'ഡൂംസ്ഡേ ഫിഷ്' എന്നറിയപ്പെടുന്ന രണ്ട് ഓർഫിഷുകളെ കണ്ടെത്തി. ഭൂകമ്പം പോലുള്ള പ്രകൃതിദുരന്തങ്ങളുടെ മുന്നോടിയായാണ് ഇവ പ്രത്യക്ഷപ്പെടുന്നതെന്ന ഐതിഹ്യങ്ങൾ നിലവിലുണ്ടെങ്കിലും ശാസ്ത്രീയമായി ഇത് സ്ഥിരീകരിച്ചിട്ടില്ല.
മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ കാബോ സാൻ ലൂക്കാസ് ബീച്ചിൽ രണ്ട് ഓർഫിഷുകളെ കണ്ടെത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ആഴക്കടലിൽ മാത്രം കണ്ടുവരുന്ന ഇവയെ 'ഡൂംസ്ഡേ ഫിഷ്' അഥവാ ലോകാവസാനത്തിന്റെ ദുരന്ത മത്സ്യം എന്നിങ്ങനെയാണ് പലരും വിശേഷിപ്പിക്കുന്നത്. കടൽതീരത്ത് തിളങ്ങുന്ന എന്തോ ഒന്ന് കണ്ട രണ്ട് സഹോദരിമാരാണ് ഈ വിചിത്ര മത്സ്യങ്ങളെ ആദ്യം ശ്രദ്ധിച്ചത്.
മോണിക്ക പിറ്റിംഗറും സഹോദരിയും ചേർന്ന് ബീച്ചിൽ നടക്കുമ്പോഴാണ് കരയോട് ചേർന്ന് വെള്ളത്തിൽ തിളങ്ങുന്ന രീതിയിലുള്ള ഈ മത്സ്യങ്ങളെ കണ്ടത്. 3000 അടി താഴ്ചയിൽ കഴിയുന്ന ഇവയെ ആഴം കുറഞ്ഞ ഭാഗത്ത് കണ്ടത് അത്ഭുതപ്പെടുത്തിയെന്ന് മോണിക്ക പറഞ്ഞു. മീനുകളുടെ വേദന കണ്ട് സഹിക്കാനാകാതെ മോണിക്കയുടെ സഹോദരി അവയെ തിരികെ കടലിലേക്ക് വിടാൻ ശ്രമിച്ചു. അങ്ങനെ തള്ളി ഒരെണ്ണത്തെ തിരികെ വിടുമ്പോഴാണ് തൊട്ടപ്പുറത്തായി ഒരു മത്സം കീടി കരയിലേക്ക് അടിഞ്ഞത്. ചുറ്റും നിന്നവരെല്ലാ ഇവ എന്താണെന്ന് തിരിച്ചറിയാത്തതിനാൽ അടുക്കാൻ മടിക്കുകയായിരുന്നു. ആ മത്സ്യത്തെയും ഇരുവരും ചേര്ന്ന് കടലിലേക്ക് തള്ളിവിട്ടു.
ജാപ്പനീസ് ഐതിഹ്യ പ്രകാരം ഭൂകമ്പങ്ങൾക്കും സുനാമികൾക്കും മുൻപ് ഇത്തരം ആഴക്കടൽ ജീവികൾ ഉപരിതലത്തിലേക്ക് വരാറുണ്ട്. ഭൂമിക്കടിയിലെ കമ്പനങ്ങൾ തിരിച്ചറിയാൻ ഇവയ്ക്ക് പ്രത്യേക കഴിവുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ ഇത്തരം മത്സ്യങ്ങൾ കരക്കടിയുന്നതും പ്രകൃതിദുരന്തങ്ങളും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്നതിന് വ്യക്തമായ തെളിവുകളില്ല. എങ്കിലും, അതീവ സെൻസിറ്റീവ് ആയ ഈ ജീവികൾ കടലിനടിയിലെ മാറ്റങ്ങൾ പെട്ടെന്ന് തിരിച്ചറിയാൻ സാധ്യതയുണ്ടെന്ന് ഒരു വിഭാഗം വിശ്വസിക്കുന്നു.


