ബിഗ് ബോസ് മലയാളം സീസണ്‍ 7 ഫിനാലെയ്ക്ക് രണ്ടാഴ്ച മാത്രം ശേഷിക്കെ ഒരു പ്രധാന മത്സരാര്‍ഥി കൂടി പുറത്തേക്ക്

ബിഗ് ബോസ് മലയാളം സീസണ്‍ 7 അവസാനിക്കാന്‍ രണ്ട് ആഴ്ചകള്‍ മാത്രം ശേഷിക്കെ ഒരു മത്സരാര്‍ഥി കൂടി പുറത്തേക്ക്. ഒന്‍പത് പേര്‍ ഉണ്ടായിരുന്ന കഴിഞ്ഞ വാരം രണ്ട് പേര്‍ ഒഴികെ മറ്റെല്ലാവരും നോമിനേഷനില്‍ ഉള്‍പ്പെട്ടിരുന്നു. ആദിലയും ഷാനവാസും മാത്രമാണ് നോമിനേഷനില്‍ ഉള്‍പ്പെടാതിരുന്നത്. അനീഷ്, സാബുമാന്‍, നൂറ, അനുമോള്‍, അക്ബര്‍, നെവിന്‍, ആര്യന്‍ എന്നിവര്‍ നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നു. ഫിനാലെ വീക്കിന് ഇത്രയും അടുത്തെത്തിയതിനാല്‍ വലിയ സമ്മര്‍ദ്ദത്തോടെയാണ് ഇന്നത്തെ എവിക്ഷന്‍ പ്രഖ്യാപനത്തെ മത്സരാര്‍ഥികള്‍ നേരിട്ടത്. അനുമോളെയാണ് മോഹന്‍ലാല്‍ ആദ്യം സേവ്ഡ് ആക്കിയത്. പ്രേക്ഷകവിധി പ്രകാരം അനുമോള്‍ സേവ്ഡ് ആണെന്ന കാര്യം അദ്ദേഹം അറിയിച്ചു.

പിന്നീട് ലിസ്റ്റില്‍ ഉണ്ടായിരുന്ന സാബുമാന്‍, അനീഷ്, നൂറ, അക്ബര്‍ എന്നിവരും ഈ ആഴ്ച സുരക്ഷിതരാണെന്ന് മോഹന്‍ലാല്‍ അറിയിച്ചു. നെവിനും ആര്യനും മാത്രമാണ് നോമിനേഷന്‍ ലിസ്റ്റില്‍ അവശേഷിച്ചിരുന്നത്. ഇനി രണ്ട് ആഴ്ച മാത്രമാണ് അവശേഷിക്കുന്നത് എന്നതിനാലും ഒന്‍പത് മത്സരാര്‍ഥികള്‍ ഇനിയും ഉണ്ട് എന്നതിനാലും ഇന്ന് എവിക്ഷന്‍ ഉണ്ടാവുമെന്ന് ഉറപ്പായിരുന്നു. പിന്നീട് നെവിനോടും ആര്യനോടും എന്താണ് മനസിലെന്ന കാര്യം മോഹന്‍ലാല്‍ ചോദിച്ചു. ചോദ്യവും ഉത്തരവുമൊന്നും മനസില്‍ തോന്നാത്ത ഒരു അവസ്ഥയിലാണ് താന്‍ എന്നായിരുന്നു ആര്യന്‍റെ മറുപടി. തുടര്‍ന്ന് മോഹന്‍ലാല്‍ വിളിച്ചത് നെവിന്‍റെ പേരാണ്. ഒപ്പം തന്‍റെ കൈയില്‍ ഉണ്ടായിരുന്ന കാര്‍ഡും ഉയര്‍ത്തി കാണിച്ചു.

നെവിന്‍ സേവ്ഡ് എന്നായിരുന്നു അതില്‍ ഉണ്ടായിരുന്നത്. പിന്നാലെ തന്‍റെ കൈയിലുണ്ടായിരുന്ന രണ്ടാമത്തെ കാര്‍ഡും മോഹന്‍ലാല്‍ ഉയര്‍ത്തി കാണിച്ചു. ആര്യന്‍ എവിക്റ്റഡ് എന്നായിരുന്നു അതില്‍ ഉണ്ടായിരുന്നത്. ആര്യന് തന്‍റെ അടുത്തേക്ക് വരാമെന്നും മോഹന്‍ലാല്‍ തുടര്‍ന്ന് പറഞ്ഞു. അവിശ്വസനീയതയോടെയാണ് സഹമത്സരാര്‍ഥികള്‍ ആര്യന്‍റെ പുറത്താവല്‍ വാര്‍ത്ത കേട്ടത്. എന്നാല്‍ ഏറെ സംയമനത്തോടെയാണ് എവിക്ഷനെ ആര്യന്‍ നേരിട്ടത്. എന്നായാലും പോവേണ്ടതല്ലേ എന്ന് ആര്യന്‍ സുഹൃത്തുക്കളോട് പറയുന്നുണ്ടായിരുന്നു. 84 ദിവസവും തനിക്കൊപ്പം ഉണ്ടായിരുന്നവരോട് യാത്ര ചോദിച്ച് ആര്യന്‍ പുറത്തേക്ക് ഇറങ്ങി. എല്ലാവര്‍ക്കുമൊപ്പം പതിവ് സെല്‍ഫിയും എടുത്താണ് മോഹന്‍ലാല്‍ നില്‍ക്കുന്ന വേദിയിലേക്ക് ആര്യന്‍ നടന്നത്.

ആര്യന്‍ പോയ എപ്പിസോഡില്‍ ആരോ​ഗ്യ കാരണങ്ങളാല്‍ മാറ്റിനിര്‍ത്തിയിരുന്ന ഷാനവാസ് തിരിച്ചെത്തുന്നതിനും പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചിരുന്നു. ഇതോടെ എട്ട് മത്സരാര്‍ഥികളാണ് ബി​ഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ ഇനി അവശേഷിക്കുന്നത്. ഫൈനല്‍ ഫൈവിന് മുന്‍പ് ഇനി മൂന്ന് പേര്‍ കൂടി പുറത്താവും.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്