മിനി സ്‍ക്രീനിലെ പ്രിയ താരം നവീൻ അറയ്‍ക്കല്‍ ബിഗ് ബോസില്‍ (Bigg Boss Malayalam Season 4).

മലയാള ടെലിവിഷന്‍ സ്‍ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചയമുള്ള മുഖമാണ് നവീന്‍ അറയ്ക്കലിന്‍റെത്. സീരിയലുകളിലൂടെയും ടെലിവിഷന്‍ ഗെയിം ഷോകളിലൂടെയും നവീന്‍ നിറഞ്ഞ് നില്‍ക്കുന്നു. ഏഷ്യാനെറ്റിലെ അടക്കം സീരിയലുകളില്‍ സാന്നിധ്യമായ നവീന്‍ ചില സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്. ഫിറ്റ്നസ് ഫ്രീക്കായ താരം എന്നാണ് പൊതുവില്‍ നവീന്‍ അറിയപ്പെടുന്നത് തന്നെ. ഇത് തെളിയിക്കുന്നതാണ് നവീന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍. നവീൻ തോമസ് അറയ്‍ക്കൽ ബിഗ് ബോസിലൂടെയും പ്രേക്ഷകരെ ആകര്‍ഷിക്കാൻ എത്തിയിരിക്കുയാണ് (Bigg Boss Malayalam Season 4).

'പാടാത്ത പൈങ്കിളി' എന്ന ഏഷ്യനെറ്റ് സീരിയലിലാണ് നവീന്‍ അവസാനമായി പ്രധാന വേഷം ചെയ്‍തത്. 2010ല്‍ 'കാണ്ഡഹാര്‍' എന്ന ചിത്രത്തില്‍ സൈനികനായാണ് നവീന്‍റെ സിനിമ രംഗത്തേക്കുള്ള അരങ്ങേറ്റം. 'എന്ന് സ്വന്തം ജാനി' എന്ന സീരിയലിലെ വില്ലന്‍, 'സീത' എന്ന സീരിയലിലെ സുഹൃത്തിന്റെ വേഷം എന്നിവ നവീനെ ടിവി പ്രേക്ഷകര്‍ക്ക് സുപരിചിതനാക്കി.

എങ്കിലും 'സ്റ്റാര്‍ മാജിക്കിലെ' ഹ്യൂമര്‍ ഇടപെടലുകളാണ് നവീനെ കൂടുതല്‍ ജനകീയനാക്കിയത്. ഒപ്പം ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ നിരന്തരം നവീന്‍ തന്‍റെ ഫിറ്റ്നസ് വര്‍ക്ക്ഔട്ടുകളും മറ്റും പുറത്ത് വിട്ട് ആരാധകരെ ആകര്‍ഷിച്ചിരുന്നു.

2012-ലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ "മായാമോഹിനി' യില്‍ ഇദ്ദേഹം ഒരു വേഷം ചെയ്തിട്ടുണ്ട്. 'സത്യം ശിവം സുന്ദരം', 'ഗംഗ', 'പ്രണയം, '7 രാത്രികൾ, തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട് നവീന്‍. ഇന്ത്യന്‍ ടെലിവിഷന്‍ സിനിമ ഇന്‍സ്റ്റ്യൂട്ടില്‍ നിന്നും അഭിനയം പഠിച്ച വ്യക്തി കൂടിയാണ് നവീന്‍.

സിനിമയിലും സീരിയലിലും സജീവമായി പ്രേക്ഷക ശ്രദ്ധ നേടിയ നവീന്റെ യഥാര്‍ഥ ജീവിതം എന്തെന്ന് ഇനി പ്രേക്ഷകര്‍ക്ക് ബിഗ് ബോസിലൂടെ കാണാം. നവീന്റെ കോമഡികളും അഭിനയ പ്രകടനങ്ങളും ബിഗ് ബോസിനെ ആകര്‍ഷകമാക്കും എന്ന് തീര്‍ച്ച. നവീന്റെ ഫിറ്റ്‍നെസ് തന്ത്രങ്ങള്‍ക്ക് ബിഗ് ബോസിലും ആരാധകരുണ്ടായാക്കാം. കരുത്തുറ്റ ഒരു മത്സരാര്‍ഥി തന്നെയായിരിക്കും നിവീൻ അറയ്‍ക്കല്‍.