കുങ്കുമപ്പൂവിലെ രുദ്രൻ എന്ന വില്ലൻ, സീതയിലെ ഇന്ദ്രൻ എന്ന പ്രണയമുഖം; ബിഗ് ബോസിൽ നിറഞ്ഞു നിൽക്കുമോ ഷാനവാസ്?
മലയാള ടെലിവിഷൻ പ്രേക്ഷകർക്കും അല്ലാത്തവർക്കും ഏറെ സുപരിചിതമായ മുഖം. അതാണ് ഷാനവാസ് ഷാനു എന്ന താരം. ഈ ഒരു ഖ്യാതിയോടെയാണ് ഷാനവാസ് ബിഗ് ബോസ് മലയാളം സീസൺ 7ലേക്ക് ചുവടെടുത്ത് വയ്ക്കുന്നതും. ഒരു ബിഗ് ബോസ് മെറ്റീരിയലാകാൻ സാധ്യതയുള്ളൊരു മത്സരാർത്ഥി കൂടിയാണ് ഷാനവാസ് എന്നാണ് കരുതപ്പെടുന്നതും.
മലപ്പുറം മഞ്ചേരി സ്വദേശിയാണ് ഷാനവാസ് ഷാനു. മലപ്പുറം എൻഎൻഎസ് കോളേജിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഷാനവാസിന് അഭിനയത്തോട് എറെ താല്പര്യമുണ്ടായിരുന്നു. 2007ൽ ദിലീപ് നായകനായി റിലീസ് ചെയ്ത സ്പീഡ് എന്ന ചിത്രത്തിലൂടെയാണ് ഷാനവാസ് ആദ്യമായി അഭിനയ രംഗത്തേക്ക് എത്തുന്നത്. ശേഷം താളം എന്ന സിനിമയിലും അഭിനയിച്ച ഷാനവാസ് 2010ൽ ഇന്ദ്രനീലം എന്ന പരമ്പരയിലൂടെ മിനിസ്ക്രീനിൽ എത്തി. നടി നിത്യാദാസിന് ഒപ്പമായിരുന്നു തുടക്കം.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‍തിരുന്ന സൂപ്പർ ഹിറ്റ് സീരിയൽ കുങ്കുമപ്പൂവിലെ രുദ്രൻ എന്ന വില്ലൻ വേഷം ഷാനവാസിന്റെ കരിയർ മാറ്റി മറിച്ചു. നെഗറ്റീവ് റോളാണെങ്കിലും ഷാനവാസിന്റെ മുഖം പ്രേക്ഷകരുടെ മനസിൽ ഊട്ടി ഉറപ്പിക്കാൻ ഈ കഥാപാത്രത്തിനായി. 2017 മുതൽ 2019 വരെ സംപ്രേഷണം ചെയ്തിരുന്ന സീത എന്ന സീരിയലിലെ ഇന്ദ്രൻ എന്ന വേഷം വീണ്ടും ശ്രദ്ധിക്കപ്പെട്ടു. അതും നടനായി. നടി സ്വാസികയുമായുള്ള ഷാനവാസിന്റെ കെമിസ്ട്രിയും ഏറെ ചർച്ചയായി മാറിയിരുന്നു. ഈ കോമ്പോയ്ക്ക് പ്രത്യേക ഫാൻ ബേയ്സും ഉണ്ടായി. യുവ പ്രേക്ഷകർക്കിടയിൽ ശ്രദ്ധപിടിച്ചു പറ്റി. സോഷ്യൽ മീഡിയകളിൽ ഈ ജോഡിയെ 'സീതേന്ദ്രിയം' എന്നാണ് അറിയപ്പെട്ടത്. 2018ൽ പൊലീസ് ജൂനിയർ എന്ന മലയാള ചിത്രത്തിലൂടെ നായക കഥാപാത്രമായും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. അല്ലിയാമ്പൽ, താമരത്തുമ്പി എന്നീ ടെലിവിഷൻ പരമ്പരകളിൽ ഷാനവാസ് അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്കും സീരിയലിനും പുറമെ വിവിധ ടിവി ഷോകളിലും ഷാനവാസ് എത്തിയിട്ടുണ്ട്.
മിനിസ്ക്രീനിലൂടെ വൻ ആരാധകവൃന്ദം സ്വന്തമാക്കിയാണ് ഷാനവാസ് ഷാനു ബിഗ് ബോസ് മലയാളം സീസൺ 7ൽ എത്തുന്നത്. അതുകൊണ്ട് തന്നെ വോട്ടിന്റെ കാര്യത്തിൽ ഷാനവാസിന് ഭയമുണ്ടാകാൻ സാധ്യതയില്ല. പൊതുവിലുള്ള വിവരം വച്ച് ഫിസിക്കലിയും മെന്റലിയും സ്ട്രോങ് ആയ വ്യക്തിയാണ് ഷാനവാസ്. ടാസ്കുകളിൽ കസറാനും സാധ്യതയേറെയാണ്. മറ്റ് പ്രകടനങ്ങളും മികച്ചതായാൽ ഒരു ഹീറോ പരിവേഷം കിട്ടാൻ സാധ്യതയുള്ള ആളുകൂടിയാണ് ഷാനവാസ് ഷാനു. മുന്നോട്ടുള്ള താരത്തിന്റെ പോക്ക് എങ്ങനെയെന്ന് കാത്തിരുന്ന് കാണാം.
