മോശമായ വാക്കുകൾ ഉപയോഗിക്കുന്നതിനൊപ്പം ലൈംഗിക ചുവയോടെയുള്ള വാക്കുകൾ മറ്റ് മത്സരാർത്ഥികളെ പ്രിയങ്ക വിളിക്കുകയും ചെയ്തിരുന്നു.
ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. വിവിധ ഭാഷകളിൽ സംപ്രേഷണം ചെയ്യുന്ന ഷോയുടെ ഏഴാം പതിപ്പാണ് നിലവിൽ മലയാളത്തിൽ നടക്കുന്നത്. ബിഗ് ബോസിലെ ദ ബെസ്റ്റ് അവതാരകൻ ആരെന്ന് ചോദിച്ചാൽ കണ്ണുംപുട്ടി എല്ലാവരും പറയുന്നൊരേയൊരു പേര് സൽമാൻ ഖാൻ എന്നാകും. അത്രത്തോളം പവർഫുള്ളും ത്രസിപ്പിക്കുന്ന തരത്തിലുമുള്ള സൽമാൻ ഖാന്റെ ബിഗ് ബോസ് ഷോ കാണുന്ന മലയാളികളും ധാരാളമാണ്. ബിഗ് ബോസ് അവതാരകനെന്നാൽ സല്ലു ഭായ് ആയിരിക്കണമെന്നാണ് പ്രേക്ഷകർ പറയാറുള്ളതും.
ഇപ്പോഴിതാ സൽമാൻ ഒരു മത്സരാർത്ഥിയോട് ഷോയിൽ നിന്നും ഇറങ്ങി പോകാൻ പറയുന്നൊരു വീഡിയോ മലയാളം ബിഗ് ബോസ് പേജുകളിൽ വന്നിരിക്കുകയാണ്. 2016ൽ നടന്ന ബിഗ് ബോസ് സീസൺ 10ലെ സംഭവമാണിത്. മത്സരാർത്ഥിയായ പ്രിയങ്ക ജങ്ക താൻ ബിഗ് ബോസിനെക്കാൾ വലിയ ആളാണെന്ന് മാത്രമല്ല മോശമായ കാര്യങ്ങൾ പറഞ്ഞ് വലിയ പ്രശ്നം ഒരിക്കൽ ബിഗ് ബോസിൽ നടത്തിയിരുന്നു. പിന്നാലെ സ്വന്തം ഇഷ്ടത്തിന് പോകുമെന്ന് പറഞ്ഞ മത്സരാർത്ഥിയോട്, സൽമാൻ ഖാൻ വെയ്റ്റ് ചെയ്യാൻ പറയുകയും ആ വീഡിയോ കാണിച്ച് കൊടുക്കുകയും ഇറങ്ങിപ്പോകാനും പറയുകയായിരുന്നു.
ഒപ്പം കളേർസ് ടിവി അധികൃതർക്ക് ഒരു മുന്നറിയിപ്പും സൽമാൻ ഖാൻ നൽകി. മോശമായ വാക്കുകൾ ഉപയോഗിക്കുന്നതിനൊപ്പം ലൈംഗിക ചുവയോടെയുള്ള വാക്കുകൾ മറ്റ് മത്സരാർത്ഥികളെ പ്രിയങ്ക വിളിക്കുകയും ചെയ്തിരുന്നു. പലതവണ വാണിംഗ് നൽകിയതിന് ശേഷമായിരുന്നു സൽമാൻ അവരെ ഇറക്കി വിട്ടതും.
'ഇത് നിങ്ങൾക്ക് പറ്റിയ ഷോ അല്ല. എന്റെ വീട്ടിൽ നിന്നും ഇറങ്ങി പോ', എന്നാണ് സൽമാൻ ഖാൻ പറഞ്ഞത്. ആ സീസണിൽ മുഴുവൻ പ്രശ്നക്കാരി ആയിരുന്ന മത്സരാർത്ഥിയെ പുറത്താക്കിയത് വലിയ കരഘോഷത്തോടെ ആയിരുന്നു മറ്റുള്ളവർ ഏറ്റെടുത്തത്. 'കളേഴ്സ് ടിവിയോട് എനിക്കൊരു അപേക്ഷയുണ്ട്.. ഒരു കാരണവശാലും അവളെ ഇനി ബിഗ് ബോസ് ഷോയിലേക്ക് കൊണ്ടുവരരുത്. ചാനലിലും. ഏതേലും വിധേന അവൾ ഈ ഷോയിൽ വരികയാണെങ്കിൽ ഞാൻ പിന്നെ ഒരുകാരണവശാലും ഒരിക്കലും കളേഴ്സ് ടിവിയുമായി സഹകരിക്കില്ല', എന്നായിരുന്നു സൽമാൻ ഖാൻ പറഞ്ഞത്.
ഈ വീഡിയോ കണ്ട് ഇതാണ് റിയൽ ബിഗ് ബോസ് എന്നാണ് മലയാളികൾ കമന്റ് ചെയ്യുന്നത്. അതേസമയം, ഒരു അവതാരകൻ ഇങ്ങനെയൊക്കെ പറയാമോന്ന് ചോദിക്കുന്നവരും ധാരാളമാണ്. ഇതൊക്കെ ഹിന്ദി ബിഗ് ബോസിലെ നടക്കൂ എന്ന് പറയുന്നവരും ഇക്കൂട്ടത്തിലുണ്ട്.



