ആറാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് സീസണ്‍ 7

ബിഗ് ബോസ് മലയാളം സീസണ്‍ 7 ലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളാണ് ആര്യന്‍. കൊച്ചിയില്‍ ജനിച്ച ആര്യന്‍റെ മാതാപിതാക്കള്‍ ഉത്തരേന്ത്യന്‍ വേരുകളുള്ളവരാണ്. ടാസ്കുകളില്‍ എപ്പോഴും മികവ് പുലര്‍ത്താറുള്ള ആര്യന്‍ ഒരു പ്രൊഫഷണല്‍ ക്രിക്കറ്റര്‍ കൂടിയാണ്. ഇപ്പോഴിതാ കേരളത്തിന്‍റെ അണ്ടര്‍ 14 ടീമിനുവേണ്ടി കളിച്ചിരുന്ന സമയത്ത് നേരിട്ടിരുന്ന പ്രതിസന്ധികളെക്കുറിച്ച് പറയുകയാണ് ആര്യന്‍. ബി​ഗ് ബോസില്‍ ജീവിതാനുഭവങ്ങള്‍ പങ്കുവെക്കുന്ന ടാസ്കിലാണ് ആര്യന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ആര്യന്‍ പറയുന്ന അനുഭവം

ഞാന്‍ ജനിച്ചത് കൊച്ചിയിലാണ്. എന്‍റെ മാതാപിതാക്കള്‍ ഉത്തരേന്ത്യക്കാരാണ്. ജീവിതത്തില്‍ എന്‍റേതായ ചില കഷ്ടപ്പാടുകള്‍ എനിക്ക് ഉണ്ടായിട്ടുണ്ട്. സ്കൂളില്‍ പഠിക്കുന്ന സമയത്ത് എനിക്ക് സ്പോര്‍ട്സിനോട് വലിയ താല്‍പര്യമായി. എന്‍റെ അച്ഛന്‍ ഒരു സ്പോര്‍ട്സ്മാന്‍ ആയിരുന്നു. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞാന്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങി. അണ്ടര്‍ 14 ക്രിക്കറ്റില്‍ കേരളത്തെ പ്രതിനിധീകരിക്കാനുള്ള ഒരു യാത്ര ഉണ്ടായിരുന്നു. അണ്ടര്‍ 14 ല്‍ എറണാകുളം ജില്ലാ ടീമില്‍ ആയിരുന്നു. മലയാളത്തിലെ ഒരു ശബ്ദവും എനിക്കന്ന് അറിയില്ലായിരുന്നു. ഞാന്‍ പോകുന്നത് ഒരു സായിപ്പിനെപ്പോലെ ആയിരുന്നു.

കേരളത്തിലെ 14 ജില്ലകളിലെയും ആളുകളെ ഞാന്‍ ആ സമയത്ത് പരിചയപ്പെടുകയാണ്. ഒരു അന്യനെ പോലെയാണ് ഇവര്‍ എന്നെ അന്ന് കാണുന്നത്. ബാറ്റ് പിടിക്കാനും കളിക്കാനും മാത്രമാണ് എനിക്ക് അന്ന് ആകെ അറിയാവുന്നത്. ടീം അംഗങ്ങള്‍ക്കൊപ്പം ഒരു ടേബിളില്‍ ഒരുമിച്ച് ആഹാരം കഴിക്കുമ്പോള്‍ ഇവര്‍ പറയുന്നതൊന്നും എനിക്ക് മനസിലാവില്ല. എന്നെ നോക്കി ചിരിച്ചുകൊണ്ടിരിക്കും. എനിക്ക് ആകെ അറിയുന്ന സ്കില്‍ ക്രിക്കറ്റ് ആണ്. അതില്‍ മികവ് കാട്ടിയാല്‍ എല്ലാവരും മിണ്ടാതിരിക്കും. അതിനാണ് ഞാന്‍ ശ്രമിച്ചത്.

അങ്ങനെ കളിച്ച് കളിച്ച് ഞാന്‍ അണ്ടര്‍ 14 ജില്ല, സോണ്‍, സ്റ്റേറ്റ് വരെ ഞാന്‍ കളിച്ചു. പിന്നെയും ഭാഷയുടേതായ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. പിന്നീട് അണ്ടര്‍ 14 കേരള ടീമിന്‍റെ ക്യാപ്റ്റനായി. അതാണ് ഏറ്റവും വലിയ പ്രശ്നമായത്. ഇപ്പോള്‍ (ബിഗ് ബോസില്‍) വെസല്‍ ടീമില്‍ ഉള്ളപ്പോള്‍ പറയുന്നത് ആരും കേള്‍ക്കാറില്ല. ഞാന്‍ പറയുന്ന ഇംഗ്ലീഷ് ആര് കേള്‍ക്കും? കം ഹിയര്‍ എന്ന് പറയുമ്പോള്‍ പോടാ എന്നായിരിക്കും മറുപടി. അവിടെയും എനിക്ക് ബഹുമാനം കിട്ടിയിട്ടില്ല.

പിന്നീട് അണ്ടര്‍ 16, അണ്ടര്‍ 19 ക്രിക്കറ്റിന്‍റെ ഒരു കാലമാണ് എന്‍റെ ജീവിതത്തില്‍. ക്യാപ്റ്റനായി, എല്ലാവരും സുഹൃത്തുക്കള്‍ ആവാന്‍ തുടങ്ങി. അങ്ങനെയാണ് എന്‍റെ വ്യക്തിജീവിതത്തിലെ ഒരു വിജയം എന്ന് പറയുന്നത്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming