അഗ്നിപരീക്ഷ മത്സരാര്‍ഥികളോട് പൊട്ടിത്തെറിച്ച് രഞ്‍ജിനി.

ബിഗ് ബോസ് മലയാളം അഗ്നിപരീക്ഷയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നാല്‍പതു മത്സരാർഥികളിൽ നിന്നും പന്ത്രണ്ട് മത്സരാർഥികളിലേയ്ക്ക് എത്തിയപ്പോൾ പോരാട്ടം കൂടുതൽ കടുത്തിരിക്കുകയാണ്. ഓണം എപ്പിസോഡ് കുറച്ച് ഫൺ ആയിരുന്നെങ്കിലും അത് കഴിഞ്ഞ് വന്ന എപ്പിസോഡ് കുറച്ച് റഫ് ആൻഡ് ടഫ് ആയിരുന്നു. ഈ എപ്പിസോഡിൽ ജഡ്ജസിന്റെ പൊട്ടിത്തെറിയാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ച മുഴുവൻ.

വളച്ചുകെട്ടില്ലാതെ നേരെ കാര്യത്തിലേക്ക് വരാം. ട്രസ്റ്റ് ആൻഡ് നോ ട്രസ്റ്റ് ടാസ്ക് ആണ് എപ്പിസോഡിൽ മത്സരാർത്ഥികൾക്കായി നൽകിയത്. ഓരോരുത്തരും കൂട്ടത്തിൽ ഏറ്റവും കൂടുതൽ വിശ്വസിക്കാൻ പറ്റിയ ഒരാളെ സെലക്ട് ചെയ്ത് അയാൾക്ക് റോസാപ്പൂ എംബ്ലം നൽകുക, വിശ്വസിക്കാൻ കഴിയാത്ത ആളെ സെലക്ട് ചെയ്ത് അയാൾക്ക് കത്തിയുടെ എംബ്ലം നൽകുക. ഓരോരുത്തരും തങ്ങൾക്ക് വിശ്വസിക്കാനും വിശ്വസിക്കാൻ കഴിയാത്തതുമായ ആളുകളെ സെലക്ട് ചെയ്തു . ഏറ്റവും അവസാനം ഭൂരിപക്ഷം ആളുകളും വിശ്വസിക്കാൻ കൊള്ളാം എന്ന് വിധിയെഴുതിയ മത്സരാർത്ഥിയായി ശ്യാം തെരഞ്ഞെടുക്കപ്പെട്ടപ്പോൾ വിശ്വസിക്കാൻ കൊള്ളില്ല എന്ന് വിധിക്കപ്പെട്ട മത്സരാർത്ഥികളായി ഷിബിനയും ഷാമോനും മാറി. അതിന് ശേഷം ഒരു ഗെയിം ആണ് നടന്നത്. എല്ലാ മത്സരാർത്ഥികളുടെയും തലയ്ക്ക് പിറകിലായി ഓരോ കളറുകൾ ഫിക്സ് ചെയ്യും . ഒപ്പം ബ്ലൈൻഡ് ഫോൾഡറുകളും ഉണ്ടായിരിക്കും. ബസർ കേൾക്കുമ്പോൾ എല്ലാവരും ബ്ലൈൻഡ് ഫോൾഡുകൾ മാറ്റി തന്റെ നിറം ഏതാണെന്ന് സഹമത്സരാർത്ഥികളോട് ചോദിച്ച് മനസിലാക്കുക. ശേഷം ഫ്ലോറിൽ നൽകിയിട്ടുള്ള തന്റെ കളർ ചതുരത്തിൽ കയറി നിൽക്കുക. രണ്ടാമത്തെ ബസ്സർ അടിക്കുന്നതിന്ന് മുൻപായി എല്ലാവരും തങ്ങളുടെ കളർ ചതുരം സെലക്ട് ചെയ്തിരിക്കണം . ഇതിൽ കൃത്യമായ കളർ ചതുരത്തിൽ കയറി നിൽക്കാത്തവർ ഗെയിമിൽ നിന്നും പുറത്താകും. അത്തരത്തിൽ ആദ്യ റൗണ്ട് കഴിഞ്ഞപ്പോൾ രാകേഷ് , പൂജ എന്നിവരാണ് ഔട്ട് ആയത് . ശേഷം എൽദോ പിന്നീട് ഷിബിന , താഷി , ഷിജിൻ എന്നിവർ അതിന് ശേഷം അഫിയാനസ് അടുത്ത റൗണ്ടിൽ ലോലീറ്റ ശേഷം ശ്യാം പിന്നീട് സോനാ എന്നിവരും പുറത്തായി. ഏറ്റവും അവസാന റൗണ്ടിൽ എത്തിയത് ഷാമോൻ , ഷിജുലാൽ എന്നിവരായിരുന്നു. ഈ രണ്ടുപേരും ഗ്രൂപ്പ് കളിയാണ് കളിക്കുന്നതെന്നാണ് സോനാ ഔട്ട് ആവുന്നതിന് മുൻപായി ജഡ്ജസിനോട് പറഞ്ഞത് . അത് തങ്ങൾക്കും വ്യക്തമാണെന്ന് ജഡ്ജസ് പറയുകയുണ്ടായി.

ഇരുവരും തങ്ങളുടെ സത്യസന്ധത പ്രേക്ഷകരെ കാണിക്കാൻ ആണോ ഇവിടെ വന്നതെന്നും ഇതൊരു ഗെയിം അല്ലെ എന്നുമാണ് ജഡ്ജസ് ചോദിച്ചത് . അടുത്ത റൗണ്ട് നല്കിയപ്പോഴും ഇരുവരും ടാസ്കിൽ വിജയിച്ചു. അതോടെ നിങ്ങൾ ഇനി സത്യസന്ധത മാറ്റിവെച്ച് ഗെയിം എപ്പോൾ കളിക്കുന്നോ അതുവരെ ഞങ്ങൾ ഇവിടെ ഇരിക്കും എന്നായി രഞ്ജിനിയുടെ നിലപാട്. വീണ്ടും മൂന്ന് റൗണ്ടുകൾ നടത്തിയപ്പോഴും ഇരുവരും വിജയിച്ചു. ടാസ്ക് ലെറ്ററിൽ ഗ്രൂപ്പായി മത്സരം കളിക്കാൻ പാടില്ലെന്ന് എഴുതിയിട്ടില്ലെന്നായി ഷാമോൻറെ വാദം . എന്നാൽ ഷാമോൻ പറഞ്ഞു തുടങ്ങുന്നതിന് മുൻപ് രഞ്ജിനി പൊട്ടിത്തെറിച്ചു. 'കൈ താഴ്തടോ ഞങ്ങൾ പറയും നിങ്ങൾ കേൾക്കും' എന്നും പറഞ്ഞ് ട്രിഗർ ആയ രഞ്ജിനിക്കൊപ്പം അഖിൽമാരാരും ചേർന്നു. ഞങ്ങൾ ഇവിടെ നിങ്ങൾക്ക് മാർക്ക് ഇടാൻ ഇരിക്കുന്നവർ ആണെന്നും ഗെയിംനെ ഗെയിം ആയി എടുക്കണമെന്നും രഞ്ജിനിയെയും ഞങ്ങളെയും പരിഹസിക്കുകയാണോ നിങ്ങൾ ചെയ്യുന്നതെന്നും അഖിൽമാരാർ ചോദിച്ചു. റിയാസിനും അതെ അഭിപ്രായമായിരുന്നു. ഇങ്ങനെയെങ്കിൽ എന്തിനാണ് ഞങ്ങൾ ഇവിടെ ഇരിക്കുന്നതെന്നും എനിക്ക് ഇങ്ങനത്തെ മത്സരാർത്ഥികളെ ജഡ്ജ് ചെയ്യാൻ താല്പര്യമില്ലെന്നും ഷാമോൻറെ മുഖത്തെ ആ അഹങ്കാരം കണ്ടോ എന്നും പറഞ്ഞ് രഞ്ജിനി ജഡ്ജിങ് പാനലിൽ നിന്നും എഴുന്നേറ്റ് പോയി . പിന്നാലെ ഷാമോനും ഷിജുവും കാണിച്ചത് ഭയങ്കര ബോർ പ്രകടനമെന്ന മട്ടിൽ അഖിൽ മാരാരും റിയാസും എഴുന്നേറ്റ് പോയി. അതോടെ ഷാമോനും ഷിജുവും എന്ത് ചെയ്യും പറയും എന്നറിയാതെ ഫ്ലോറിൽ നിൽക്കുന്നത് കാണിച്ചുകൊണ്ടാണ് എപ്പിസോഡ് അവസാനിക്കുന്നത്.

ഈ എപ്പിസോഡിന് ശേഷം ജഡ്ജസിന്റെ പ്രകടനത്തെ കുറിച്ചാണ് പ്രേക്ഷകർക്കിടയിൽ ചർച്ച മുഴുവൻ. ഇവരെന്തിനാണ് ഇത്ര ഷോ കാണിക്കുന്നതെന്നും എഴുന്നേറ്റ് പോകാൻ മാത്രം ട്രിഗർ ആയെങ്കിൽ ആദ്യം നിങ്ങൾ ഷാമോനെയും ഷിജുവിനെയും ട്രിഗർ ചെയ്തില്ലേ എന്നാണ് ഒരു കൂട്ടരുടെ ചോദ്യം. സഹമത്സരാർത്ഥിയോടുള്ള വിശ്വാസവുമായി ബന്ധപ്പെട്ട ടാസ്ക് ആയതുകൊണ്ടുതന്നെ അവർ എങ്ങനെ കളിക്കണമെന്ന് അവരുടെ ചോയ്സ് അല്ലേ, സത്യസന്ധമായി ഇരുവരും കളിച്ചത്തിൽ തെറ്റില്ലെന്നും ജഡ്ജസ് വേറെന്തോ മൂഡിൽ അവരെ ചൊറിഞ്ഞതാണെന്നുമാണ് വേറൊരു പറ്റം പ്രേക്ഷകരുടെ അഭിപ്രായം. എന്നാൽ അവർ ഒറ്റക്ക് ഒറ്റക്ക് കളിക്കുന്നതിന് പകരം ഗ്രൂപ്പ് ആയി കളിച്ചതുകൊണ്ടല്ലേ എന്നും, അതല്ലല്ലോ ഗെയിം രീതി എന്നുമാണ് വേറൊരു കൂട്ടം ആളുകളുടെ പ്രതികരണം. അത് ജഡ്ജസിനെ കളിയാക്കുന്നപോലെ ആയെന്നും ഒരു ഷോയിൽ വരുമ്പോൾ ജഡ്ജസിന് ഒരു വില കൊടുക്കേണ്ടേ എന്നതും അവർ കൂട്ടിച്ചേർക്കുന്നുണ്ട്. അതേസമയം ജഡ്ജസിന് ആദ്യം ഒരു ഓഡീഷൻ വെക്കണമെന്നും എന്നിട്ട് ഇവരെപോലുള്ളവർ ഷോയിൽ ജഡ്ജസായി വരണമെന്നും കൗണ്ടർ മറുപടിയും വന്നിട്ടുണ്ട്. എന്തായാലും ആകെമൊത്തം അഗ്നിപരീക്ഷയിൽ ഫയർ മോഡ് ആണിപ്പോൾ. വോട്ടിംഗ് കൂടി ആരംഭിച്ചതോടെ കൂട്ടത്തിൽ ഇനി ആരൊക്കെ ബിഗ്‌ബോസ് ഹൗസിനകത്ത് കയറുമെന്നറിയാൻ പ്രേക്ഷകരെല്ലാം അക്ഷമരായി കാത്തിരിക്കുകയാണ്. അഗ്നിപരീക്ഷയിലെ ആ ടോപ് ഫൈവ് മത്സരാർത്ഥികൾക്കായി കട്ട കാത്തിരിപ്പിലാണ് ബിഗ് ബോസ് ആരാധകരും പ്രേക്ഷരും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക