ഭാഗ്യലക്ഷ്‍മിയെ വേദനിപ്പിക്കുന്ന രീതിയില്‍ സംസാരിക്കില്ലെന്നും ഫിറോസ് അറിയിച്ചു.

കഴിഞ്ഞ ദിവസം ബിഗ് ബോസില്‍ ഒരു മനോഹരമായ നിമിഷങ്ങള്‍ കണ്ടു. എന്നും തമ്മില്‍ രൂക്ഷമായി ഏറ്റുമുട്ടിയിരുന്നു ഫിറോസും ഭാഗ്യലക്ഷ്‍മിയും തമ്മിലുള്ള സംസാരമായിരുന്നു അത്. കഴിഞ്ഞ ദിവസം ഭക്ഷണത്തെ ചൊല്ലി വലിയ തര്‍ക്കമുണ്ടായിരുന്നു. ജോലി ചെയ്യാതെയിരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുകയാണെന്ന് ഫിറോസ് പറഞ്ഞതില്‍ പ്രതിഷേധിച്ച് ഭാഗ്യലക്ഷ്‍മി ഒന്നും കഴിക്കാതിരുന്നു. ഫിറോസ് ഭക്ഷണ കാര്യത്തില്‍ മോശമായി സംസാരിച്ചത് പലരും എതിര്‍ക്കുകയും ചെയ്‍തിരുന്നു. ഒടുവില്‍ ഭാര്യ സജ്‍നയുടെ നിര്‍ദ്ദേശാനുസരണം ഫിറോസ് ഭാഗ്യലക്ഷ്‍മിയോട് ക്ഷമ പറയുകയും ചെയ്‍തു.

അധിക്ഷേപിച്ച ആള്‍ ഉണ്ടാക്കിയ ഭക്ഷണം കഴിക്കില്ലെന്നായിരുന്നു ഭാഗ്യലക്ഷ്‍മിയുടെ നിലപാട്. തുടര്‍ന്ന് ഇക്കാര്യത്തെ കുറിച്ച് ഭാഗ്യലക്ഷ്‍മി ഫിറോസിന്റെ ഭാര്യയോട് സംസാരിക്കുകയും ചെയ്‍തു. ഫിറോസിനെതിരെ എല്ലാവരും ഇക്കാര്യം പറഞ്ഞിരുന്നു. സഹിക്കാവുന്നതില്‍ എല്ലാത്തിന്റെയും അതിര് കടന്നുവെന്ന് ഭാഗ്യലക്ഷ്‍മി പറഞ്ഞു. ഫിറോസിനോട് ക്ഷമിക്കാവുന്നതിന്റെ പരിധി കഴിഞ്ഞു. ഭാഗ്യലക്ഷ്‍മി പറഞ്ഞ കാര്യങ്ങള്‍ സജ്‍ന ഫിറോസിനോട് പറയുകയും അതില്‍ ശരിയുണ്ടെന്നും അറിയിച്ചു.

ഭാഗ്യലക്ഷ്‍മി വളരെ വൈകാരികമായിട്ടാണ് സംസാരിച്ചതെന്നും പറ്റുമെങ്കില്‍ സോറി പറയാനും സജ്‍ന ആവശ്യപ്പെട്ടു.

ഇതേതുടര്‍ന്ന് ഫിറോസ് ഭാഗ്യലക്ഷ്‍മിയുടെ അടുത്ത് പോയി സംസാരിച്ചു. താൻ നേരത്തെ പറഞ്ഞ നിലപാടില്‍ തന്നെയായിരുന്നു ഭാഗ്യലക്ഷ്‍മി. താൻ ഫിറോസിനെതിരെ രംഗത്ത് വന്നിട്ടില്ല. എന്തിനാണ് മാനസികമായി തളര്‍ത്താൻ മനപൂര്‍വം ശ്രമിക്കുന്നത്. ഏറെക്കാലത്തിന് ശേഷമായിരുന്നു താൻ കരഞ്ഞത് എന്നും ഭാഗ്യലക്ഷ്‍മി പറഞ്ഞു. തുടര്‍ന്ന് ഇനി താൻ ചേച്ചിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ സംസാരിക്കില്ല തനിക്ക് എതിരെ പറഞ്ഞാല്‍ പോലും തിരിച്ചുവേദനിപ്പിക്കില്ല, ഇത് എന്റെ വാക്കാണ്, താൻ വേദനിപ്പിച്ചിട്ട് ചേച്ചി ഇവിടെനിന്ന് പോകരുത് ഇത് തന്റെ ഉറപ്പാണ് എന്നും ഫിറോസ് ഭാഗ്യലക്ഷ്‍മിയോട് പറഞ്ഞു.