മുൻഷിയിലെ ബാർബർ ഭാഗ്യം നടൻ എന്ന നിലയിലും ടെലിവിഷൻ ഫിഗർ എന്ന നിലയിലും രഞ്ജിത്തിനെ അടയാളപ്പെടുത്തി

സിനിമ- ടെലിവിഷൻ മേഖലയിൽ സജീവ സാന്നിധ്യമാണ് രഞ്ജിത് മുൻഷി. 1993ൽ വർണ്ണച്ചിറകുകൾ എന്ന സിനിമയിൽ അരങ്ങേറിയതു മുതൽ സിനിമയിലും ടെലിവിഷനിലുമായി രഞ്ജിത് ഉണ്ട്. വംശം എന്ന ദൂരദർശൻ സീരിയലിലൂടെയാണ് ടെലിവിഷനിലെ തുടക്കം. നിരവധി ടെലിവിഷൻ സീരിയലുകളുടെ ഭാഗമായെങ്കിലും ഏഷ്യാനെറ്റ് ന്യൂസിലെ മുൻഷി എന്ന ജനപ്രിയ രാഷ്ട്രീയ- സാമൂഹിക ആക്ഷേപഹാസ്യ പരിപാടിയാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. മുൻഷിയിലെ ബാർബർ ഭാഗ്യം നടൻ എന്ന നിലയിലും ടെലിവിഷൻ ഫിഗർ എന്ന നിലയിലും രഞ്ജിത്തിനെ അടയാളപ്പെടുത്തി. മുൻഷിയുടെ ജനപ്രീതി തന്നെയാണ് മുൻഷി രഞ്ജിത് എന്ന പേര് അദ്ദേഹത്തിനു നേടിക്കൊടുത്തതും.

കൊല്ലം കരുനാഗപ്പള്ളിയിൽ ജനിച്ച രഞ്ജിത് ശാസ്താംകോട്ടയിലെ ഡിബി കോളേജിൽ നിന്ന് പ്രീഡിഗ്രി പൂർത്തിയാക്കിയ രഞ്ജിത്ത്, പിന്നീട് എംജി യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി. മേഘം എന്ന ടെലിവിഷൻ സീരിയലാണ് മുൻഷി കഴിഞ്ഞാൽ രഞ്ജിത്തിന് അഭിനന്ദനങ്ങൾ നേടിക്കൊടുത്തത്. താരോത്സവം, നക്ഷത്രദീപങ്ങൾ തുടങ്ങിയ ടെലിവിഷൻ ഷോകളിലും ഭാഗമായി. കോമഡിയും സ്വഭാവ റോളുകളും ഒരുപോലെ വഴങ്ങുമെന്നതും അദ്ദേഹത്തിൻ്റെ പ്രത്യേകതയാണ്. മോനായി അങ്ങനെ ആനയായി, മിൻസ്റ്റർ ബീൻ- ദി ലാസ്റ്റ് റയറ്റ്, നാടകമേ ഉലകം, നോട്ട് ഔട്ട്, രഘുവിൻ്റെ സ്വന്തം റസിയ, പത്തൊമ്പതാം നൂറ്റാണ്ട് എന്നിവ രഞ്ജിത്തിൻ്റെ ശ്രദ്ധേയമായ സിനിമകളിൽ ചിലതാണ്. അനൂപ മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ രവീന്ദ്രാ നീ എവിടെയാണ് രഞ്ജിത് അഭിനയിച്ച് അവസാനം തിയേറ്ററുകളിൽ എത്തിയ ചിത്രം.

ബിഗ് ബോസിലേയ്ക്ക് തന്നെ ക്ഷണിച്ചിരുന്നതായി രഞ്ജിത് മുമ്പും വെളിപ്പെടുത്തിയിട്ടുണ്ട്. പതിറ്റാണ്ടുകളായി സജീവമാണെന്ന് പറയുമ്പോഴും ടെലിവിഷനിലോ പൊതുവേദികളിലോ അഭിപ്രായങ്ങൾ അറിയിച്ച് എത്തിയിട്ടുള്ളയാളല്ല രഞ്ജിത് മുൻഷി. അതിനൊരു വേദിയായി വേണം ബിഗ് ബോസിനെ ഉപയോഗിക്കാൻ എന്നതുകൊണ്ടും തയ്യാറെടുപ്പുകൾ വേണ്ടതുകൊണ്ടുമാണ് അന്ന് താനില്ലെന്ന് വ്യക്തമാക്കിയതെന്നും രഞ്ജിത് പറഞ്ഞിട്ടുണ്ട്. രഞ്ജിത് മുൻഷിക്ക് പറയാനും പ്രേക്ഷകനെ അറിയിക്കാനും ചിലതുണ്ടെന്നത് തീർച്ചയാണ്. അങ്ങനെയെങ്കിൽ ഈ വരവ് ബിഗ് ബോസ് അരച്ചു കലക്കി പഠിച്ചാകുമോ? തയ്യാറെടുപ്പുകൾ ഉണ്ടെന്നത് വ്യക്തമാണെന്നിരിക്കെ രഞ്ജിത്തിൻ്റെ കളി കാര്യമാണ്.

Asianet News Live | Malayalam News Live | Kerala News | Live Breaking News | MK Sanu | Kerala Nuns