അതേസമയം മലയാളം ബിഗ് ബോസും തുടങ്ങാനിരിക്കുകയാണ്

ഇന്ത്യന്‍ ടെലിവിഷനിലെ ഏറ്റവും ജനപ്രീതി നേടിയ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ഹിന്ദി മുതല്‍ മലയാളം വരെ നിരവധി ഭാഷകളിലായി കോടിക്കണക്കിന് കാണികളുള്ള ഷോ ആണ് ബിഗ് ബോസ്. ഹിന്ദിയിലാണ് ബിഗ് ബോസിന്‍റെ ഏറ്റവുമധികം സീസണുകള്‍ നടന്നിട്ടുള്ളത്. ഓരോ സീസണിലും സാധ്യമായ പുതുമകള്‍ കൊണ്ടുവരാന്‍ അണിയറക്കാര്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ബിഗ് ബോസ് ഹിന്ദിയുടെ വരാനിരിക്കുന്ന സീസണായ 19-ാം സീസണ്‍ ഏറ്റവും വലിയൊരു പുതുമയുമായാവും എത്തുകയെന്നാണ് വിവരം.

100 ദിവസം എന്നതാണ് ബിഗ് ബോസിന്‍റെ സാമ്പ്രദായിക ഫോര്‍മാറ്റ്. എന്നാല്‍ ഹിന്ദി ബിഗ് ബോസില്‍ പലപ്പോഴും ദിവസങ്ങള്‍ നീട്ടിയിട്ടുണ്ട്. ഇതില്‍ ഏറ്റവുമധികം ദിവസങ്ങള്‍ നീണ്ടുനിന്നത് 14-ാം സീസണ്‍ ആയിരുന്നു. 142 ദിവസങ്ങളാണ് ആ സീസണ്‍ നടന്നത്. എന്നാല്‍ ദൈര്‍ഘ്യത്തില്‍ അതിനെയൊക്കെ കവച്ചുവെക്കുന്ന സീസണ്‍ ആവും ഇത്തവണത്തേത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പിങ്ക് വില്ലയുടെ റിപ്പോര്‍ട്ട് അനുസരിച്ച് പരമ്പരാഗത 3 മാസ സമയം എന്ന സങ്കല്‍പം വിട്ട് അഞ്ചര മാസത്തോളം നീണ്ടുനില്‍ക്കുന്ന സീസണ്‍ ആയിരിക്കും ഇതെന്നാണ് അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതുവരെ നടന്ന ബിഗ് ബോസ് സീസണുകളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയതാവും ഇത്തവണത്തേത്. 

സല്‍മാന്‍ ഖാന്‍ തന്നെ അവതാരകനായി എത്തുന്ന സീസണില്‍ നിരവധി പുതുമുഖങ്ങള്‍ മത്സരാര്‍ഥികളായി ഉണ്ടാവുമെന്നും കരുതപ്പെടുന്നു. ജൂലൈ 30 ന് ബിഗ് ബോസ് സീസണ്‍ 19 ആരംഭിക്കുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. ഇത് 2026 ജനുവരി വരെ നീളും. സീസണിന്‍റെ പ്രൊമോ ഷൂട്ട് സല്‍മാന്‍ ജൂണ്‍ അവസാനം ചിത്രീകരിക്കുമെന്നും കരുതപ്പെടുന്നു. സാധാരണയായി സെപ്റ്റംബറിലോ ഒക്ടോബറിലോ ആണ് ബിഗ് ബോസ് ഹിന്ദി ആരംഭിക്കാറ്. ദൈര്‍ഘ്യം കൂടുതലായതിനാലാണത്രെ ഇക്കുറി നേരത്തെ ആരംഭിക്കുന്നത്. ബിഗ് ബോസ് ഒടിടി ഉണ്ടാവില്ല എന്നതാണ് ഹിന്ദിയില്‍ ഇത്തവണത്തെ പ്രത്യേകത. ഒന്നര മാസം ദൈര്‍ഘ്യമുള്ള ബിഗ് ബോസിന്‍റെ ഡിജിറ്റല്‍ പതിപ്പ് ജിയോ സിനിമയിലാണ് നേരത്തെ പ്രത്യക്ഷപ്പെട്ടിരുന്നത്. അതേസമയം ബിഗ് ബോസില്‍ ഇത് സല്‍മാന്‍ ഖാന്‍റെ 16-ാം സീസണ്‍ ആണ്. 

അതേസമയം മലയാളം ബിഗ് ബോസും ആരംഭിക്കാന്‍ ഇരിക്കുകയാണ്. മോഹന്‍ലാല്‍ ആണ് ഇത്തവണയും അവതാരകന്‍. മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനത്തില്‍ മലയാളത്തിലെ അടുത്ത സീസണിന്‍റെ ലോഗോ അണിയറക്കാര്‍ പുറത്തിറക്കിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം