ബിഗ് ബോസ് മലയാളം സീസൺ 7-ൽ 57-ാം ദിവസം ഫാമിലി റൗണ്ട് ആരംഭിച്ചു. ഷാനവാസ്, അനീഷ്, ബിന്നി എന്നിവരുടെ കുടുംബാംഗങ്ങൾ വീട്ടിലെത്തി. ഒരു ടാസ്ക് പൂർത്തിയാക്കിയാണ് ഷാനവാസും അനീഷും തങ്ങളുടെ കുടുംബത്തെ കണ്ടത്.

ബിഗ് ബോസ് മലയാളം സീസൺ 7 ൽ ഫാമിലി റൗണ്ട് വന്നെത്തിയിരിക്കുകയാണ്. മുൻ സീസണുകളെ അപേക്ഷിച്ച് ഇത്തവണ നേരത്തെയാണ് ഫാമിലി റൗണ്ട് എന്ന പ്രത്യേകതയുമുണ്ട്. സീസൺ തുടങ്ങി അൻപത്തിയേഴാം ദിവസമാണ് മൂന്ന് മത്സരാർത്ഥികളുടെ ഫാമിലി എത്തിയിരിക്കുന്നത്. ഷാനവാസ്, അനീഷ്, ബിന്നി എന്നിവരുടെ ഫാമിലിയാണ് ഇത്തവണ ബിബി വീട്ടിലെത്തിയിരിക്കുന്നത്. ഷാനവാസിന്റെ ഭാര്യയും മകളും, അനീഷിന്റെ അമ്മയും അനിയനും, ബിന്നിയുടെ ഭർത്താവ് എന്നിവരാണ് ഇന്ന് വീട്ടിലെത്തിയത്.

വൈകാരിക നിമിഷങ്ങൾ

ഷാനവാസിന്റെയും അനീഷിന്റെയും ഫാമിലി എത്തുന്നതിന് മുൻപ് ഇരുവർക്കും നൽകിയിരിക്കുന്ന ടാസ്ക് പൂർത്തിയാക്കണം എന്നായിരുന്നു ബിഗ് ബോസ് നൽകിയ നിർദ്ദേശം. അതുകൊണ്ട് തന്നെ ഫാമിലി എത്തിയപ്പോൾ ഇരുവരും ടാസ്ക് റൂമിൽ ആയിരുന്നു. ഫാമിലി ഫോട്ടോ പസിൽ കൃത്യമായി പൂർത്തീകരിച്ച്ചാൽ മാത്രമേ ഇരുവർക്കും ഫാമിലിയെ കാണാൻ കഴിയൂ. അല്ലാത്ത പക്ഷം അവർ ബിബി വീട്ടിൽ നിന്നും തിരിച്ച് പോവുമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. നൽകിയ ടാസ്ക് ആദ്യം പൂർത്തിയാക്കിയത് ഷാനവാസ് ആയിരുന്നു. അതുകൊണ്ട് തന്നെ ആദ്യം ഫാമിലിയെ കാണാൻ ഷാനവാസിന് സാധിച്ചു. ടാസ്ക് പൂർത്തിയാക്കാൻ ഒരുപാട് സമയമെടുത്ത അനീഷിന്റെ വൈകാരിക മുഹൂർത്തങ്ങൾക്ക് കൂടി ഇന്ന് ബിബി ഹൗസ്സാക്ഷ്യം വഹിച്ചു. തുടർന്ന് ടാസ്ക് റൂമിലേക്ക് അനീഷിന്റെ അമ്മയും അനിയനും വരുന്നതാണ് കാണാൻ കഴിയുന്നത്.

ഇരുവരുടെയും ഫാമിലിക്ക് ബിബി ഹൗസിലെ ഇഷ്ടപ്പെട്ട മത്സരാർത്ഥിയെ കുറിച്ച് പറയാൻ അവസരം ലഭിക്കുകയും, അനീഷിന്റെ അമ്മ ഷാനവാസിനെ തന്റെ ഇഷ്ട മത്സരാർത്ഥിയായി തിരഞ്ഞെടുക്കുകയും ചെയ്തു. അനീഷിന്റെ അനിയൻ തിരഞ്ഞെടുത്തത് ആര്യനെയായിരുന്നു. ഷാനവാസിന്റെ ഭാര്യ തിരഞ്ഞെടുത്തത് അനീഷിനെയും മകൾ തിരഞ്ഞെടുത്തത് നെവിനെയുമാണ്. രാത്രി എത്തിയത് ബിന്നിയുടെ ഭർത്താവ് ആയിരുന്നു. മൂന്ന് ദിവസമാണ് ബിന്നിയുടെ ഭർത്താവിന് ബിബി വീട്ടിൽ നിൽക്കാൻ സാധിക്കുന്നത്. വൈകാരികമായ നിമിഷങ്ങൾക്കാണ് ഇരുവരും കണ്ടുമുട്ടുമ്പോൾ ബിഗ് ബോസ് വീട് സാക്ഷ്യം വഹിക്കുന്നത്. വരും ദിവസങ്ങളിൽ ഇനി ആരുടെയൊക്കെ ഫാമിലിയാണ് ബിബി വീട്ടിൽ എത്താൻ പോകുന്നതെന്നാണ് ഇനി പ്രേക്ഷകർ ഉറ്റുനോക്കുന്നത്.