ബിഗ് ബോസ് ഫിനാലെ അടുക്കുമ്പോൾ, മത്സരാർത്ഥിയായ അനുമോൾക്കെതിരെ സഹമത്സരാർത്ഥിയായിരുന്ന ആദില ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. അക്ബറിനെതിരെ പ്രചാരണം നടത്താൻ അനുമോൾ തനിക്ക് പിആർ നമ്പർ നൽകിയെന്നായിരുന്നു ആദിലയുടെ വാദം.

ബി​ഗ് ബോസ് മലയാളം സീസൺ 7 അവസാനിക്കാൻ ഇനി വെറും രണ്ട് ​ദിവസമാണ് ബാക്കി. ആരാകും ടോപ് 5ൽ എത്തുകയെന്ന് ഇന്നോ നാളയോ അറിയാനാകും. ആദില കൂടി കഴിഞ്ഞ ദിവസം എവിക്ട് ആയതോടെ ആറ് പേരാണ് ഇനി ഷോയിൽ അവശേഷിക്കുന്നത്. നൂറ, അനുമോൾ, അനീഷ്, അക്ബർ, ഷാനവാസ്, നെവിൻ എന്നിവരാണ് അത്. ഫിനാലേയോട് അനുബന്ധിച്ച് എവിക്ട് ആയി പോയ മത്സരാർത്ഥികൾ തിരിച്ച് വരികയും അവർ അനുമോൾക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങൾ വലിയ തോതിൽ ചർച്ചയാകുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് അനുമോൾ തനിക്ക് പിആറിന്റെ നമ്പർ എഴുതി കൊടുത്തിട്ട് അക്ബറിനെതിരെ തിരിയണമെന്ന തരത്തിൽ പറഞ്ഞുവെന്ന ആരോപണം ആദില ഉന്നയിക്കുന്നത്. ഇക്കാര്യത്തിൽ തന്റെ ഭാ​ഗം വ്യക്തമാക്കിയിരിക്കുകയാണ് അനുമോൾ.

ഷാനവാസിനോട് ആയിരുന്നു അനുമോളുടെ പ്രതികരണം. "ആ നമ്പർ എന്റേതാണ്. എന്റെയും അച്ഛന്റെയും അമ്മയുടെയും നമ്പർ മാത്രമെ എനിക്ക് കാണാതെ അറിയാവൂ. എനിക്കൊരു പിആർ ഉണ്ടെങ്കിൽ അയാളുടെ നമ്പർ ഇവിടെ ഉള്ളവർക്ക് കൊടുക്കേണ്ട ആവശ്യമില്ല. ഔട്ട് ആകുന്നതിന് മുന്നെ ഇവളെന്നോട് ചോദിച്ചു എന്തെങ്കിലും പറയാനുണ്ടോ വീട്ടുകാരോട് എന്തെങ്കിലും പറയണമോന്ന്. ഞാൻ വേണ്ടെന്ന് പറഞ്ഞു. എന്നിട്ട് പറഞ്ഞു ഇവിടെ നടക്കുന്ന കാര്യങ്ങൾ പറയെന്ന്", എന്ന് അനുമോൾ പറയുന്നു.

"ഇവിടെ നടക്കുന്ന പ്രശ്നം അതാണോ?" എന്നായിരുന്നു അനുമോളോട് ഷാനവാസ് ചോദിച്ചത്. "അതായിരിക്കും എനിക്കറിയില്ല" എന്നും അനു പറയുന്നു. "അവളാണ് ഇങ്ങോട്ട് ചോദിച്ചത്. അവൾക്ക് അന്ന് അക്ബറിനോട് വലിയ ദേഷ്യമായിരുന്നു. എന്തോ ആകട്ടെ. ഞാൻ എന്താണ് പറഞ്ഞതെന്ന കാര്യം എനിക്കശറിയാം. എനിക്കറിയണമല്ലോ നമ്പർ കൊടുത്തത്", എന്ന് അനുമോൾ കൂട്ടിച്ചേർക്കുന്നുമുണ്ട്.

ഇതിനിടെ ഇക്കാര്യത്തെ കുറിച്ച് ആദിലയും നൂറയും സംസാരിക്കുന്നുണ്ടായിരുന്നു. "ഇവളുടെ നമ്പറാണ് അന്ന് തന്നത്. ചേച്ചിടേന്ന് നമ്പർ വാങ്ങിച്ചിട്ട് വിളിച്ച് പറ. ഇവിടെ അക്ബറിനെ വൈറ്റ് വാഷ് ചെയ്യുന്നുണ്ട്. വേണ്ടത് ചെയ്യണം എന്ന്. അല്ലേ.." എന്ന് ആദില ചോദിക്കുമ്പോൾ, അതെ എന്നാണ് നൂറ മറുപടി നൽകുന്നത്. "ഞാനത് മാറ്റി പറയില്ല", എന്നും ആദില പറഞ്ഞിരുന്നു. ‘ഈ വ്യക്തി ചെയ്ത തെറ്റ് അംഗീകരിച്ച ചരിത്രം ഉണ്ടായിട്ടില്ല. അതൊരു ഈഗോ പോലെയാണ്. ഇങ്ങനെ ഒക്കെ ഉണ്ടായിട്ടുണ്ടെന്ന് അക്ബറിനോട് നമ്മള്‍ പറഞ്ഞു. സത്യം സത്യമായിട്ട് തന്നെ പറഞ്ഞിട്ടുണ്ട്. നമുക്ക് തെറ്റ് പറ്റിയിട്ടില്ല’, എന്ന് നൂറയും പറയുന്നുണ്ട്. 

എവിക്ഷന് മുൻപെ ആയിരുന്നു ഇവരുടെ സംസാരം. അതേസമയം, വോട്ടിന് വേണ്ടി നൂറയ്ക്ക് പിആർ കൊടുക്കാനും 50,000 കൊടുത്താല്‍ മതി എന്നും അനുമോൾ പറഞ്ഞതായും ആദില ആരോപിച്ചിരുന്നു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്