പരിഹാസങ്ങളും തളർത്താനുള്ള വാക്കുകളും വേണ്ട, അഭിശ്രീയ്ക്ക് അതൊന്നും ഏൽക്കില്ല.

സോഷ്യൽ മീഡിയ താരങ്ങൾ എല്ലാ സീസണുകളിലും ബിഗ് ബോസിൽ എത്താറുണ്ട്. ബിഗ് ബോസിൽ ഏറെയും അത്തരത്തിലുള്ള മത്സരാർത്ഥികളാണ് ഉള്ളതും. ആ കൂട്ടത്തിലേക്ക് പുതിയ എൻട്രിയായി എത്തുകയാണ് അഭിശ്രീ എന്ന അഭിലാഷ്. ഭാര്യ ശ്രീകുട്ടിയുടേയും അഭിലാഷിന്റെയും പേരുകൾ തമ്മിൽ ചേർത്താണ് അഭിശ്രീ എന്ന പേര് വന്നിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലും യുട്യൂബിലും ഇതേ പേരിൽ തന്നെയാണ് ഇവർ അറിയപ്പെടുന്നതും.

ടിക് ടോക്കിലൂടെ സോഷ്യൽ മീഡിയയിൽ ചുവടുവച്ച ആളാണ് അഭിലാഷ്. ഇന്ന് യുട്യൂബിൽ ഒൻപത് ലക്ഷത്തി ഇരുപത്തി നാലായിരം സബ്സ്ക്രൈബേഴ്സുണ്ട് ഇദ്ദേഹത്തിന്. ഡാൻസ് ആണ് അഭിശ്രീയുടെ പ്രധാന ഏരിയ. സോഷ്യൽ മീഡിയയാണ് അഭിലാഷിന്റെ പ്രധാന തട്ടകം. എങ്കിലും ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് കൂടുതൽ ശ്രദ്ധേയനാകുന്നത്. കാലിന് സ്വാധീനം ഇല്ലെങ്കിലും അതിനെ ഒരു കുറവായി കാണാതെ മികച്ച രീതിയിൽ ഡാൻസ് അവതരിപ്പിച്ച് മുന്നേറിയ അഭിലാഷ് ഏറെ കയ്യടികൾ നേടിയിരുന്നു.

ജനിച്ചപ്പോഴേ കാലിന് പ്രശ്നം ഉണ്ടായിരുന്ന ആളാണ് അഭിലാഷ്. ഇതിന്റെ പേരിൽ സ്കൂൾ കാലഘട്ടത്തിലെല്ലാം ഒരുപാട് പരിഹാസങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് അഭിലാഷിന്. ഒരിക്കൽ സ്കൂൾ യുവജനോത്സവത്തിൽ പങ്കെടുക്കവെ കാല് വഴുതി അഭിലാഷ് വീണു. ഇത് കണ്ട് എല്ലാവരും ചിരിച്ചത് ആ കുഞ്ഞ് മനസിനെ വല്ലാതെ വേദനിപ്പിച്ചു. മറ്റുള്ളവർ പരിഹസച്ചതിനെക്കാൾ 'പറ്റുന്ന പണിക്ക് പോയാൽ പോരെ', എന്ന ടീച്ചറുടെ വാക്കായിരുന്നു. പിന്നീടും ഒട്ടനവധി പരിഹാസങ്ങൾ നേരിടേണ്ടി വന്ന അഭിലാഷ് അവയെ കരുത്തായി ഏറ്റെടുത്തു. ജീവിതത്തിൽ വന്ന ഓരോ പ്രതിസന്ധിയേയും അവൻ തരണം ചെയ്ത് മുന്നേറി.

അഭിലാഷിന്റെ കുറവുകളൊന്നും തന്നെ നോക്കാതെ ഒപ്പം കൂടിയ ആളായിരുന്നു ശ്രീക്കുട്ടി. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിൽ, വീട്ടിലെ എതിർപ്പുകളെല്ലാം തരണം ചെയ്ത് ഇരുവരും ജീവിതത്തിൽ ഒന്നിച്ചു. ഇതിന്റെ പേരിൽ ട്രോളുകളും വിമർശനങ്ങളും വന്നു. എന്നിട്ടും അവയൊന്നും കാര്യമാക്കാതെ ശ്രീക്കുട്ടിയും അഭിലാഷും പൊരുതി. ഇന്ന് സോഷ്യൽ മീഡിയയിലെ പ്രിയതാര ദമ്പതികളായി അവർ മാറി. വ്ലോഗറും ഇൻഫ്ലുവൻസറും ഒക്കെയായ അഭിലാഷ് ഇന്ന് ഒരു അഭിനേതാവ് കൂടിയാണ്. രണ്ട് സീരിയലുകളിൽ അഭിലാഷ് ഇതിനകം അഭിനയിച്ചും കഴിഞ്ഞു.

ഒരു ബിഗ് ബോസ് മത്സരാർത്ഥിക്ക് വേണ്ട ഗുണങ്ങളിൽ ഒന്ന് പ്രതിസന്ധികളെ തരണം ചെയ്യുക എന്നതാണ്. കുട്ടിക്കാലം മുതൽ ഒട്ടനവധി പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് വന്ന അഭിലാഷിന് അതിന് സാധിക്കും എന്ന് നൂറ് ശതമാനം ഉറപ്പാണ്. പരിഹാസങ്ങളും തളർത്താനുള്ള വാക്കുകളും എവിടെ നിന്ന് വന്നാലും അഭിലാഷിന് പിടിച്ചു നിൽക്കാനാകും. ഒപ്പം പ്രേക്ഷക പിന്തുണയും ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഇന്നു മുതൽ മുന്നോട്ടുള്ള ഓരോ ദിവസവും അഭിലാഷിന്റെ ബിഗ് ബോസ് ജീവിതം എങ്ങനെയാകുമെന്ന് കാത്തിരുന്ന് കാണാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക