ഫോട്ടോഗ്രാഫര്‍ ആയ മത്സരാര്‍ഥി ബിഗ് ബോസില്‍ ആദ്യം

സ്ത്രീകള്‍ മുന്‍പ് കാര്യമായി എത്തിപ്പെടാത്ത മേഖലകളില്‍ ഒന്നായിരുന്നു ഫോട്ടോഗ്രഫി. പുതിയ കാലത്ത് അതിന് മാറ്റമുണ്ടെങ്കിലും വനിതാ ഫോട്ടോഗ്രാഫര്‍മാര്‍ എന്നത് ഇപ്പോഴും എണ്ണത്തില്‍ കുറവാണ്, ആ മേഖലയിലെ പുരുഷന്മാരെ അപേക്ഷിച്ച്. അതേസമയം ഫോട്ടോഗ്രഫിയില്‍ തന്‍റേതായ അടയാളം സൃഷ്‍ടിച്ച സ്ത്രീകളും ഉണ്ട്. പുതുതലമുറയില്‍ നിന്നുള്ള അത്തരത്തിലെ ഒരാള്‍ ഇത്തവണത്തെ ബിഗ് ബോസ് മലയാളത്തില്‍ മത്സരാര്‍ഥിയായി ഉണ്ട്. ഡെയ്‍സി ഡേവിഡ് ആണത്.

വിവാഹ ഫോട്ടോഗ്രഫിയിലും ഫാഷന്‍ ഫോട്ടോഗ്രഫിയിലും ഇതിനകം തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഡെയ്‍സി കേരളത്തിലെ അറിയപ്പെടുന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമാണ്. സെലിബ്രിറ്റി ഫോട്ടോഗ്രഫിയില്‍ ഡെയ്‍സിയെപ്പോലെ പേരെടുത്ത അധികം വനിതകള്‍ ഇല്ല. വെഡ്ഡിംഗ് ഫോട്ടോഗ്രഫിയില്‍ എപ്പോഴും തന്‍റേതായ പരീക്ഷണങ്ങള്‍ നടത്താറുള്ള ഡെയ്‍സി നാരീസ് വെഡ്ഡിംഗ്സ് എന്ന പേരില്‍ ഒരു സ്ഥാപനം നടത്തുന്നുണ്ട്. വിവാഹ ഫോട്ടോഗ്രഫിയില്‍ വനിതാ ഫോട്ടോഗ്രാഫര്‍മാരുടെ ഒരു സംഘത്തെയാണ് ഡെയ്‍സി നയിക്കുന്നത്. 

സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളെ ഏറ്റവും സജീവമായി ഉപയോഗിക്കാറുള്ള ഡെയ്‍സിക്ക് ഇന്‍സ്റ്റയില്‍ 54,000ല്‍ അധികം ഫോളോവേഴ്സ് ഉണ്ട്. ഇന്‍വൈറ്റ്സ് ബൈ നാരീസ് എന്ന പേരില്‍ ഗിഫ്റ്റ് കാര്‍ഡുകളും ഗിഫ്റ്റ് ബോക്സുകളുമൊക്കെ പുറത്തിറക്കുന്ന ഒരു പ്രോഡക്റ്റ് സര്‍വ്വീസും ഡെയ്‍സി നടത്തുന്നുണ്ട്. ബിഗ് ബോസ് മലയാളം സീസണുകളില്‍ ആദ്യമായാണ് ഒരു ഫോട്ടോഗ്രാഫര്‍ മത്സരാര്‍ഥിയായി എത്തുന്നതെന്ന പ്രത്യേകതയുമുണ്ട് ഡെയ്‍സിയുടെ സാന്നിധ്യത്തിന്.

'സം​ഗതി കളർ ആകട്ടെ'; ബി​ഗ് ബോസ് സീസൺ 4ന് ആശംസയുമായി മണിക്കുട്ടൻ

ടെലിവിഷൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബി​ഗ് ബോസ് മലയാളം സീസൺ 4 ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി(Bigg Boss Malayalam). ഇന്ന് വൈകുന്നേരം 7 മണി മുതൽ ഷോ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തു തുടങ്ങും. ഈ അവസരത്തിൽ ബി​ഗ് ബോസ് പുതിയ സീസണ് ആശംസയുമായി എത്തുകയാണ് മുൻ വിജയിയും നടനുമായ മണിക്കുട്ടൻ.

'ബി​ഗ് ബോസ് സീസൺ 4ൽ പങ്കെടുക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും എന്റെ ആശംസകൾ. ആ വേദിയിലെ മത്സരങ്ങൾക്കൊപ്പം തന്നെ നല്ല മുഹൂർത്തങ്ങളും പ്രേക്ഷകർക്ക് സമ്മാനിക്കാൻ സാധിക്കട്ടെ എന്നും ആശംസിക്കുന്നു. സം​ഗതി കളർ ആകട്ടെ', എന്നാണ് മണിക്കുട്ടൻ കുറിച്ചത്. 

തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാത്രി 9.30 മുതലും ശനിയും ഞായറും ഒമ്പത് മണിക്കുമാണ് ഷോയുടെ സംപ്രേഷണം. സം​ഗതി കളറാകും എന്ന ടാ​ഗ് ലൈനോടെയാണ് പുതിയസീസൺ ആരംഭിക്കുന്നത്. അതേസമയം, മുൻപത്തെ സീസണുകളെ പോലെയല്ല ഇത്തവണത്തെ ബി​ഗ് ബോസെന്നും ഏറെ പ്രത്യേകതകൾ ഉണ്ടായിരിക്കുമെന്നും മോഹൻലാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ‌