"എന്നെ എന്തുവേണേല്‍ വിമര്‍ശിച്ചോട്ടെ. പക്ഷേ വിഷം എന്നൊക്കെ പറയുന്നതുണ്ടല്ലോ.. പലരും പല രീതിയില്‍ എന്നെ വിമര്‍ശിച്ചിട്ടുണ്ട്. പക്ഷേ വിഷം എന്നൊന്നും എന്നെ ആരും പറഞ്ഞിട്ടില്ല"

ബിഗ് ബോസില്‍ പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്‍മി. ഇന്നത്തെ മോണിംഗ് ടാസ്‍കില്‍ പങ്കെടുക്കവെ തന്നെക്കുറിച്ച് ഫിറോസ് ഖാന്‍ നടത്തിയ പരാമര്‍ശമാണ് ഭാഗ്യലക്ഷ്‍മിയെ വേദനിപ്പിച്ചത്. ബിഗ് ബോസില്‍ ചില 'വിഷക്കടലുകള്‍' ഉണ്ടെന്നും ഭാഗ്യലക്ഷ്‍മിയാണ് അതില്‍ ഒരാളെന്നുമാണ് ഫിറോസ് ഖാന്‍ പറഞ്ഞത്. ടാസ്‍കിനുശേഷം ഒറ്റയ്ക്കിരുന്ന ഭാഗ്യലക്ഷ്‍മിക്ക് അരികിലേക്ക് ക്യാപ്റ്റനായ നോബി എത്തിയപ്പോഴാണ് അവര്‍ കരഞ്ഞത്. 

"എന്നെ എന്തുവേണേല്‍ വിമര്‍ശിച്ചോട്ടെ. പക്ഷേ വിഷം എന്നൊക്കെ പറയുന്നതുണ്ടല്ലോ.. പലരും പല രീതിയില്‍ എന്നെ വിമര്‍ശിച്ചിട്ടുണ്ട്. പക്ഷേ വിഷം എന്നൊന്നും എന്നെ ആരും പറഞ്ഞിട്ടില്ല. സജിന ഫിറോസിനെക്കുറിച്ച് കുറ്റം പറഞ്ഞപ്പോള്‍ അവരെ ആശ്വസിപ്പിച്ച ആളാണ് ഞാന്‍. ആ എന്നെയാണ് അവര്‍ പറയുന്നത് വിഷം എന്ന്", നോബിയോട് ഭാഗ്യലക്ഷ്‍മി പറഞ്ഞു. എന്നാല്‍ ഫിറോസ് മാത്രമല്ലേ അങ്ങനെ പറയുന്നുള്ളൂവെന്നും താനടക്കമുള്ള മറ്റെല്ലാവരും ഭാഗ്യലക്ഷ്‍മിക്കൊപ്പമാണെന്നും പറഞ്ഞ് നോബി ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ അടുത്തുള്ള ക്യാമറയിലൂടെ ബിഗ് ബോസിനോടുള്ള തന്‍റെ അഭ്യര്‍ഥനയും ഭാഗ്യലക്ഷ്‍മി നടത്തി. തന്നെ ഉടന്‍ ഇവിടുന്ന് പുറത്താക്കിത്തരണം എന്നതായിരുന്നു അത്.

"ബിഗ് ബോസ് പ്ലീസ് ഒന്ന് നോക്കൂ. എന്നെ എങ്ങനെയെങ്കിലും ഇവിടെനിന്ന് ഒന്നു പുറത്താക്കിത്തരൂ. പ്ലീസ്. എങ്ങനെയെങ്കിലും. കാരണം വിഷം എന്ന വാക്ക് ജീവിതത്തില്‍ ആദ്യമായിട്ടാണ് ഞാന്‍ കേള്‍ക്കുന്നത്. പ്ലീസ് ഞാന്‍ കാലു പിടിച്ച് പറയുകയാണ്. എന്നെ ഒന്ന് പുറത്താക്കിത്തരൂ. എനിക്കിവിടെ നില്‍ക്കണ്ട. കാരണം നിങ്ങള്‍ പറഞ്ഞതുപോലെ ഞാന്‍ ഞാനായി നില്‍ക്കാന്‍ ഇവിടെ സാധിക്കില്ല. എനിക്കറിയാം എന്‍റെ ശരികള്‍ എന്താണെന്ന്. അതുകൊണ്ട് എന്നെ ദയവുചെയ്‍ത് എങ്ങനെയെങ്കിലും.. വോട്ടിനുവേണ്ടിയൊന്നും കാത്തിരിക്കാതെ എന്നെ പുറത്താക്കാന്‍ എന്തെങ്കിലും ഒരു വഴിയുണ്ടോയെന്ന് ഒന്ന് ആലോചിക്കൂ, പ്ലീസ്", ഭാഗ്യലക്ഷ്‍മി പറഞ്ഞു.