ആലപ്പുഴക്കാരിയാണ് ജിസേലിന്‍റെ അമ്മ
ബിഗ് ബോസ് മലയാളം മുന്‍ സീസണുകളിലൊന്നും സംഭവിച്ചിട്ടില്ലാത്ത ഒരു എന്‍ട്രി ഇത്തവണത്തെ ഏഴാം സീസണില്‍ ഉണ്ട്. മറ്റൊരു ഭാഷയിലെ ബിഗ് ബോസ് ഷോയില്‍ മത്സരാര്‍ഥിയായി ഉണ്ടായിരുന്ന ഒരാളുടെ സാന്നിധ്യമാണ് ഇത്. ജിസേല്‍ തക്രാള്‍ എന്നയാളാണ് അത്. മോഡല്‍, നടി, സംരംഭക എന്ന നിലയിലൊക്കെ പ്രവര്‍ത്തിക്കുകയും വിജയം നേടുകയും ചെയ്തിട്ടുള്ള ജിസേലിന്‍റെ അമ്മ മലയാളിയും അച്ഛന്‍ പഞ്ചാബിയും ആണ്.
ആലപ്പുഴക്കാരിയാണ് ജിസേലിന്‍റെ അമ്മ. കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ അച്ഛന്‍ മരിച്ചുവെന്നും വല്യമ്മയും അമ്മയുമാണ് പിന്നീട് വളര്‍ത്തിയതെന്നും ജിസേല്‍ പറയുന്നു. ജനിച്ചതും വളര്‍ന്നതുമൊക്കെ ഉത്തരേന്ത്യയിലാണ്. ഇപ്പോള്‍ മുംബൈയിലാണ് താമസം. എവിടെ പോയാലും തന്‍റെ മനസും ഹൃദയവുമൊക്കെ മലയാളിയുടേത് തന്നെയാണെന്ന് പറയുന്നു ജിസേല്‍. കേരളത്തില്‍ നിന്ന് ജീവിത പങ്കാളിയെ കിട്ടിയാല്‍ ഇവിടെ സെറ്റില്‍ഡ് ആവണമെന്ന ആഗ്രഹവുമുണ്ട് ഇവര്‍ക്ക്.
പതിനാലാം വയസില്‍ മോഡലിംഗ് കരിയര്‍ ആരംഭിച്ച ആളാണ് ജിസേല്‍. ഒരു മോഡലിംഗ് കോമ്പറ്റീഷനിലെ ടോപ്പ് 5 സ്ഥാനത്ത് എത്തിയ ജിസേല്‍ മിസ് ബെസ്റ്റ് ബോഡി, മിസ് പൊട്ടന്‍ഷ്യല്‍ എന്നീ ടൈറ്റിലുകള്‍ നേടിയിരുന്നു. കൗമാരകാലത്തുതന്നെ മിസ് രാജസ്ഥാന്‍ ടൈറ്റിലും നേടി. 2011 ലെ കിംഗ്ഫിഷര്‍ കലണ്ടറില്‍ ഇടംപിടിച്ച ജിസേല്‍ തുര്‍ക്കിയില്‍ നടന്ന ഫോര്‍ഡ് മോഡല്‍സ് സൂപ്പര്‍മോഡല്‍ ഓഫ് ദി വേള്‍ഡില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചും പങ്കെടുത്തിട്ടുണ്ട്.
സല്‍മാന്‍ ഖാന്‍ അവതാരകനായ ബിഗ് ബോസ് ഹിന്ദി സീസണ്‍ 9 ഉള്‍പ്പെടെ നിരവധി റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട് ജിസേല്‍. സര്‍വൈവല്‍ ഇന്ത്യ, കുക്കിംഗ് റിയാലിറ്റി ഷോ ആയ വെല്‍ക്കം- ബാസി മെഹ്‍മാന്‍ നവാസി കി തുടങ്ങിയവയിലൊക്കെ മത്സരാര്‍ഥിയായി എത്തിയിട്ടുണ്ട് ജിസേല്‍.
ക്യാ കൂള്‍ ഹേ ഹം 3 എന്ന ബോളിവുഡ് ചിത്രത്തിലൂടെ ബിഗ് സ്ക്രീനില്‍ അഭിനേതാവായും അരങ്ങേറ്റം കുറിച്ചു ഇവര്‍. മസ്തിസാഡേ, ദി ഗ്രേറ്റ് ഇന്ത്യന്‍ കാസിനോ എന്നീ ഹിന്ദി ചിത്രങ്ങളിലും ജിസേല്‍ അഭിനയിച്ചിട്ടുണ്ട്. സീസണ്‍ 7 ലെ ഗ്ലാമര്‍ സാന്നിധ്യമാണ് ജിസേല്‍ തക്രാള്‍. സംസാരിച്ച് സ്വന്തം നിലപാട് പറയുകയും വാക്കുതര്‍ക്കങ്ങളില്‍ ജയിക്കേണ്ടുന്നതുമായ ഇടം കൂടിയാണ് ബിഗ് ബോസ്. അവിടെ ജിസേലിന് എത്രത്തോളം മുന്നോട്ട് പോകാനാവുമെന്ന് കണ്ടറിയാം.

