മത്സരാര്‍ഥികള്‍ക്ക് സ്വന്തം ജീവിതാനുഭവങ്ങള്‍ പങ്കുവെക്കാനുള്ള അവസരങ്ങള്‍ ബിഗ് ബോസില്‍ നിരവധിയുണ്ട്. അത്തരത്തിലൊരു ടാസ്‍ക് കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലും ഉണ്ടായിരുന്നു. 'ആദ്യ പ്രണയം' എന്നതായിരുന്നു വിഷയം. മണിക്കുട്ടനും സായ് വിഷ്‍ണുവും ഡിംപലുമൊക്കെ തങ്ങളുടെ ആദ്യ പ്രണയത്തെക്കുറിച്ച് വാചാലരായപ്പോള്‍ വൈകിമാത്രം തന്നെ തേടിയെത്തിയ ഒരു അടുപ്പത്തെക്കുറിച്ചായിരുന്നു ഭാഗ്യലക്ഷ്‍മിക്ക് പറയാനുണ്ടായിരുന്നത്. 40-ാം വയസിലാണ് തനിക്ക് ആദ്യത്തെ പ്രണയം സംഭവിക്കുന്നതെന്ന് അവര്‍ പറയുന്നു.

 

ആദ്യപ്രണയത്തെക്കുറിച്ച് ഭാഗ്യലക്ഷ്‍മി

"എന്‍റെ പ്രണയം വരുന്നത് എന്‍റെ ഒരു 40-41 വയസ് ഉള്ളപ്പോഴാണ്. നിങ്ങള്‍ക്കൊക്കെ ഉള്ളതു മാതിരി എന്‍റെ യൗവനകാലത്തോ ഒന്നുമല്ല. എന്‍റെ യൗവനകാലം മുഴുവനും ഒരു പോരാട്ടത്തില്‍ക്കൂടി സഞ്ചരിച്ചതുകൊണ്ടു തന്നെ പ്രണയിക്കാന്‍ സമയവുമില്ലായിരുന്നു, മനസുമില്ലായിരുന്നു. ഒരു വല്ലാത്ത അന്തരീക്ഷം ആയിരുന്നു. അതുകൊണ്ടുതന്നെ കാലങ്ങള്‍ അങ്ങനെ പോയിപ്പോയി ഏതോ ഒരു സന്ദര്‍ഭത്തില്‍ അങ്ങനെയൊരു പ്രണയം എന്നില്‍ ഉണ്ടായി. എന്നെ സംബന്ധിച്ച് എന്‍റെ ജീവിതത്തില്‍ ഞാന്‍ അന്നും ഇന്നും എന്നും മനോഹരമായി മനസില്‍ സൂക്ഷിക്കുന്ന ഒരു പ്രണയംതന്നെ ആയിരിക്കും അത്. സൊസൈറ്റി എന്നുപറയുന്ന ഒരു സംഭവം ഉണ്ടല്ലോ. ഒരു സ്ത്രീയെ സംബന്ധിച്ച് ഒരിക്കലും മക്കള്‍ ആയിക്കഴിഞ്ഞാല്‍ പിന്നെയൊരു പ്രണയം ഉണ്ടാവാന്‍ പാടില്ല എന്നു പറയുന്ന ഒരു സോ കോള്‍ഡ് സൊസൈറ്റിയിലാണ് നമ്മള്‍ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ഞങ്ങള്‍ രണ്ടുപേരും പരസ്പരം വളരെ സംസാരിച്ച് കൈകൊടുത്ത് മനോഹരമായി ഒരു ഗുഡ്ബൈ പറഞ്ഞു."

 

ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ ഏറ്റവും മുതിര്‍ന്ന മത്സരാര്‍ഥിയാണ് ഭാഗ്യലക്ഷ്‍മി. കഴിഞ്ഞ വാരം നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ച അവര്‍ക്ക് ഇത്തവണയും നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്. ബിഗ് ബോസ് നിയമങ്ങള്‍ ലംഘിച്ചതിന് നേരിട്ട് നോമിനേഷനില്‍ വന്ന സജിന-ഫിറോസ്, മിഷേല്‍ എന്നിവരെക്കൂടാതെ അനൂപ് കൃഷ്‍ണന്‍, സായ് വിഷ്‍ണു, ഭാഗ്യലക്ഷ്‍മി, സൂര്യ, ഡിംപല്‍ എന്നിവരാണ് ഈ വാരം ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. വെള്ളിയാഴ്ച അര്‍ധരാത്രി വരെ പ്രേക്ഷകര്‍ക്ക് ഇഷ്ടമത്സരാര്‍ഥികള്‍ക്കായി വോട്ട് ചെയ്യാവുന്നതാണ്.