കോതമംഗലം സ്വദേശിയും മൂന്ന് മക്കളുടെ അമ്മയുമായ നിഷാനയ്ക്ക് യാത്രകള്‍ ജീവിതത്തിന്‍റെ ഭാഗം തന്നെയാണ് ഇപ്പോള്‍

ബിഗ് ബോസ് മലയാളം സീസണ്‍ 6 ന് ഇന്ന് തുടക്കം കുറിക്കുമ്പോള്‍ പല കൗതുകങ്ങളുമുണ്ട്. കോമണര്‍ മത്സരാര്‍ഥികളുടെ കാര്യമാണ് അതില്‍ ഒന്ന്. സീസണ്‍ 5 ലാണ് ബിഗ് ബോസ് മലയാളത്തില്‍ ആദ്യമായി സാധാരണക്കാരുടെ പ്രതിനിധിയായി കോമണര്‍ മത്സരാര്‍ഥി എത്തിയത്. എന്നാല്‍ ഒരാള്‍ മാത്രമായിരുന്നു കഴിഞ്ഞ തവണ. ഗോപിക ഗോപി. എന്നാല്‍ ഇത്തവണ കോമണര്‍മാരായി രണ്ടുപേര്‍ ആണ് എത്തുന്നത്. എ ട്രെക്കിംഗ് ഫ്രീക്കി എന്ന് സ്വയം വിശേഷിപ്പിക്കാറുള്ള നിഷാന എന്‍ ആണ് അത്.

കോതമംഗലം സ്വദേശിയും മൂന്ന് മക്കളുടെ അമ്മയുമായ നിഷാനയ്ക്ക് യാത്രകള്‍ ജീവിതത്തിന്‍റെ ഭാഗം തന്നെയാണ് ഇപ്പോള്‍. യാത്രകള്‍ എന്നും ഹരമായിരുന്ന നിഷാന ആദ്യം ഇവെന്‍റ് പ്ലാനര്‍ എന്ന നിലയിലാണ് ജോലി ചെയ്തിരുന്നത്. ഡെസ്റ്റിനേഷന്‍ വിവാഹങ്ങളിലായിരുന്നു കൂടുതല്‍ ശ്രദ്ധ. എന്നാല്‍ കൊവിഡ് കാലത്ത്, ജീവിതത്തില്‍ ഏറ്റവും താല്‍പര്യം തോന്നുന്ന കാര്യത്തിലേക്ക് പൂര്‍ണ്ണമായും തിരിയണമെന്ന് തോന്നി. അങ്ങനെ യാത്രികയായി മാറി. അങ്ങനെ ബൈക്കില്‍ സോളോ ട്രിപ്പുകള്‍ ആരംഭിച്ചു.

കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലൊക്കെ പോയി. യാത്രാനുഭവങ്ങള്‍ യുട്യൂബിലൂടെ വ്ലോഗുകളായി പങ്കുവച്ചതോടെ നിഷാന പലരുടെയും പ്രചോദനമായി. ഇഷ്ടമുള്ള മേഖലയില്‍ത്തന്നെയാണ് നിഷാന ഇപ്പോള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്. മറ്റുള്ളവര്‍ക്ക് യാത്രക്കാര്‍ക്കായി അവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന ടൂര്‍ പ്ലാനര്‍ ആണ് അവര്‍ ഇപ്പോള്‍. ആദ്യം ഒറ്റയ്ക്ക് പോയിരുന്ന യാത്രകളിലേക്ക് പിന്നീട് സുധി എന്ന സഹയാത്രികന്‍ കൂടി എത്തി. ഇപ്പോള്‍ മീനുക്കുട്ടി എന്നൊരു സഹയാത്രികയും ഒപ്പമുണ്ട്. പ്രഭാകരന്‍ എന്ന് പേരിട്ടിരിക്കുന്ന ബൈക്കും. ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ശ്രദ്ധേയ സാന്നിധ്യമായിരിക്കും നിഷാനയെന്ന് ഉറപ്പാണ്. 

ALSO READ : ഇന്ത്യൻ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്ന്! വിസ്‍മയിപ്പിക്കാന്‍ ബ്ലെസിയും പൃഥ്വിരാജും; 'ആടുജീവിതം' ട്രെയ്‍ലർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം