തനിയെ വഴിവെട്ടി, പാവപ്പെട്ടവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവര്‍ക്കൊപ്പം നിന്നുകൊണ്ട് അവകാശങ്ങള്‍ നേടി കൊടുക്കാനും മാക്സിമം ശ്രമിക്കുന്നൊരു സ്ത്രീയാണ് ശോഭാ സുരേന്ദ്രനെന്നും രജിത് പറയുന്നു.

തെരഞ്ഞെടുപ്പ് ചൂട് കേരളത്തിൽ ശക്തി പ്രാപിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിൽ എല്ലാവരും ഉറ്റുനോക്കുന്ന മണ്ഡലം പാലക്കാട് ആണ്. രമേഷ് പിഷാരടി, ശോഭാ സുരേന്ദ്രൻ, എൻഎംആർ റസാഖ് എന്നിവരാണ് ഇവിടുത്തെ സ്ഥാനാർത്ഥികൾ. ഇപ്പോഴിതാ ശോഭാ സുരേന്ദ്രൻ തോൽക്കാൻ പാടില്ലെന്നും കേരളത്തിലെ ഉരുക്കു വനിതയും ശക്തയായ വനിതാ നേതാവും അവരാണെന്നും പറയുകയാണ് ബി​ഗ് ബോസ് മലയാളം മുൻ താരം രജിത് കുമാർ. തനിയെ വഴിവെട്ടി, പാവപ്പെട്ടവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവര്‍ക്കൊപ്പം നിന്നുകൊണ്ട് അവകാശങ്ങള്‍ നേടി കൊടുക്കാനും മാക്സിമം ശ്രമിക്കുന്നൊരു സ്ത്രീയാണ് ശോഭാ സുരേന്ദ്രനെന്നും രജിത് പറയുന്നു. ഈ സഹോദരി തോൽക്കാൻ പാടില്ലെന്നും രജിത് കൂട്ടിച്ചേർത്തു.

രജിത് കുമാർ പറഞ്ഞത് ഇങ്ങനെ

അസംബ്ലി ഇലക്ഷന്‍ ചൂട് പിടിച്ച് വരികയാണ്. പലരും മത്സരിക്കുന്നുണ്ട്. കലാകാരന്‍ കൂടിയായ എനിക്ക് രാഷ്ട്രിയത്തിലും താല്പര്യമുണ്ട്. വ്യക്തിപരമായൊരു പ്രത്യേക രാഷ്ട്രീയം ഇല്ല. ജാതി-മത-രാഷ്ട്രീയത്തിന് അതീതമായിട്ട് ജനങ്ങളേയും സമൂഹത്തെയും രാജ്യത്തെയും സേവിക്കണമെന്ന് ആഗ്രഹിക്കുന്ന യഥാര്‍ത്ഥ മനുഷ്യത്വമുള്ളൊരു മനുഷ്യനാണ്. ഒന്നുകൂടി പറഞ്ഞു കഴിഞ്ഞാല്‍ കമ്യൂണിറ്റിക്ക് വേണ്ടി ജീവിക്കുന്ന, നല്ല കമ്യൂണിസ്റ്റ് ആശയങ്ങള്, പാലോളി മുഹമ്മദ് കുട്ടി സാറ് പണ്ട് കൊണ്ടുനടന്നത് പോലെ നല്ല കമ്യൂണിസ്റ്റ് ആശയങ്ങള്‍ മനസില്‍ കൊണ്ടുനടക്കുന്ന, ദൈവഭക്തിയുള്ള, ദൈവ വിശ്വാസിയായ കമ്യൂണിസ്റ്റുകാരനാണ്. കോണ്‍ഗ്രസില്‍ എനിക്ക് ഒരുപാട് ബന്ധങ്ങളുണ്ട്. ബിജെപിക്ക് എന്നെ ഇഷ്ടമാണ്. എല്‍ഡിഎഫില്‍ ധാരാളം പേര്‍ക്ക് എന്നെ ഇഷ്ടമാണ്. ഖുറാനും, ഗീതയും, വേദഗ്രന്ഥങ്ങളും എനിക്ക് നന്നായിട്ട് അറിയാം.

ഒരു വ്യക്തിയെ നിങ്ങള്‍ക്ക് പരിചയപ്പെടുത്താനാണ് ഞാനിപ്പോ വന്നത്. ജാതിയോ മതമോ രാഷ്ട്രീയമോ നിങ്ങള്‍ നോക്കേണ്ട. ഒരുപാട് നാളുകള്‍ കൊണ്ട് ഞാന്‍ പ്രത്യേകം ശ്രദ്ധിക്കുന്ന, ഉരുക്ക് വനിത എന്ന് പറയാന്‍ പറ്റുന്ന കേരളത്തിലെ അസംബ്ലി ഇലക്ഷനില്‍ മത്സരിക്കുന്ന, എന്‍റെ ഒരു സഹോദരിയുണ്ട്. ശോഭാ സുരേന്ദ്രന്‍. പല രാഷ്ട്രീയ പാര്‍ട്ടിയിലും വനിതാ നേതാക്കളെ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ ശോഭാ സുരേന്ദ്രന്‍ ഒരു പാവപ്പെട്ട വീട്ടില്‍ നിന്നും വളര്‍ന്ന് കയറി വന്ന്, തനിയെ വഴിവെട്ടി, പാവപ്പെട്ടവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവര്‍ക്കൊപ്പം നിന്നുകൊണ്ട് ഒരിടത്തും പേടിയില്ലാതെ സംസാരിക്കാനും അവകാശങ്ങള്‍ നേടി കൊടുക്കാനും മാക്സിമം ശ്രമിക്കുന്നൊരു സ്ത്രീയാണ്.

അവരോ, ബിജെപിയോ പറഞ്ഞിട്ടല്ല ഞാനിത് പറയുന്നത്. ഞാനും ആ പാര്‍ട്ടിയുമായിട്ടൊന്നും യാതൊരു ബന്ധവും ഇല്ല. ഞാന്‍ ന്യായത്തിന്‍റെയും ധര്‍മത്തിന്‍റെയും നീതിയുടേയും കൂടെ മാത്രമെ നില്‍ക്കൂ. ഏത് പാര്‍ട്ടിയോ ഭരിക്കാന്‍ വരട്ടെ. പക്ഷെ പ്രതിപക്ഷത്ത് ശോഭാ സുരേന്ദ്രനെ പോലൊരാള്‍ ഉണ്ടെങ്കില്‍ ഭരണപക്ഷത്ത് ആരായാലും അവര്‍ ജനങ്ങളോട് കുറച്ചു കൂടി നീതി പുലര്‍ത്തും. അങ്ങനെ ഞാന്‍ വിശ്വസിക്കുന്നു. കാരണം നല്ല ശൗര്യമുള്ള, ആര്‍ജ്ജവമുള്ള ഉരുക്ക് വനിതയാണ് അവര്‍. കേരളത്തിലെ ഏറ്റവും ശക്തയായ വനിതാ നേതാവ് ശോഭാ സുരേന്ദ്രനാണ്. അവര്‍ പരാജയപ്പെടാതിരിക്കാന്‍ നോക്കുക. അവരെ ഞാന്‍ പിന്തുണയ്ക്കുന്നു. എന്‍റെ വോട്ട് തിരുവനന്തപുരത്താണ്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming