ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ മത്സരാര്‍ഥിയായ ഷാനവാസിന് ഒരു ‘പണി’ ബിഗ് ബോസ് വക ഇന്ന് ലഭിച്ചു. ഒരു സീക്രട്ട് ടാസ്‍ക് വിജയകരമായി നടത്താനായിരുന്നു അത്. 

ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ തുടര്‍ച്ചയായ രണ്ടാം ആഴ്ചയും ഒരു സീക്രട്ട് ടാസ്ക് നടന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ചയില്‍ നിന്ന് വിഭിന്നമായി ഇത്തവണത്തേത് ആത്യന്തികമായി ഒരു പ്രാങ്ക് ആയിരുന്നു. എന്നാല്‍ അനുഭവസ്ഥരെ സംബന്ധിച്ച് അത് ഞെട്ടിക്കുന്ന ഒന്നുമായിരുന്നു. ഇത്തവണത്തെ സീക്രട്ട് ടാസ്ക് ഏല്‍പ്പിക്കാന്‍ ഷാനവാസിനെയാണ് ബിഗ് ബോസ് തെരഞ്ഞെടുത്തത്. കഴിഞ്ഞ തവണത്തെ സീക്രട്ട് ടാസ്ക് കുളമായത് ഷാനവാസ് കാരണമായിരുന്നു. ആ ക്ഷീണം മാറ്റാനുള്ള സുവര്‍ണാവസരമാണ് ഇതെന്നും ബിഗ് ബോസ് ഷാനവാസിനോട് വിശദീകരിച്ചു. കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചാണ് ബിഗ് ബോസ് ഷാനവാസിന് മുന്നില്‍ കാര്യം അവതരിപ്പിച്ചത്. ആദ്യം ഒന്ന് അമ്പരന്നെങ്കിലും ഷാനവാസ് ആത്മവിശ്വാസത്തോടെ ടാസ്ക് ഏറ്റെടുത്തു.

ഇന്ന് ഇവിടെ ഒരു മിഡ് വീക്ക് എവിക്ഷന്‍ നടക്കുമെന്നും അതൊരു പ്രാങ്ക് ആയിരിക്കുമെന്നും ബിഗ് ബോസ് പറഞ്ഞു. ആരെയാണ് എവിക്റ്റ് ചെയ്യാന്‍ തെരഞ്ഞെടുക്കേണ്ടതെന്നും ആ മത്സരാര്‍ഥിക്കെതിരെ മിനിമം ആറ് വോട്ട് ഉറപ്പിക്കേണ്ടതും ഷാനവാസിന്‍റെ ചുമതല ആയിരുന്നു. ഇതിന് ഒരു സഹായിയെ കൂടി വെക്കാമെന്നും ബിഗ് ബോസ് പറഞ്ഞു. സഹായിയായി അക്ബറിനെയാണ് ഷാനവാസ് തെര‍ഞ്ഞെടുത്തത്. സംഭവം ആത്യന്തികമായി ഒരു പ്രാങ്ക് ആണെന്ന വിവരം അക്ബറിനോട് മാത്രമാണ് ഷാനവാസ് പറഞ്ഞത്.

നെവിനോടും ആര്യനോടും ടാസ്കിന്‍റെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തിയത് അക്ബര്‍ തന്നെ ആയിരുന്നു. ലക്ഷ്മിയോടും സാബുമാനോടും ഷാനവാസും കാര്യം അവതരിപ്പിച്ചു. ഒടുവില്‍ രാത്രിയോടെ മിഡ് വീക്ക് എവിക്ഷന്‍ നടക്കുന്നതായി ബിഗ് ബോസിന്‍റെ പ്രഖ്യാപനം വന്നു. തുടര്‍ന്ന് നടന്ന ഓപണ്‍ നോമിനേഷനില്‍ പ്ലാന്‍ ചെയ്യപ്പെട്ടതുപോലെ ആദില ആറ് വോട്ടുകള്‍ നേടി. ആദിലയോട് പ്രധാന വാതിലിലൂടെ പുറത്തേക്ക് വരാന്‍ ബിഗ് ബോസ് നിര്‍ദേശിച്ചു. എല്ലാവരോടും യാത്ര ചോദിച്ച് ഫോട്ടോയും എടുത്ത് പ്രധാന വാതിലിനടുത്തേക്ക് എത്തുമ്പോഴേക്കും അത് തുറന്നിരുന്നു. പുറത്തേക്ക് ഇറങ്ങാന്‍ ആദില തുനിഞ്ഞപ്പോഴേക്കും സംഭവം പ്രാങ്ക് ആണെന്ന ബിഗ് ബോസിന്‍റെ പ്രഖ്യാപനം എത്തി. വൈകാരികമായി ആയിരുന്നു ഇതിനോടുള്ള നൂറയുടെ പ്രതികരണം. കുറച്ചുനേരം ടെന്‍ഷനില്‍ ആയെങ്കിലും മത്സരാര്‍ഥികള്‍ക്ക് ആത്യന്തികമായി ആശ്വാസം പകര്‍ന്ന ദിവസമായിരുന്നു ഇന്ന്. അതേസമയം ഈ വാരാന്ത്യത്തില്‍ ആര് പുറത്താവുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്