സിനിമയിലും സീരിയലിലും തിളങ്ങിയ ഷിജു എ ആര്‍ ബിഗ് ബോസില്‍.

സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികൾക്ക് സുപരിചിതനായ നടനാണ് ഷിജു എ ആർ (ഷിജു അബ്‍ദുൾ റഷീദ്). 'ഇഷ്‍ടമാണ് നൂറുവട്ടം' എന്ന ചിത്രത്തിലെ നായക വേഷമാണ് ഷിജുവിനെ മലയാള സിനിമാപ്രേക്ഷകർക്ക് പ്രിയങ്കരനാക്കിയത്. പിന്നീട് 'കാലചക്രം', 'സിദ്ധാർത്ഥ', 'വാചാലം', 'കമ്മത്ത് & കമ്മത്ത്', 'സൗണ്ട് തോമ', 'പോളിടെക്നിക്', 'ഡോൾഫിൻ ബാർ', 'കസിൻസ്', 'പുള്ളിപ്പുലികളും ആട്ടിൻകുട്ടി'യും തുടങ്ങി ധാരാളം മലയാള സിനിമകളുടെ ഭാ​ഗമായി. സിനിമയില്‍ നായകനായി തിളങ്ങിയ ഷിജു സീരിയലിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരനായി.

'മഴവിൽക്കൂടാരം' എന്ന സിനിമയിലൂടെ 1995ലാണ് മലയാളത്തിൽ ഷിജു അരങ്ങേറ്റം കുറിച്ചത്. 1996ൽ 'മഹാപ്രഭു' എന്ന തമിഴ് ചിത്രത്തിലെ വില്ലൻവേഷം കരിയറിൽ മികച്ച അവസരങ്ങളിലേക്ക് ഷിജുവിനെ നയിച്ചു. കോഡിരാമ കൃഷ്‍ണ സംവിധാനം ചെയ്‍ത 'ദേവി' എന്ന തെലുങ്ക് സിനിമ സൂപ്പർ ഹിറ്റായിരുന്നു. 'ദേവി ഷിജു' എന്നാണ് തെലുങ്ക് പ്രേക്ഷകർക്കിടയിൽ ഇദ്ദേഹം അറിയപ്പെടുന്നത്. 'മനസന്ത നുവ്വെ', 'നുവ്വു നാക്കു നച്ചാവു', 'സിംഹരാശി', 'അമ്മായികോസം' തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലും ഷിജു അഭിനയിച്ചിട്ടുണ്ട്. രാജേഷ് ടച്ച്‌റൈവർ സംവിധാനം ചെയ്‍ത ‘ഇൻ നെയിം ഓഫ് ബുദ്ധ’ എന്ന അന്താരാഷ്ട്രചലച്ചിത്രത്തിലും ഷിജു ഭാ​ഗമായിട്ടുണ്ട്.

രണ്ടായിരുത്തിനാലില്‍ ഷാജു സിനിമകളിൽ നിന്ന് ഇടവേള എടുത്ത് ശ്രദ്ധ സീരിയലിലേക്ക് കേന്ദ്രീകരിച്ചു. പിന്നീട് 2013 ൽ 'കമ്മത്ത് & കമ്മത്ത്' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് തിരികെയെത്തിയത്. സീ ടിവിയിൽ സംപ്രേഷണം ചെയ്‍തിരുന്ന 'നീയും ഞാനും' എന്ന പ്രണയ പരമ്പരയാണ് ഏറ്റവുമൊടുവിൽ ഷിജുവിന്റേതായി പ്രക്ഷകരിലേക്കെത്തിയത്. കഴിഞ്ഞയിടയ്ക്കാണ് ആ സീരിയൽ അവസാനിച്ചത്.

കൊല്ലം സ്വദേശിയായ ഷിജു ഇപ്പോൾ എറണാകുളത്താണ് താമസം. എറണാകുളം സെന്റ് ആൽബർട്ട്സ് സ്‍കൂളിലും തിരൂർ എസ്എസ്എം പോളിടെക്നിക് കോളേജിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കുവൈറ്റ് എയർവേയ്‌സിലെ എയർഹോസ്റ്റസും ഭരതനാട്യം നർത്തകിയുമായ പ്രീതി പ്രേമാണ് ഭാര്യ.

ഇതിനിടെ ഒരു വിവാദത്തിലും ഷിജുവിന്റെ പേര് ഉയർന്നു കേട്ടു. നടി രേവതി സമ്പത്താണ് ഷിജു ഉൾപ്പടെ മൂന്ന് പേർക്കെതിരെ ആരോപണം ഉന്നയിച്ചത്. തന്റെ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ, പുതുമുഖങ്ങൾക്ക് ഇത്രയും ധാർഷ്ട്യം പാടില്ല എന്ന് പറഞ്ഞ് തന്നോട് ഷിജു കയർത്തു എന്നായിരുന്നു രേവതിയുടെ ആരോപണം. സംവിധായകൻ രാജേഷ് ടച്ച്‍റിവറിനെ സംരക്ഷിക്കാനായി തന്നെ മോശമായി ചിത്രീകരിക്കാൻ ഷിജു അടക്കമുള്ളവർ ശ്രമിച്ചെന്നും മാനസിക പീഡനത്തിനെതിരെ ശബ്‍ദമുയർത്തിയപ്പോൾ മാപ്പ് പറയാൻ സമ്മർദ്ദം ചെലുത്തിയെന്നും രേവതി ആരോപിച്ചിരുന്നു.

ബി​ഗ് സ്ക്രീനിലും മിനി സ്ക്രീനിലുമൊക്കെ മലയാളികൾ കണ്ടുശീലിച്ച സൗമ്യനായ വ്യക്തിയാണോ യഥാർത്ഥ ജീവിതത്തിലും ഷിജു എന്ന് പ്രേക്ഷകര്‍ക്ക് ബിഗ് ബോസിലൂടെ കാണാം. ജിവിതത്തിലും സീരിയലിലും പ്രണയ നായകനായ ഷിജുവിന് ബി​ഗ് ബോസിലും നിരവധി ആരാധകരുണ്ടാവുമെന്നുറപ്പ്. മൂന്ന് പതിറ്റാണ്ടോട് അടുക്കുന്ന അഭിനയ സപര്യയുടെ കരുത്തും പ്രേക്ഷകപ്രീതിയുമായി ഷിജു എത്തുമ്പോൾ ഇക്കുറി ബി​ഗ് ബോസ് എങ്ങനെയാവും, കാത്തിരുന്ന് കാണാം.

Read More: 'പോർക്കളം'; ഇത് ബിഗ് ബോസ് 5 ഹൗസ്, പ്രത്യേകതകള്‍ ഇങ്ങനെ