ഞായറാഴ്ച വൈകിട്ട് 7 മണിക്കാണ് ആറാം സീസണിന്‍റെ ലോഞ്ച് എപ്പിസോഡ്

മലയാളത്തിലെ ഏറ്റവും ജനപ്രീതി നേടിയ ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം സീസണ്‍ 6 ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഞായറാഴ്ച വൈകിട്ട് 7 മണിക്കാണ് ആറാം സീസണിന്‍റെ ലോഞ്ച് എപ്പിസോഡ്. പോയ അഞ്ച് സീസണുകളിലും അവതാരകനായിരുന്ന മോഹന്‍ലാല്‍ തന്നെയാണ് ഇത്തവണയും ഷോ അവതരിപ്പിക്കുന്നത്. സീസണ്‍ ആരംഭിക്കുന്നതിന് തലേദിവസം പുതിയൊരു പ്രൊമോ വീഡിയോയും ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുണ്ട്.

പതിവിന് വിപരീതമായി കോമണര്‍ മത്സരാര്‍ഥികളെ നേരത്തേ പ്രഖ്യാപിച്ചു എന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. സാധാരണക്കാരുടെ പ്രതിനിധിയായ കോമണര്‍ മത്സരാര്‍ഥി അഞ്ചാം സീസണിലാണ് ബിഗ് ബോസ് മലയാളത്തില്‍ ആരംഭിച്ചത്. ഗോപിക ഗോപി ആയിരുന്നു കഴിഞ്ഞ സീസണിലെ കോമണര്‍. എന്നാല്‍ മറ്റ് മത്സരാര്‍ഥികള്‍ ആരൊക്കെയെന്ന് പ്രഖ്യാപിക്കുന്ന ഉദ്ഘാടന എപ്പിസോഡില്‍ത്തന്നെയാണ് ഗോപികയെയും മോഹന്‍ലാല്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇക്കുറി സീസണ്‍ ആരംഭിക്കുന്നതിന് ഒരാഴ്ച മുന്‍പ് തന്നെ കോമണര്‍ മത്സരാര്‍ഥികളെ പ്രഖ്യാപിച്ചു. കഴിഞ്ഞ തവണ ഒരാള്‍ ആയിരുന്നെങ്കില്‍ ഇക്കുറി അത് രണ്ട് പേരാണ്.

കായികാധ്യാപികയും ബൈക്ക് റൈഡറുമായ റസ്മിന്‍ ബായ്‍, യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന നിഷാനയുമാണ് സീസണ്‍ 6 ല്‍ കോമണര്‍ മത്സരാര്‍ഥികളായി എത്തുന്നത്. ആയിരക്കണക്കിന് അപേക്ഷകരില്‍ നിന്നുമാണ് ബിഗ് ബോസ് ടീം റസ്‍മിന്‍ ബായ്, നിഷാന എന്നിവരെ തെരഞ്ഞെടുത്തിരിക്കുന്നത്. പ്രൊമോ വീഡിയോയിലൂടെയാണ് ഏഷ്യാനെറ്റ് മത്സരാര്‍ഥികളെ അവതരിപ്പിച്ചത്. റൈഡിംഗ് തനിക്ക് ഒരു ഹരമാണെന്ന് പറയുന്നു പ്രസ്തുത വീഡിയോയില്‍ റസ്മിന്‍. എന്നും എപ്പോഴും യാത്ര ചെയ്യാന്‍ കൊതിക്കുന്ന ഒരു ഫ്രീക്കത്തി വീട്ടമ്മയെന്നാണ് നിഷാന സ്വയം വിശേഷിപ്പിക്കുന്നത്. എ ട്രക്കിം​ഗ് ഫ്രീക്കിയെന്ന് അവര്‍ സ്വയം പരിചയപ്പെടുത്തുന്നു. അതേസമയം ബിഗ് ബോസ് ആരാധകരെ സംബന്ധിച്ച് ഇനിയുള്ള മൂന്ന് മാസങ്ങള്‍ ആവേശകരമായ കാഴ്ചകളുടേത് ആയിരിക്കും.

ALSO READ : ഇന്ത്യൻ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്ന്! വിസ്‍മയിപ്പിക്കാന്‍ ബ്ലെസിയും പൃഥ്വിരാജും; 'ആടുജീവിതം' ട്രെയ്‍ലർ

#BBMS6Promo ബിഗ് ബോസ് സീസൺ 6 തുടങ്ങാൻ ഇനി ഒരു ദിവസം മാത്രം