'പാവശാസ്ത്രം' എന്ന വീക്കിലി ടാസ്കിനിടെ അക്ബറിൽ നിന്ന് ഫിസിക്കൽ അറ്റാക്ക് നേരിട്ടുവെന്ന് അനുമോൾ ആരോപിച്ചതോടെ ഹൗസിൽ വലിയ തര്‍ക്കങ്ങള്‍ നടന്നു. 

ബിഗ് ബോസ് മലയാളം സീസണ്‍ 7 പതിനൊന്നാം വാരത്തിലൂടെ മുന്നോട്ട് പോവുകയാണ്. സീസണ്‍ അതിന്‍റെ അന്തിമഘട്ടത്തിലേക്ക് എത്തിയതോടെ ഹൗസിലെ മത്സരാവേശം വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. വീക്കിലി ടാസ്കിന്‍റെ ഭാഗമായി ഇന്ന് നടന്ന ടാസ്ക് ഏറെ വീറും വാശിയും നിറഞ്ഞതായിരുന്നു. ഫിസിക്കല്‍ ആയി കളിക്കേണ്ടിയിരുന്ന ടാസ്കിനിടെ പലപ്പോഴും ഉന്തും തള്ളും ഉണ്ടായി. ഒപ്പം വഴക്കുകളും വാഗ്വാദങ്ങളും. ടാസ്കിനിടെ സഹമത്സരാര്‍ഥികളില്‍ നിന്ന് ഫിസിക്കല്‍ അറ്റാക്ക് നേരിട്ടുവെന്ന് പല മത്സരാര്‍ഥികളും ആരോപണങ്ങളുമായും എത്തി. നന്നായി കളിച്ചിട്ടും ഒടുവില്‍ പോയിന്‍റുകളൊന്നും ലഭിക്കാത്ത മത്സരാര്‍ഥികളും ഉണ്ടായിരുന്നു.

പാവശാസ്ത്രം എന്നായിരുന്നു വീക്കിലി ടാസ്കിന്‍റെ രണ്ടാം ഘട്ടമായി ഇന്ന് നടന്ന ടാസ്കിന്‍റെ പേര്. ഒരു കണ്‍വെയര്‍ ബെല്‍റ്റിലൂടെ പാവകളുടെ ശരീരഭാഗങ്ങള്‍ രണ്ട് ബസറുകള്‍ക്കിടെ ബിഗ് ബോസ് എത്തിച്ചുനല്‍കുന്നത് കരസ്ഥമാക്കുകയാണ് മത്സരാര്‍ഥികള്‍ ആദ്യം ചെയ്യേണ്ടിയിരുന്നത്. കളി അവസാനിക്കുമ്പോള്‍ അവ ഉപയോഗിച്ച് പാവകളെ നിര്‍മ്മിക്കുകയും അത് സൂക്ഷിച്ചുവെക്കുകയും ചെയ്യേണ്ടിയിരുന്നു. മൂന്ന് റൗണ്ടുകളിലായി ഈ മത്സരം നടക്കുമെന്നും അവസാനം മാത്രമേ ഓരോരുത്തരുടെയും കൈയിലുള്ള പാവകള്‍ എണ്ണപ്പെടുകയുള്ളൂവെന്നും ബിഗ് ബോസ് നേരത്തേ അറിയിച്ചിരുന്നു.

ആദ്യ റൗണ്ട് അവസാനിച്ചപ്പോള്‍ അക്ബറില്‍ നിന്ന് ഫിസിക്കല്‍ അറ്റാക്ക് ഏറ്റുവെന്ന് അനുമോള്‍ ആരോപിച്ചത് ഏറെ നേരം ഒരു തര്‍ക്കമായി നീണ്ടു. അനുമോളുടെ ഭാഗം പിടിച്ച് ലക്ഷ്മി കൂടി എത്തിയതോടെയാണ് വാക്കുതര്‍ക്കം നീണ്ടത്. അക്ബര്‍ പൊക്കവും വണ്ണവുമുള്ള ആളാണെന്നും മത്സരം നടക്കുമ്പോള്‍ അക്ബറിന്‍റെ ശരീരഭാരം മുന്നില്‍ നിന്ന അനുമോള്‍ അടക്കമുള്ളവരുടെ ശരീരത്തിലേക്ക് എത്തിയെന്നുമായിരുന്നു ലക്ഷ്മിയുടെ ആരോപണം. എന്നാല്‍ ഫിസിക്കല്‍ ആകുമെന്ന് ബിഗ് ബോസിന് തന്നെ ഉറപ്പുണ്ടായിരുന്ന ഒരു ടാസ്കില്‍ ഇത്തരത്തിലുള്ള ആരോപണം ഉയര്‍ത്തുന്നതില്‍ കഴമ്പില്ലെന്ന അഭിപ്രായമായിരുന്നു അക്ബറിന്. അനുമോളും ലക്ഷ്മിയും ആരോപിച്ച തരത്തിലുള്ള പ്രവര്‍ത്തി തന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അക്ബര്‍ വാദിച്ചു.

ആദ്യ റൗണ്ട് കഴിഞ്ഞ് നീണ്ട തര്‍ക്കത്തിനൊടുവില്‍ അനുമോള്‍ പൊട്ടിക്കരയുന്നതും പ്രേക്ഷകര്‍ കണ്ടു. എന്നാല്‍ അക്ബറില്‍ നിന്ന് ഫിസിക്കല്‍ അറ്റാക്ക് നേരിട്ടുവെന്ന് ആരോപിച്ച അനുമോള്‍ ടാസ്കിന്‍റെ മറ്റൊരു റൗണ്ടിനിടെ തന്നെ മനപ്പൂര്‍വ്വം ആക്രമിച്ചെന്ന് ആരോപിച്ച് നെവിനും രംഗത്തെത്തിയിരുന്നു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്