ഗീതുവിലൂടെയാണ് മലയാളികൾക്ക് ബിന്നി ഏറെ സുപരിചിതയും പ്രിയങ്കരിയും ആകുന്നത്.

എല്ലാ ബിഗ് ബോസ് മലയാളം സീസണുകളിലും സീരിയൽ മേഖലയിൽ നിന്നും ഒന്നിൽ കൂടുതൽ പേർ മത്സരാർത്ഥികളായി എത്താറുണ്ട്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതർ ആയതുകൊണ്ടു തന്നെ ഇവരെ പ്രത്യേകം പരിചപ്പെടുത്തേണ്ട കാര്യമില്ല. അത്തരത്തിലൊരാൾ ബിഗ് ബോസ് മലയാളം സീസൺ 7ലും എത്തുകയാണ്. പേര് ബിന്നി സെബാസ്റ്റ്യൻ. ഏഷ്യാനെറ്റിലെ റൊമാറ്റിക് സീരിയലായ ഗീതാഗേവിന്ദം താരമാണ് ബിന്നി.

2023ൽ സംപ്രേക്ഷണം ആരംഭിച്ച സീരിയലാണ് ഗീതാഗോവിന്ദം. ഗോവിന്ദ് മാധവന്റെയും ഗീതുവിന്റെയും കഥ പറഞ്ഞ സീരിയലിന് പ്രേക്ഷകർ ഏറെയാണ്. ഇതിൽ ഗോവിന്ദ് ആയി സാജൻ സൂര്യ എത്തിയപ്പോൾ ഗീതുവായി വേഷമിടുന്നത് ബിന്നി സെബാസ്റ്റ്യനാണ്. ഗീതുവിലൂടെയാണ് മലയാളികൾക്ക് ബിന്നി ഏറെ സുപരിചിതയും പ്രിയങ്കരിയും ആകുന്നത്.

കോട്ടയം ചങ്ങനാശേരി സ്വദേശിനിയാണ് ബിന്നി സെബാസ്റ്റ്യൻ. ഒരു ഡോക്ടർ കൂടിയായ ഇവർ ജോലിയിൽ നിന്നും ബ്രേക്കെടുത്താണ് അഭിനയത്തിലേക്ക് കടന്നത്. തോപ്പിൽ ജോപ്പൻ എന്ന മമ്മൂട്ടി ചിത്രത്തിലും ബിന്നി ഒരു വേഷം ചെയ്‍തിട്ടുണ്ട്. നടൻ നൂബിൻ ജോണിയാണ് ബിന്നിയുടെ ഭർത്താവ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന കുടുംബവിളക്ക് സീരിയൽ താരമാണ് നൂബിൻ. ഏഴ് വർഷത്തെ പ്രണയത്തിന് ഒടുവിൽ 2022 ഓഗസ്റ്റിൽ ആയിരുന്നു ബിന്നിയുടേയും നൂബിന്റെയും വിവാഹം. ഇടുക്കി ജില്ലയിലെ രാജാക്കാട് സ്വദേശിയായ നൂബിൻ മോഡലിങ്ങിലൂടെ ആയിരുന്നു അഭിനയരംഗത്തേക്ക് എത്തിയത്.

ആകെമൊത്തത്തിൽ ഗീതാഗോവിന്ദം സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ബിന്നി സെബാസ്റ്റ്യന് ബിഗ് ബോസിൽ വോട്ടുകൾ കിട്ടാൻ സാധ്യതയേറെയാണ്. ഒപ്പം നൂബിന്റെ ആരാധകരും ബിന്നിയ്ക്ക് അനുകൂലമായി നിൽക്കുമെന്നാണ് കരുതപ്പെടുന്നത്. മികച്ച പ്രകടനവും ടാസ്കിൽ മികവും പുലർത്തുകയാണെങ്കിൽ ഭേദപ്പെട്ട രീതിയിൽ തന്നെ ബിന്നി സെബാസ്റ്റ്യന് ബിഗ് ബോസ് മലയാളം സീസൺ 7ൽ തുടരാനാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക