക്ക് എല്ലാം ആഗ്രഹമുണ്ട്. അന്നും ഇന്നും അവൾക്ക് ആവശ്യത്തിന് സപ്പോർട്ട് ഉണ്ട്.'', എന്നായിരുന്നു ഇക്കാര്യത്തെക്കുറിച്ച് ബിനു അടിമാലിയുടെ പ്രതികരണം.
ബിഗ് ബോസിൽ ചെന്നത് കൊണ്ട് അനുമോൾക്ക് എന്തെങ്കിലും മാറ്റം വന്നതായി തോന്നിയിട്ടില്ലെന്നും ബിനു അടിമാലി പറഞ്ഞു. ''ഒരു വ്യക്തിക്കും അങ്ങനെയൊന്നും മാറാൻ കഴിയില്ലല്ലോ. ഓരോരുത്തർക്ക് മാറുന്നതിന് പരിധിയുണ്ടല്ലോ. അവിടം വരെയൊക്കെ എത്താൻ കഴിഞ്ഞത് തന്നെ ഭാഗ്യമാണ്'', ബിനു കൂട്ടിച്ചേർത്തു.

