കഴിഞ്ഞ കുറെ ദിവസങ്ങളായി ബിഗ് ബോസ് വീട്ടിലെ പ്രധാന കണ്ടന്റ് മേക്കേഴ്‌സ് അനുമോളും ജിസേലും ആണ്. ഇരുവർക്കുമിടയിൽ ഉണ്ടാകുന്ന പ്രശ്നത്തിൽ ആരുടെ ഭാഗത്താണ് ന്യായം? ആരാണ് ശരി?
അനീഷിന്റെ പിന്നാലെ അങ്ങനെ ഓടിക്കൊണ്ടിരിക്കുകയായിരുന്നു ബിഗ് ബോസ് വീട്. അനീഷിന്റെ ഒറ്റപ്പെടൽ, അനീഷിന്റെ ബഹളങ്ങൾ,, അനീഷും മറ്റുള്ള മത്സരാർത്ഥികളും തമ്മിലെ തർക്കങ്ങൾ, വാക്കേറ്റങ്ങൾ... അങ്ങനെ ആകെമൊത്തം അനീഷ് നിറഞ്ഞുനിന്ന സമയത്താണ് അത് സംഭവിക്കുന്നത്. ജിസേൽ മേക്കപ്പ് ഇട്ടു! അതും നിരന്തരമായ ബിഗ് ബോസിന്റെ മുന്നറിയിപ്പുകൾ അവഗണിച്ച്. വീട്ടിലെ ആരും അത് കാര്യമായി എടുക്കുകയോ വേണ്ട രീതിയിൽ ചോദ്യം ചെയ്യുകയോ ചെയ്തില്ല, ഒരാളൊഴികെ. അത് അനുമോൾ ആയിരുന്നു.

കഴിഞ്ഞ കുറെ ദിവസങ്ങളായി ബിഗ് ബോസ് വീട്ടിലെ പ്രധാന കണ്ടന്റ് മേക്കേഴ്‌സ് അനുമോളും ജിസേലും ആണ്. ഇരുവർക്കുമിടയിൽ ഉണ്ടാകുന്ന പ്രശ്നത്തിൽ ആരുടെ ഭാഗത്താണ് ന്യായം? ആരാണ് ശരി?

പ്രശ്നത്തിന്റെ തുടക്കം നേരത്തെ പറഞ്ഞതുപോലെ മേക്കപ്പ് ആണ്. വീട്ടിലെ എല്ലാ സ്ത്രീകൾക്കും മേക്കപ്പ് ഉപയോഗിക്കാൻ കഴിയാത്തതിൽ വലിയ പ്രശ്നമുണ്ട്. അതിനെ ബാലൻസ് ചെയ്യാൻ ഉപ്പും ബീറ്റ്‌റൂട്ടും ഉരുളക്കിഴങ്ങും ഒക്കെ അവർ ഉപയോഗിക്കുന്നുമുണ്ട്. പക്ഷേ ജിസേലിന് മാത്രം എവിടെനിന്നാണ് സൺസ്‌ക്രീനും ഫൗണ്ടേഷനും ടിന്റഡ് മോയിസ്ചറൈസറും എല്ലാം കിട്ടുന്നത്? ഇതാണ് ചോദ്യം. എന്നാൽ ഈ ചോദ്യം ജിസേലിനോട് ചോദിയ്ക്കാൻ വീട്ടിലെ ആരും തയാറല്ല. അനുമോൾ മാത്രം അത് നിരന്തരം ചോദിച്ചുകൊണ്ടിരുന്നു. ജിസേൽ ആ ചോദ്യങ്ങളെ നേരിട്ടത് അനുമോൾക്ക് തന്നോട് കുശുമ്പാണ് എന്ന മറുപടികൊണ്ടാണ്. വളരെ ന്യായമായ ഒരു വിഷയത്തിൽ തനിക്കൊപ്പം ആരും നിൽക്കുന്നില്ലെന്ന് കണ്ടതോടെ സ്വതവേതന്നെ ഇമോഷണൽ ആയ അനുമോൾക്ക് അത് നിയന്ത്രിക്കാൻ കഴിയാതെ വരുന്നതും പലപ്പോഴായി പൊട്ടിക്കരയുന്നതുമാണ് പ്രേക്ഷകർ കണ്ടത്.

ഇനി നമുക്ക് ജിസേൽ ചെയ്യുന്ന കാര്യത്തിലേക്ക് കടക്കാം. കൃത്യമായ നിയമലംഘനമാണ് ജിസേൽ വീട്ടിൽ നടത്തിക്കൊണ്ടിരിക്കുന്നത്. അനുവദനീയമല്ലാത്ത കാര്യങ്ങൾ തുടർച്ചയായി ജിസേൽ ചെയ്യുന്നുണ്ട്. അതിനെ തന്റെ ഗെയിം എന്ന നിലയിലാണ് ജിസേൽ വാദിക്കുന്നത്. അങ്ങനെയാണെങ്കിൽ അതിനെ എക്സ്പോസ് ചെയ്യാനുള്ള അനുവിന്റെ ശ്രമത്തെയും ഗെയിം ആയി കാണേണ്ട കാര്യമുണ്ടല്ലോ. പക്ഷേ തനിക്കെതിരെ വരുന്ന എന്തിനെയും ജിസേൽ വളരെ വ്യക്തിപരമായാണ് ഡീൽ ചെയ്യാറ്. തനിക്കൊപ്പം നിൽക്കുന്നവർ എല്ലാ കാര്യത്തിലും തനിക്കൊപ്പം നിൽക്കണം എന്നതാണ് ജിസേലിന്റെ നിലപാട്. കഴിഞ്ഞ ദിവസം ജയിൽ ടാസ്കിൽ അനുവിനെ പിന്തുണച്ച ആര്യനോടുപോലും ജിസേൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. അത്തരത്തിൽ വീട്ടിലെ ഒരുവിധപ്പെട്ട എല്ലാവരുടെയും മുകളിൽ ഒരു അധികാരം സ്ഥാപിക്കാൻ ജിസേലിന് കഴിഞ്ഞിട്ടുണ്ട്. ഇതുതന്നെയാണ് അനുമോളെ ചൊടിപ്പിക്കുന്നതും.

എന്തുകൊണ്ടാണ് മറ്റുള്ള എല്ലാ വിഷയത്തിലും ഇടപെടുകയും ചോദ്യം ചോദിക്കുകയും ചെയ്യുന്നവർ ജിസേലിനെതിരെ ശബ്ദം ഉയർത്താത്തത് എന്ന ചോദ്യമാണ് അനുമോൾ നിരന്തരം ചോദിക്കുന്നത്. എന്നാലിത് വീട്ടിലെ മറ്റുള്ളവരോട് പരസ്യമായി ചോദിയ്ക്കാൻ അനുമോൾക്ക് കഴിയുന്നില്ല. പകരം തന്റെ വീട്ടിലെ സുഹൃത്തായ ശൈത്യയുമായാണ് ഇക്കാര്യങ്ങൾ പങ്കുവയ്ക്കുന്നത്. പെട്ടന്ന് ഇമോഷണൽ ആവുന്നു എന്നതാണ് അനുമോളുടെ മറ്റൊരു നെഗറ്റീവ്. കൂടാതെ കാര്യങ്ങൾ സംസാരിച്ച് ഫലിപ്പിക്കാൻ കഴിയാതെ പോകുന്നതും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ കരയുന്നതുമൊക്കെ ഈ വിഷയത്തിൽ അനുവിന് തിരിച്ചടികളാകുന്നുണ്ട്. ജിസേലാകട്ടെ എങ്ങനെയാണ് അനുവിനെ പ്രകോപിപ്പിച്ച് വിഷയം വഴിതിരിച്ച് വിടേണ്ടത് എന്ന കാര്യത്തിൽ ധാരണയോടെയാണ് കളിക്കുന്നതും. മലയാളം നന്നായി അറിയാത്തപ്പോൾ പോലും കൃത്യമായ പോയിന്റുകൾ പറഞ്ഞ് തന്റെ ഭാഗം സമർത്ഥിക്കാൻ ജിസേലിനുള്ള കഴിവും പ്രധാനമാണ്. ഇതും ഈ വിഷയത്തിൽ അനുവിന്റെ ഭാഗത്ത് ന്യായം ഉണ്ടായിട്ടും അവർക്കത് സ്ഥാപിക്കാനാകാതെ പോകുന്നതിന് കാരണമാകുന്നു.

കഴിഞ്ഞ ദിവസംപോലും ചപ്പാത്തി എടുത്തതുകൊണ്ട് അനു കള്ളിയാണ് എന്ന് ജിസേൽ ആരോപിച്ചപ്പോൾ അത് കള്ളമാണ് എന്ന് തെളിയിക്കാനോ അങ്ങനെയെങ്കിൽ ആര്യൻ അറിയാതെ ആര്യന്റെ സാധനങ്ങൾ എടുത്ത ജിസേലും കള്ളത്തരമാണ് കാണിച്ചതെന്ന് പറയാനോ ഉള്ള അവസരമാണ് അനുവിന്റെ വൈകാരികമായ പക്വതക്കുറവ് കാരണം ഇല്ലാതായത്. വീട്ടിൽ ഏറെക്കുറേ ആക്റ്റീവ് ആയി കാര്യങ്ങളിൽ ഇടപെട്ടിട്ടുപോലും അനുവിനെ സേഫ് ഗെയ്മർ എന്ന് പലരും ആരോപിക്കുന്നതിനെയും അനു വളരെ വൈകാരികമായിത്തന്നെയാണ് കാണുന്നത്. താൻ വീട്ടിൽ ഒറ്റപ്പെടുകയാണെന്ന് അനു കരുതുന്നുണ്ട്. ജിസേലുമായുള്ള പ്രശ്നം കൂടിയായതോടെ ഈ തോന്നൽ കൂടുന്നുമുണ്ട്. ശൈത്യ മാത്രമാണ് അനുവിന്റെ വീട്ടിലെ സുഹൃത്ത്. ഈ വീക്കെൻഡ് എപ്പിസോഡിൽ പുറത്താകുന്നത് ശൈത്യ ആണെങ്കിൽ അത് അനുവിനെ ഇമോഷണലി കൂടുതൽ വീക്ക് ആക്കിയേക്കും. അങ്ങനെയെങ്കിൽ അനുവിനെ തന്റെ എതിരാളിയായി കണ്ടുകഴിഞ്ഞ ജിസേലിന്റെ തന്ത്രങ്ങൾക്കുമുന്നിൽ ഒറ്റയ്ക്ക് പിടിച്ചുനിൽക്കാൻ അനുവിന് കഴിയുമോ എന്നാണ് അറിയേണ്ടത്. ഇനിയെങ്കിലും ഇമോഷണലി കൂടുതൽ സ്ട്രോങ്ങ് ആയി ഗെയിം കളിക്കാനായില്ലെങ്കിൽ അനുവിന് ലഭിക്കുന്ന പിന്തുണയും കുറയാൻ ഇടയാകും.

ജിസേലിനെ സംബന്ധിച്ച് അവർ വീട്ടിലെ ഏറ്റവും മികച്ച ഗെയ്മർമാരിൽ ഒരാളാണ്. നിലവിൽ അനുവിനെയാണ് ജിസേൽ ഓപ്പോസിറ്റ് നിർത്തിയിരിക്കുന്നത്. വീട്ടിലെ ഭൂരിഭാഗം ആളുകളുടെയും പിന്തുണയുള്ളതും ജിസേലിന് ഗുണമാണ്. ഇമോഷണലി താരതമ്യേന ദുർബലയായ അനുവുമായുള്ള പോരാട്ടത്തിൽ ജിസേലിന് മേൽക്കൈ ലഭിക്കാനും സാധ്യതയുണ്ട്. എന്തായാലും അനുമോൾ v/s ജിസേൽ എന്ന ഈ ഫൈറ്റിൽ മോഹൻലാലിന്റെ നിലപാട് എന്തായിരിക്കും എന്നത് ഏറെ നിർണ്ണായകമാകും.



